ഇമാമുമാര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടരുത്; നിര്‍ണായക തീരുമാനവുമായി കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയം
കുവൈത്ത് സിറ്റി: പള്ളികളില്‍ രാഷ്ട്രീയ പരാമര്‍ശിക്കുന്നത് വിലക്കി കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയം. ഇമാമുമാര്‍ക്കായി മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങളിലാണ് പ്രസ്തുത നിര്‍ദേശം ഉള്ളത്. രാജ്യവ്യാപകമായി പള്ളികള്‍ക്കും പള്ളി ജീവനക്കാര്‍ക്കുമുള്ള ഭരണപരമായ നിയന്ത്രണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇസ്‌ലാമിക കാര്യ മന്ത്രാലയം എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള പള്ളി ഡയറക്ടര്‍മാര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. മസ്ജിദ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ബദര്‍ അല്‍ഒതൈബിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
പള്ളികളെ സംബന്ധിച്ച 4 പ്രധാനപ്പെട്ട നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്.
1. പള്ളിയിലെ സമയക്രമം പാലിക്കല്‍
അഡ്മിനിസ്‌ട്രേറ്റീവ് നിയമം 6586/2022 പ്രകാരം പള്ളികള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള സമയം പള്ളികള്‍ പാലിക്കണം. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഒഴികെ ഷെഡ്യൂള്‍ ചെയ്ത പ്രാര്‍ത്ഥന സമയത്തിന് 30 മിനിറ്റ് മുമ്പ് പള്ളി തുറക്കണം. പ്രാര്‍ത്ഥന അവസാനിച്ചതിന് 30 മിനിറ്റ് കഴിഞ്ഞ് പള്ളി അടയ്ക്കണം.
റമദാനില്‍ മഗ്‌രിബ് നമസ്‌കാരത്തിന് 30 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും തറാവീഹ് നമസ്‌കാരത്തിന് തൊട്ടുപിന്നാലെ അടയ്ക്കുകയും ചെയ്യും.
2. പരിഷ്‌കരണ നിയന്ത്രണങ്ങള്‍
മസ്ജിദ് വിഭാഗത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെങ്കില്‍ മസ്ജിദ് കെട്ടിടങ്ങളിലോ സൗകര്യങ്ങളിലോ മാറ്റങ്ങള്‍ വരുത്തരുത്.
3. പരിപാലന നിയന്ത്രണങ്ങള്‍
മന്ത്രാലയം ഔദ്യോഗികമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലോ മസ്ജിദ് വിഭാഗത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലെങ്കിലോ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പള്ളിയിലെ കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവാദമുണ്ടാകില്ല.
4. മതപരമായ വസ്തുക്കളുടെ അംഗീകാരം
മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍, പുസ്തകങ്ങള്‍, ലഘുലേഖകള്‍ പോലെ അച്ചടിച്ച വസ്തുക്കള്‍ എന്നിവ പള്ളികളിലേക്ക് കൊണ്ടുവരാന്‍ പാടില്ല. അനധികൃതമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഇത് ഉടനടി നീക്കം ചെയ്ത് ഭരണകൂടത്തിന് കൈമാറും.
ഇതുകൂടാതെ ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
1. ഉത്തരവാദിത്തം നിറവേറ്റുക
പള്ളിയുടെ പ്രാഥമിക ഉത്തരവാദിത്തമുള്ള വ്യക്തി ഇമാമാണ്. ഇമാമിന്റെ അഭാവത്തില്‍, മുഅദ്ദിന്‍ അദ്ദേഹത്തിന്റെ കടമകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കണം. അതുപോലെ മുഅദ്ദിന്‍ ഇല്ലാതിരിക്കുകയോ അവധിയിലായിരിക്കുകയോ ചെയ്താല്‍ ഇമാം അദ്ദേഹത്തിന്റെ ചുമതലയും വഹിക്കണം. ഇമാമും മുഅദ്ദിനും പൂര്‍ണ്ണമായും സഹകരിക്കുകയും ഭരണകൂടം പുറപ്പെടുവിക്കുന്ന എല്ലാ സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും പാലിക്കുകയും വേണം.
2. ചുമതലകളുടെ മേല്‍നോട്ടം
മുഅദ്ദീനും ക്ലീനിംഗ് സ്റ്റാഫും അവരുടെ കര്‍ത്തവ്യങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഇമാം ഉറപ്പാക്കണം. പള്ളിയുടെ ശുചിത്വവും സൗകര്യങ്ങളും ഭരണപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിപാലിക്കണം.
3. ഹാജര്‍ പരിശോധന
എല്ലാ ജീവനക്കാരും മന്ത്രാലയം അംഗീകരിച്ച ഹാജര്‍ പരിശോധനാ സംവിധാനം പാലിക്കണം.
4. വേഷം
ജീവനക്കാര്‍ അവരുടെ ജോലി സമയത്ത് മാന്യമായ വേഷം ധരിക്കണം.
5. രാഷ്ട്രീയ പ്രസംഗം പാടില്ല
ജീവനക്കാര്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ രാജ്യങ്ങള്‍ക്കോ എതിരെ പ്രത്യക്ഷമായോ പരോക്ഷമായോ ആക്രമണം നടത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം.
6. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം
പള്ളികളില്‍ ചാരിറ്റബിള്‍ അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ പാലിക്കണം.
7. സംഭാവന ശേഖരണം:
സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരമില്ലാതെയും ഇസ്‌ലാമിക കാര്യ മന്ത്രാലയവുമായി ഏകോപനമില്ലാതെയും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പള്ളികള്‍ക്കുള്ളില്‍ സംഭാവനകള്‍ ശേഖരിക്കാന്‍ അനുവാദമില്ല.
8. വെള്ളിയാഴ്ച പ്രസംഗ റെക്കോര്‍ഡിംഗ്
അംഗീകൃത ചട്ടങ്ങള്‍ അനുസരിച്ച് വെള്ളിയാഴ്ച പ്രഭാഷണം റെക്കോര്‍ഡ് ചെയ്യണം.
9. പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യല്‍
എന്തെങ്കിലും തകരാറുകള്‍, അടിയന്തര സാഹചര്യങ്ങള്‍, അല്ലെങ്കില്‍ ശുചീകരണത്തിലെ പോരായ്മകള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ തന്നെ അഡ്മിനിസ്‌ട്രേഷനെ അറിയിക്കണം.
രാജ്യത്തുടനീളമുള്ള പള്ളികളുടെ പവിത്രതയും ക്രമസമാധാനവും ശരിയായ ഭരണവും നിലനിര്‍ത്തുന്നതിനായാണ് ഇസ്‌ലാമിക മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Kuwait's Islamic Affairs Ministry Warns Imams: No Political Interference in Sermons
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."