11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് കാണാതായ ധരിണി എവിടെ? യുവതിയെ തേടി പത്തനംതിട്ടയിൽ തമിഴ്നാട് ക്രൈംബ്രാഞ്ച്
പത്തനംതിട്ട: 11 വർഷം മുമ്പ് കോയമ്പത്തൂരിൽ നിന്ന് ദുരൂഹമായി കാണാതായ ധരിണി എന്ന യുവതിയെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം പത്തനംതിട്ടയിൽ എത്തി. 2014 സെപ്റ്റംബർ 17ന് കോയമ്പത്തൂർ ജില്ലയിലെ കരുമത്തംപട്ടിയിൽ നിന്നാണ് കംപ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയായ ധരിണിയെ കാണാതാകുന്നത്. കാണാതാകുമ്പോൾ 38 വയസ്സുണ്ടായിരുന്ന യുവതിയെ കണ്ടെത്താൻ പുതിയ തുമ്പുമായാണ് തമിഴ്നാട് ക്രൈെബ്രാഞ്ച് എത്തിയത്.
2015 ഫെബ്രുവരി 27ന് ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഭാഗത്തേക്ക് ധരിണി വന്നതായുള്ള വിവരമാണ് ഒടുവിൽ അന്വേഷണത്തിന് ആധാരം. വലതു കവിളിലെ അരിമ്പാറ യുവതിയെ തിരിച്ചറിയാനുള്ള ശാരീരിക അടയാളമാണെന്നും,ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ധരിണി ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ടായിരുന്നുവെന്നും പൊലിസ് പറയുന്നു.
2005ൽ സുരേഷ് കുമാർ എന്നയാളെ വിവാഹം കഴിച്ച ധരിണി അമേരിക്കയിലെ കണക്റ്റിക്കട്ടിൽ താമസമാക്കി. പിന്നീട് ബൈപോളാർ ഡിസോർഡർ സ്ഥിരീകരിച്ചതിനെ തുടർന്ന് വിദേശത്ത് രണ്ടുതവണ കാണാതാവുകയും ചെയ്തു. തുടർന്ന് 2014ൽ വിവാഹമോചനം നേടി കോയമ്പത്തൂരിലേക്ക് മടങ്ങി. എന്നാൽ ഓഗസ്റ്റിൽ വീട്ടുകാർ ചികിത്സയ്ക്കായി സിദ്ധവൈദ്യനായ സെന്തിൽ കുമാറിന്റെ അടുത്തെത്തിച്ചു. സെപ്റ്റംബർ 4 മുതൽ 14 വരെ അവിടെ തങ്ങിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയി. 17ന് ചെന്നിയണ്ടവർ ക്ഷേത്രത്തിൽ പോയ ശേഷം ധരിണി തിരിച്ചെത്തിയില്ല.
തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മുമ്പ് താമസിച്ചിരുന്ന ധരിണി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നിരവധി ഇമെയിൽ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. എന്നാൽ, പത്തനംതിട്ടയിൽ എത്തിയ ശേഷം എല്ലാ ഓൺലൈൻ പ്രവർത്തനങ്ങളും നിർത്തിയതായി പൊലിസ് കണ്ടെത്തി. യുവതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."