വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കുന്നു; ഹൈക്കോടതി കർശന നടപടി നിർദേശിച്ചു
കൊച്ചി: വിവാഹ സൽക്കാരങ്ങളിലും മറ്റ് പൊതുചടങ്ങുകളിലും പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പകരം പുനരുപയോഗയോഗ്യമായ ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിർദേശം ഉന്നയിച്ചത്.
100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് പ്രത്യേക ലൈസൻസ് നിർബന്ധമാണെന്നും ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചുമതല വഹിക്കണമെന്നുമാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. ഇതിനോടകം തന്നെ സൽക്കാര ചടങ്ങുകളിൽ അരലിറ്റർ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നിരോധിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, മലയോരമേഖലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുകയാണെന്ന് തദ്ദേശവകുപ്പ് സെക്രട്ടറി കോടതിയെ അറിയിച്ചു. കൂടാതെ, മാലിന്യ സംസ്‌കരണത്തിൽ റെയിൽവേയുടെ അനാസ്ഥ ഹൈക്കോടതി വിമർശിച്ചു. ട്രാക്കുകളിൽ മാലിന്യം തള്ളുന്നത് അനുവദിക്കരുതെന്നും, തങ്ങളുടെ പ്രദേശങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കണമെന്നുമാണ് റെയിൽവേയോട് ഹൈക്കോടതി നിർദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."