നഴ്സിങ്ങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍
ആലപ്പുഴ: നഴ്‌സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പ്രതി പിടിയിലായി. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശിയിൽ നിന്ന് മകന് ബാംഗ്ലൂർ നഴ്‌സിങ് കോളേജിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. പ്രതിയെ പനങ്ങാട് വെച്ചാണ് ചേർത്തല പൊലീസ് പിടികൂടിയത്.
2022 ലാണ് പ്രതി നഴ്സിങ്ങ് കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ പണം വാങ്ങിയിരുന്നത്. എന്നാല്‍ പറ്റിക്കപ്പെട്ടുവെന്ന് മനസിലായതോടെ പ്രതിയോട് കൊടുത്ത പൈസ തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി പണം തിരികെ നല്‍കാന്‍ തയ്യാറാവാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പണം നഷ്ടമായവർ ചേർത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കേസ് രജിസ്റ്റർ ചെയ്തതിനുശേഷം പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. പ്രതിക്കെതിരെ വയനാട് പനമരം പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊടുവള്ളി എന്നിവിടങ്ങളിലും വയനാട് സുൽത്താൻ ബത്തേരി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി പോലീസിന് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."