ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുന്നു ; മാർച്ച് 31നകം ട്രാക്കിലേക്ക്
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ മാർച്ച് 31-നകം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്തരീക്ഷ മലിനീകരണവും ഇന്ധന ഉപയോഗവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ ട്രെയിൻ പദ്ധതി രാജ്യത്ത് കൊണ്ടുവരുന്നത്.2023-24 സാമ്പത്തിക വർഷത്തിൽ 35 ഹൈഡ്രജൻ അധിഷ്ഠിത ട്രെയിനുകൾ വികസിപ്പിക്കാൻ റെയിൽവേ മന്ത്രാലയം 2,800 കോടി രൂപ (337 മില്യൺ ഡോളർ) അനുവദിച്ചിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ICF) ഈ ട്രെയിൻ നിർമ്മിക്കുന്നത്. കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക (zero carbon emissions) എന്ന ലക്ഷ്യങ്ങൾ കൈവരിക്കാനായി ഹൈഡ്രജൻ ഇന്ധന ട്രെയിൻ സെറ്റ് ഗതാഗത രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പൈലറ്റ് പദ്ധതിയുടെ ഭാഗമായി, 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോണിപത് റൂട്ടിലാണ് ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുക. ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു) റേക്കിൽ ഹൈഡ്രജൻ ഇന്ധന സെൽ ഉപയോഗിച്ച് പുനർനിർമ്മാണം നടത്തിയാണ് ട്രെയിൻ പ്രവർത്തിപ്പിക്കുക.
ലോകത്തിലെ ഏറ്റവും അധികം കരുത്തുള്ള ഹൈഡ്രജൻ എഞ്ചിനുകളിൽ ഒന്നായിരിക്കും ഇന്ത്യ വികസിപ്പിച്ച ട്രെയിൻ. 1,200 കുതിരശക്തി (HP) ശേഷിയുള്ള ഈ എഞ്ചിൻ, സാധാരണ 500-600 HP ശേഷിയുള്ള ഹൈഡ്രജൻ ട്രെയിനുകളേക്കാൾ മുന്നിലാണ്.
റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) ആണ് ഈ ട്രെയിനിന്റെ സാങ്കേതിക പ്രത്യേകതകൾ നിർണയിച്ചത്. പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ച സാങ്കേതികവിദ്യതയിൽ ആയിരിക്കും നിർമ്മാണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ജർമ്മനി, ഫ്രാൻസ്, ചൈന, യുകെ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യമായി ഇനി ഇന്ത്യയും മാറും. ഈ പുതിയ സംരംഭം പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് കൂടുതൽ വഴിയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."