മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരുടെ പ്രകടനം പോര; പ്രാതിനിധ്യത്തില്‍ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യമെന്ന് സിപിഎം വിമര്‍ശനം
കൊല്ലം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രകടനം പോരെന്ന് സിപിഎം. മധ്യതിരുവിതാംകൂറില്‍ നിന്നുള്ള പ്രതിനിധിയാണ് മന്ത്രിമാരുടെ പ്രകടനത്തെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശിച്ചത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെത് മികച്ച പ്രകടനമാണെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മന്ത്രി എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റേത് മികച്ച പ്രകടനമാണ്. എന്നാല്‍ അദ്ദേഹം മാധ്യമവേട്ടയുടെ ഇരയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ടീം വര്‍ക്കില്ല. സംസ്ഥാന കമ്മിറ്റി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. മെറ്റിറ്റിനെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. എന്നാല്‍, എങ്ങനെയാണ് മെറിറ്റ് നിശ്ചയിക്കുക?.. പ്രാതിനിധ്യം നോക്കിയാല്‍ ഒരു ജില്ലയുടെ ആധിപത്യമാണ് കാണുന്നതെന്നും പരാമര്‍ശമുണ്ട്.
അതേസമയം ഒരുകാലത്ത് സിപിഎമ്മിന്റെ ഏറ്റവും വലിയ ശാപമായിരുന്ന വിഭാഗീയത അപൂര്‍വമായെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ഉണ്ടെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് വിഭാഗീയതയെ കുറിച്ച് വ്യക്തമായ പരാമര്‍ശം ഉള്ളത്. വ്യക്തികള്‍ക്ക് പിന്നിലും സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടിയും അണിനിരക്കുന്ന പ്രവണത ഇപ്പോഴുമുണ്ടെന്നും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇക്കഴിഞ്ഞ സമ്മേളനഘട്ടത്തില്‍ വിഭാഗീയമായ പ്രവണതകള്‍ പൊതുവേ അവസാനിച്ചുവെങ്കിലും അത്തരം സംസ്‌കാരത്തിന് അകപ്പെട്ടുപോയ സഖാക്കള്‍ അപൂര്‍വമായി ചിലയിടങ്ങളില്‍ ഉണ്ട്. അതിന്റെ ഭാഗമായി ഈ സമ്മേളനത്തിലും ചില പ്രശ്‌നങ്ങള്‍ പ്രാദേശികമായി ഉയര്‍ന്നു വന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളാണ് അതിലുള്ളത്. ഇവയെല്ലാം ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയേണ്ടതുണ്ട്' റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."