വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.
നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അഫാന് ഇല്ല. അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ കണ്ടെത്തിയിരുന്നു. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.
അതേസമയം രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി അഫാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണം കടം ചോദിച്ചിരുന്നെന്നും ഇത് നല്‍കാത്തതില്‍ അവരോട് പക തോന്നിയിരുന്നുവെന്നുമാണ് അഫാന്റെ മൊഴി. എന്നാല്‍ അനുജനെ കൊലപ്പെടുത്തിയതോടെ തന്റെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതോടെ ഇവരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ പറഞ്ഞു.
വെഞ്ഞാറമൂട് പൊലിസ് റഹീമിന്റെ മൊഴിയെടുത്തു. ഇന്നലെ മൂന്ന് മണിയോടെയാണ് പൊലിസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയത്. കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലെന്നാണ് റഹിം പൊലിസിന് നല്‍കിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പെടെ 15 ലക്ഷം രൂപ നാട്ടില്‍ ബാധ്യതയുണ്ടെന്ന വിവരം അറിയാം. അഫാന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെണ്‍കുട്ടിയുടെ സ്വര്‍ണമാല പണയംവച്ചിരുന്നു. മാല പണയത്തില്‍ നിന്നും എടുത്ത് നല്‍കാന്‍ 60,000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹീം നല്‍കിയ മൊഴിയില്‍ പറയുന്നു.
സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാല്‍ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടില്‍ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും റഹീം മൊഴി നല്‍കി.
അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലിസ്. 14 പേരില്‍ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവില്‍ വായ്പ നല്‍കിയവര്‍ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാര്‍ ശല്യംചെയ്തപ്പോള്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
അഫാന്റെ മാതാവ് ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നല്‍കിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അഫാന്‍ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടു പറഞ്ഞിരുന്നു.
അതിനിടെ, കട്ടിലില്‍ നിന്നും വീണതാണ് തനിക്ക് പരുക്ക് പറ്റാന്‍ കാരണമെന്ന് ആവര്‍ത്തിക്കുകയാണ് അഫാന്റെ മാതാവ് ഷമീന. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്താന്‍ എത്തിയ മജിസ്‌ട്രേട്ടിനു മുന്നിലാണ് മൊഴി ആവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."