ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് നിയമനം; തീരുമാനത്തിന് സ്റ്റേ
തിരുവനന്തപുരം: ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് പൊലിസില്‍ നിയമനം നല്‍കാനുള്ള തീരുമാനത്തിന് സ്റ്റേ. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രീബൂണലാണ് സ്റ്റേ ചെയ്തത്.ആംഡ് പൊലീസ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ പി.ജെ നല്‍കിയ ഹരജിയിലാണ് ഷിനു ചൊവ്വ, ചിത്തരേഷ് നടേശന്‍ എന്നിവരുടെ നിയമന നീക്കത്തിനെതിരെ നടപടി. ഹരജി തീര്‍പ്പാക്കുന്നതുവരെ നിയമനം താല്‍ക്കാലികമായി സ്റ്റേ ചെയ്തു.
ഹരജി ഫയലില്‍ സ്വീകരിച്ച ട്രിബ്യൂണല്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനും ഡിജിപിക്കും ബറ്റാലിയന്‍ എഡിജിപിക്കും നിയമനം നല്‍കുന്നവര്‍ക്കും നോട്ടീസ് അയച്ചു. ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായി നിയമനം നല്‍കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നത്.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പൊലീസ് കായിക ക്ഷമത പരീക്ഷയില്‍ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശന്‍ പങ്കെടുത്തില്ല. എസ്എപി ക്യാമ്പിലായിരുന്നു പരീക്ഷ. ഷിനു ചൊവ്വയ്ക്ക് വീണ്ടും കായിക ക്ഷമത പരീക്ഷയ്ക്ക് അവസരം നല്‍കാനിരിക്കെയാണ് ട്രിബ്യൂണല്‍ തീരുമാനം സ്റ്റേ ചെയ്തത്.
സാധാരണയായി ഒളിമ്പിക്‌സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പൊലീസില്‍ നിയമനം നല്‍കുന്നത്. ഇത് മറികടന്നാണ് ഇവര്‍ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭ തിരുമാനമെടുത്തത്. ചട്ടങ്ങളില്‍ ഇളവ് വരുത്തി സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നല്‍കാന്‍ നീക്കം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."