ഇസിജിയില്‍ നേരിയ വ്യതിയാനം: പി.സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
കോട്ടയം: ഹൃദയ മിടിപ്പില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്കയക്കാതെ ജോര്‍ജിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും തുടര്‍ന്നുള്ള നീക്കം.
ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാര്‍ച്ച് 10 വരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. അതേസമയം തീര്‍ത്തും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലാണ് പി.സി ഇന്ന് കീഴടങ്ങിയത്.തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. പൊലിസ് അറസ്റ്റിനായി വീട്ടിലെത്തിയ ശേഷമാണ് കീഴടങ്ങല്‍. വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാനായി രാവിലെ പൊലിസ് വീട്ടിലെത്തിയിരുന്നു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ജോര്‍ജ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യം തേടി കോട്ടയം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും തള്ളി. പിന്നാലെ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഡി.ജി.പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പൊലിസ് അറസ്റ്റിലേക്ക് നീങ്ങിയത്.
ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷജനകമായ പരാമര്‍ശം അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോര്‍ജിന്റെ വാദം. പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ജോര്‍ജിനെ തിരക്കി ശനിയാഴ്ച രണ്ടുതവണ പൊലിസ് വീട്ടിലെത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ജോര്‍ജ് തിങ്കളാഴ്ച ഹാജരാകാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് പാലാ ഡിവൈ.എസ്.പിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യപരമായ കാരണത്താലും സ്ഥലത്ത് ഇല്ലാത്തതിനാലും സാവകാശം അനുവദിക്കണം എന്നായിരുന്നു ആവശ്യം. ഇന്ന് ജോര്‍ജ് ഈരാറ്റുപേട്ട പൊലിസിന് മുമ്പാകെ ഹാജരാകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജും വ്യക്തമാക്കിയിരുന്നു. അതേസമയം, ജോര്‍ജ് സുപ്രിംകോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."