'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്‌റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട്
സംഘ്പരിവാര്‍ എതിര്‍പ്പിന് പിന്നാലെ എമ്പുരാനില്‍ കടുംവെട്ട്. 24 സീനുകളാണ് സിനിമയില്‍ നിന്ന് വെട്ടി മാറ്റിയത്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റി. ബജ്‌റംഗി എന്ന പേര് ബല്‍ദേവ് എന്നാക്കി മാറ്റി. സ്ത്രീകള്‍ക്കെതിരായ അതിക്രമം വരുന്ന മുഴുവന്‍ സീനും ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ ഒഴിവാക്കി. എന്‍.എ.ഐ പരാമര്‍ശം മ്യൂട്ട് ചെയ്തു. സിനിമയിലെ നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി.
പ്രധാന വില്ലന്‍ കഥാപാത്രവും വില്ലന്‍ കഥാമാത്രവും തമ്മിലുള്ള സംഭാഷണത്തിലും വെട്ടുണ്ട്. പ്രഥ്വിരാജും അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിലിും വെട്ടുണ്ട്.
എമ്പുരാന്‍ വിഷയം ഇന്ന് പാര്‍ലമെന്റിലും ചര്‍ച്ചയായിരുന്നു. രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയും ലോക്സഭയില്‍ ഹൈബി ഈഡനുമാണ് നോട്ടിസ് നല്‍കിയത്.
രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നുവെന്നും മൗലികാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി അടിയന്തര പ്രമേയ നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് നോട്ടിസില്‍ ആവശ്യപ്പെട്ടു.
എമ്പുരാനെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും രാജ്യത്ത് ജനങ്ങള്‍ എന്ത് കാണണമെന്ന് തങ്ങള്‍ നിശ്ചയിക്കുമെന്ന നിലപാടാണ് അവരുടേതെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ഥ്യവും കേരളത്തെ വിഭാഗീയതയുണ്ടാക്കി അധികാരം പിടിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയുമാണ് സിനിമയില്‍ തുറന്നുകാട്ടുന്നത്. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരായ ബി.ജെ.പി-സംഘ്പരിവാര്‍ നീക്കത്തെ അനുവദിച്ചുകൊടുക്കാനാവില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
സംഘ്പരിവാര്‍ വിദ്വേഷപ്രചാരണത്തില്‍ സിനിമക്ക് പിന്തുണയുമായി തുടക്കം മുതല്‍ ജോണ്‍ ബ്രിട്ടാസ് എം.പി പിന്തുണയുമായെത്തിയിരുന്നു. നേരത്തെ രൂക്ഷമായ രീതിയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു.
സമഗ്രാധികാരം കൈവശമുള്ള ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഒരു സിനിമയ്‌ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണെന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. രണ്ടായിരത്തോളം മുസ്ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്ളൂ വന്നാണ് മരിച്ചതെന്ന് ആര്‍ക്കും പറയാന്‍ ആവില്ലല്ലോ എന്നും അദ്ദേഹം പോസ്റ്റില്‍ തുറന്നടിച്ചു.
വിവാദങ്ങള്‍ ഒരുവഴിക്ക് കൊഴുക്കുമ്പോള്‍ റിലീസ് ചെയ്ത് അഞ്ച് ദിവസമാകുമ്പോഴേക്ക് 200 കോടി ക്ലബില്‍ കടന്നിരിക്കുകയാണ് എമ്പുരാന്‍. 200 കോടിയെന്ന കടമ്പ എമ്പുരാന്‍ മറികടന്നുവെന്ന് മോഹന്‍ലാലും പൃഥ്വിരാജും തന്നെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സിനിമ പുറത്തു വന്നതിന് പിന്നാലെ കടുത്ത സംഘ്പരിവാര്‍ പ്രചാരണമാണ് സിനിമക്കെതിരെ നടന്നത്. ഗുജറാത്ത് വംശഹത്യക്ക് സമാനമായ രംഗങ്ങള്‍ ചിത്രീകരിച്ച സിനിമ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ചെയ്തികള്‍ തുറന്ന് കാട്ടുന്നത് കൂടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."