വെറും ആറു മണിക്കൂര്‍ കൊണ്ട് ഒരു റെയില്‍വേ സ്‌റ്റേഷന്‍...! വിശ്വാസം വരുന്നില്ലേ, എന്നാല്‍ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍; ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് സ്റ്റേഷന്‍
ജപ്പാന്‍ ഒരുങ്ങുകയാണ് ലോകത്തെ അദ്ഭുതപ്പെടുത്താന്‍. വെറും ആറു മണിക്കൂര്‍ കൊണ്ട് ഒരു റെയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണമായും നിര്‍മിച്ചാണ് ലോകത്തെ അദ്ഭുതപ്പെടുത്താന്‍ ജപ്പാന്‍ ഒരുങ്ങുന്നത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് അതിവേഗ നിര്‍മിത റെയില്‍വേസ്റ്റേഷന്.
ഇത് ലോകത്തിലെ തന്നെ ആദ്യത്തെ 3ഡി പ്രിന്റഡ് റെയില്‍വേ സ്റ്റേഷനും ആയിരിക്കും. ജപ്പാനിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായ ഒസാക്കയില്‍ നിന്ന് 60 മൈല്‍ തെക്ക് വകയാമയുടെ തെക്കന്‍ പ്രിഫെക്ചറിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന് വെസ്റ്റ് ജപ്പാന്‍ റെയില്‍വേ (ജെആര്‍ വെസ്റ്റ്) അറിയിച്ചു.
ഹറ്റ്‌സുഷിമ എന്ന സ്റ്റേഷനാണ് പൂര്‍ണമായും നവീകരിച്ച് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച ആധുനിക ഒറ്റ നില കെട്ടിടമാക്കി ഇനി മാറ്റുക. ഇപ്പോള്‍ മരങ്ങള്‍ കൊണ്ട് നിര്‍മിച്ച പഴയൊരു കെട്ടിടത്തിലാണ് ഈ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പൊളിച്ച് മാറ്റിയാണ് പുതിയ 3 ഡി പ്രിന്റ്ഡ് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുക.

പുതിയ സ്റ്റേഷന്‍ കെട്ടിടത്തിനാവട്ടെ 10 ചതുരശ്ര മീറ്ററില്‍ താഴെയായിരിക്കും വിസ്തീര്‍ണം ഉണ്ടാവുക. ഇതിന് 2.6 മീറ്റര്‍ ഉയരവും 6.3 മീറ്റര്‍ വീതിയും 2.1 മീറ്റര്‍ നീളവും ഉണ്ടായിരിക്കും. അരിഡ നഗരത്തിലെ പ്രശസ്തമായ ഓറഞ്ചുകളുടെയും ടാച്ചിയുവോ മത്സ്യങ്ങളുടെയും ചിത്രങ്ങളായിരിക്കും പ്രാദേശിക ജീവിതത്തോടുള്ള ആദരസൂചകമായി സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ചുവരുകളെ അലങ്കരിക്കുക.
ഒരു ഹൈടെക് 3ഡി പ്രിന്റര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ഘടന നിര്‍മ്മിക്കുന്നത്. പ്രിന്റ് ചെയ്ത് കഴിഞ്ഞാല്‍, ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് നിറച്ച് സ്റ്റേഷന്‍ സൈറ്റില്‍ എത്തിക്കും. അവിടെ വച്ച് ക്രെയിനിന്റെ സഹായത്തോടെയാണ് കെട്ടിട ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുക.
പഴയ സ്റ്റേഷന്‍ പൊളിച്ച് മാറ്റുന്നത് മുതല്‍ പുതിയത് കൂട്ടിച്ചേര്‍ക്കുന്നതുവരെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാകാന്‍ ആറ് മണിക്കൂര്‍ മാത്രമേ എടുക്കൂവെന്നാണ് വെസ്റ്റ് ജപ്പാന്‍ റെയില്‍വേ അവകാശപ്പെടുന്നത്. മാര്‍ച്ച് 25ന്, അവസാന ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം നിര്‍മ്മാണം ആരംഭിക്കുകയും അടുത്ത ദിവസം രാവിലെ ആദ്യ ട്രെയിന്‍ എത്തുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുമാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."