ഹമാസുമായി ബന്ധമാരോപിച്ച് യു.എസ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ഗവേഷകന്റെ അറസ്റ്റ് കോടതി തടഞ്ഞു
വാഷിങ്ടണ്‍: ജൂതവിരുദ്ധത പ്രചരിപ്പിച്ചതിനും ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെയും പേരില്‍ യു.എസില്‍ അറസ്റ്റിലായ ഇന്ത്യന്‍ പൗരനും പോസ്റ്റ് ഡോക്ടറല്‍ ഫെലോയുമായ ബദര്‍ ഖാന്‍ സൂരിയുടെ നാടുകടത്തല്‍ കോടതി തടഞ്ഞു. കോടതി വിരുദ്ധമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ സൂരിയെ അമേരിക്കയില്‍ നിന്ന് നാടുകടത്തരുതെന്ന് കോടതി വ്യക്തമാക്കി.
വാഷിങ്ടണ്‍ ഡി.സിയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ സൂരിയുടെ വിസ റദ്ദാക്കുകയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ വീടിന് പുറത്ത് മാസ്‌ക് ധരിച്ചെത്തിയ ഫെഡറല്‍ ഏജന്റുമാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
യു.എസ് വിദേശനയത്തിന് ഭീഷണിയായി കണക്കാക്കപ്പെടുന്ന പൗരന്മാരല്ലാത്തവരെ നാടുകടത്താന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് അധികാരം നല്‍കുന്ന കുടിയേറ്റ നിയമത്തിലെ അപൂര്‍വമായി ഉപയോഗിക്കുന്ന വകുപ്പായ 237 എ 4 സി ആണ് ട്രംപ് ഭരണകൂടം ഉപയോഗിച്ചത്.
ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം പുനരാരംഭിച്ച ഘട്ടത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഹമാസുമായി ബന്ധമുണ്ടെന്നും അവരുടെ മുതിര്‍ന്ന ഉപദേശകനായും കരുതപ്പെടുന്നയാളുമായി സൂരിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അസി. സെക്രട്ടറി ട്രിസിയ മെക്ലോഫ്ലിന്‍ പറഞ്ഞു.
അതേസമയം സൂരിയുടെ ഭാര്യ മാഫെസ് സാലിഹ ഫലസ്തീന്‍ വംശജയായതാണ് അറസ്റ്റിന് കാരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. അവര്‍ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."