പാക്കിസ്ഥാനില്‍ ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂര മര്‍ദനം; വീട്ടുജോലി ചെയ്യുന്ന ബാലികക്ക് ദാരുണാന്ത്യം
റാവല്‍പിണ്ടി:പാക്കിസ്ഥാനില്‍ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് 13 കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് ദാരുണമായ സംഭവം നടന്നത്. വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു എന്നാണ് പൊലീസ് റിപ്പോർട്ട്. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
റാഷിദ് ഷഫീഖും ഭാര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്റ എന്ന 13 കാരി വീട്ടുജോലി ചെയ്തു വന്നിരുന്നത്. ഇവരുടെ വീട്ടിലെ ഖുര്‍ആന്‍ അധ്യാപകനാണ് അവശനിലയില്‍ കണ്ട ഇഖ്റയെ ആശുപത്രിയില്‍ എത്തിച്ചത്. റാഷിദ് ഷഫീഖിനെയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. കയ്യിലും കാലിലും ഒന്നിലധികം മുറിവുകളുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനു മുമ്പും പലതവണ ഇഖ്റ ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നാണ് ശരീരത്തിലെ മുറിവുകളില്‍ നിന്ന് മനസിലാവുന്നതെന്നും പൊലീസ് പറഞ്ഞു.
എട്ടുവയസ് മുതല്‍ ഇഖ്റ വീട്ടുജോലി ചെയ്താണ് ജീവിച്ചിരുന്നത്. കടബാധ്യതയുള്ളതുകൊണ്ടാണ് കുട്ടിയെ ജോലിക്കു വിട്ടതെന്നാണ് കര്‍ഷകനായ പിതാവ് സന ഉള്ള പറയുന്നത്. ഇഖ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലെത്തി. പിതാവ് എത്തുമ്പോള്‍ ഇഖ്റ അബോധാവസ്ഥയിലായിരുന്നു. താന്‍ ആശുപത്രിയിലെത്തി അല്‍പ സമയത്തിന് ശേഷം ഇഖ്റ മരിച്ചു എന്ന് സന ഉള്ള പറഞ്ഞു.
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് റാവല്‍പിണ്ടിയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ജസ്റ്റിസ് ഫോര്‍ ഇഖ്റ എന്ന ഹാഷ്ടിഗില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായി ഉയർന്നു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."