തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്‌സിയ നെര്‍വോസ'യെ
കണ്ണൂര്‍: കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയ ഒരു വാര്‍ത്തയായിരുന്നു 18കാരി ഡയറ്റ് എടുത്ത് മരിച്ചത്. യുട്യൂബ് ഡയറ്റ് ഫോളോ ചെയ്തതാണ് ഇതിന് കാരണമെന്നായിരുന്നു വാര്‍ത്തകള്‍ എന്നാല്‍ അത് മാത്രമല്ലെന്നാണ് അവരെ ചികിത്സിച്ച ഡോക്ടര്‍ നാഗേഷ് പറയുന്നത്.
കൂത്തുപറമ്പ് മെരുവമ്പായിയില്‍ ശ്രീനന്ദ മരിക്കുമ്പോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. ഏറെ താഴ്ന്ന നിലയിലായിരുന്നു രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്- ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. യൂട്യൂബില്‍ കണ്ടതുകൊണ്ട് മാത്രം ഭക്ഷണം കഴിക്കാതിരിക്കുകയായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നുമാണ് ഡോക്ടര്‍ പറയുന്നത്.
'20-25 കിലോ മാത്രമായിരുന്നു കുട്ടി ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടായിരുന്ന ശരീരഭാരം. ഐ.സി.യുവിലാണ് അവരെ പ്രവേശിപ്പിച്ചത്. ബി.പി 70ലെത്തിയിരുന്നു. ഷുഗര്‍ ലെവല്‍ ആവട്ടെ 45ഉം. സോഡിയം 120 ആയിരുന്നു. എല്ലാം വളരെ കുറവായിരുന്നു അവര്‍ക്ക്. ശരീരം അക്ഷരാര്‍ത്ഥത്തില്‍ എല്ലുംതോലുമായിരുന്നു. പേശീഭാരം ഒട്ടുമില്ല' അദ്ദേഹം പറയുന്നു.
യൂട്യൂബില്‍ കണ്ടതുകൊണ്ട് മാത്രം ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ഒരു പരിധി വരെയേ ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂവെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. കാരണം വിശപ്പ് എന്ന വികാരത്തെ മനുഷ്യന് പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. ശ്രീനന്ദക്ക് 'അനോറെക്‌സിയ നെര്‍വോസ' എന്ന സൈക്യാട്രിക് സാഹചര്യമുണ്ടായി എന്നാണ് ഡോക്ടര്‍ പറയുന്നത് വീട്ടുകാര്‍ക്ക് അത് തിരിച്ചറിയാനായില്ലെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് അനോറെക്‌സിയ നെര്‍വോസ
ഒരു സൈക്യാട്രിക് ഡിസോര്‍ഡറാണ് അനോറെക്‌സിയ നെര്‍വോസ. തടി കൂടുമോയെന്ന ആശങ്ക പരിധിയില്‍ കൂടുതലാകുമ്പോഴാണ് അനോറെക്‌സിയ നെര്‍വോസ എന്ന അവസ്ഥയാകുന്നത്. ഇത് ഭീതിതമായ അളവില്‍ ശരീരഭാരം കുറയുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആദ്യം ഭക്ഷണം കുറക്കുകയും തടി കുറക്കാന്‍ ശ്രമിക്കുകയുമായിരിക്കും ചെയ്യുക. എന്നാല്‍ ക്രമേണ വിശപ്പ്, ദാഹം എന്നുള്ള സംഭവം തന്നെ ഇല്ലാതാകുമെന്നും പിന്നീട് ഇത് ഡിപ്രഷന്‍ പോലെ ഒരു മാനസിക രോഗാവസ്ഥയായി മാറുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കത്തിലേ ചികിത്സയെടുത്താല്‍ ഭേദമാക്കാനാകുമെങ്കിലും ഒരു പരിധിവിട്ടാല്‍ പിന്നെ നിയന്ത്രിച്ച് നിര്‍ത്താനാകാത്തത്ര അപകടകാരിയാണ് ഈ അവസ്ഥയെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വണ്ണം തീരെ കുറവാണെങ്കിലും വണ്ണം വെയ്ക്കുമോ എന്ന തോന്നലുണ്ടാകും ഇവര്‍ക്ക്. ഇത്തരക്കാര്‍ ശരീരഭാരം കുറയാന്‍ എന്ത് വഴിയും സ്വീകരിക്കും. അതികഠിനമായ വ്യായാമമുറകള്‍ ചെയ്യും, ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കും. ഭാരം കുറയുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സ്വയം മെച്ചപ്പെട്ടതായി അവര്‍ക്ക് തോന്നുകയുള്ളു.
അവസ്ഥയിലെത്തിക്കഴിഞ്ഞാല്‍ ഭാരം നന്നേക്കുറവിലേക്കെത്തും ഇവര്‍. എപ്പോഴും ക്ഷീണം, ഉറക്കമില്ലായ്മ, മലബന്ധം, മുടിക്കൊഴിച്ചില്‍, ചര്‍മ്മത്തിന് മഞ്ഞനിറം, മൂന്ന് മാസത്തിലേറെ ആര്‍ത്തവം ഇല്ലാതിരിക്കുക, വരണ്ട ചര്‍മ്മം, ബിപി കുറവ് തുടങ്ങിയവയെല്ലാം ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.
പ്രായ, ലിംഗ ഭേദമന്യേ എല്ലാവരിലും ഈ അവസ്ഥ കാണുമെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയാണ് അനോറെക്‌സിയ നെര്‍വോസയിലേക്ക് നയിക്കുന്ന കാരണങ്ങള്‍. അനോറെക്‌സിയ ഉണ്ടെന്ന സംശയം തോന്നിയാലുടന്‍ വിദഗ്ധ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളിലൂടെ ഈ അവസ്ഥയെ മറികടക്കാനാകും. ഭക്ഷണം കഴിക്കാതെ ദീര്‍ഘനാള്‍ ഇരുന്നതിനാല്‍ വീണ്ടും ഭക്ഷണം കഴിച്ചുതുടങ്ങുക എന്നത് ഏറെ പ്രയാസകരമായിരിക്കും. അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശവും നിരീക്ഷണവും രോഗബാധിതര്‍ക്ക് നിര്‍ബന്ധമായും ലഭ്യമാക്കേണ്ടതാണ്.
മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു ശ്രീനന്ദ. പഠനത്തില്‍ മിടുക്കിയായിരുന്ന കുട്ടി വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചിരുന്നു. ഇതാണ് പിന്നീട് പ്രശ്‌നമായിത്തീര്‍ന്നത്. നിയന്ത്രണത്തില്‍ പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങി. ഭക്ഷണക്കുറവ് ശരീരത്തെ സാരമായി ബാധിച്ചതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."