'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം
കോഴിക്കോട്: താമരശേരിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച കുട്ടി അയച്ച സന്ദേശം പുറത്ത്. തന്നെ ഈ പ്രശ്നങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് അയച്ച ശബ്ദ സന്ദേശമാണ് പുറത്തു വന്നത്. ഷഹബാസിന്റെ വാട്‌സ്അപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്.
സംഭവത്തിന് ശേഷം ഗുരുതരപരുക്കേറ്റ് ഷഹബാസ് ആശുപത്രിയിലായെന്ന് തിരിച്ചറിഞ്ഞ ശേഷം പ്രശ്‌നത്തില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള രീതിയിലാണ് സന്ദേശം.
''ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. നീ എന്തെങ്കിലും ഒന്ന് പറയെടോ.വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി താ.ഇങ്ങനാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഷഹബാസേ എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട്ട് താട്ടോ.ഞാന്‍ നിന്നോട് കുറെ പറഞ്ഞതല്ലേ.. മോളില്‍ അയച്ച മെസേജ് നോക്ക്.. ഞാന്‍ നിന്നോട് നല്ലോണല്ലേ പറഞ്ഞത്. ഒരിക്കലും ഇങ്ങനൊരു പ്രശ്‌നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ചൊറ ഒഴിവാക്കി ഒഴിവാക്കി പോകുമ്പോള്‍ പിന്നെയും പിന്നെയും നീ വന്നതാ. അന്നത്തെ പ്രശ്‌നം ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല..'' സന്ദേശത്തില്‍ പറയുന്നു.
നേരത്തെ ഷഹബാസിനെ കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന ഇന്‍സ്റ്റഗ്രാം ചാറ്റ് പുറത്തുവന്നിരുന്നു.
'ഞാനിന്നൊരു കാര്യം പറയാം. ഷഹബാസിനെ ഞാനിന്ന് കൊല്ലും. പറഞ്ഞാല്‍ പറഞ്ഞപോലെയാണ്. ഓന്റെ കണ്ണ് ഒന്ന് പോയി നോക്ക്. കണ്ണൊന്നും ഇല്ല.', 'മരിച്ചുകഴിഞ്ഞാലും വലിയ വിഷയമില്ല. കേസൊന്നും ഉണ്ടാവില്ല. അവര്‍ ഇങ്ങോട്ട് വന്നതല്ലേ. കേസൊക്കെ തള്ളിപ്പോകും', എന്നാണ് ഇന്‍സ്റ്റഗ്രാം ചാറ്റിലുള്ളത്.
താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാത്രി 12.30 ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഷഹബാസിന് ഫെയര്‍വെല്‍ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തിലായിരുന്നു തലക്ക് ഗുരുതരമായി പരുക്കേറ്റത്.
എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ട്യൂഷന്‍ സെന്ററിലെ പരിപാടിയിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."