പൂക്കളമിടാന്‍ യുവാക്കളുടെ കൂട്ടായ്മയില്‍ നട്ടെടുത്ത പൂക്കള്‍
കുന്നംകുളം: അത്തമെത്തി തനിനാടന്‍ പൂക്കളമിടാന്‍ ഇക്കുറിയും പെരുമ്പിലാവില്‍ യുവാക്കളുടെ കൂട്ടായ്മയില്‍ നട്ടെടുത്ത പൂക്കളുണ്ട്. ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലത്ത് പ്രോഗ്രസ്സീവ് ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 60 ഓളം യുവാക്കള്‍ ഒത്തുചേര്‍ന്നൊരുക്കിയ ചെണ്ടു മല്ലി കൃഷിയുടെ വിളവെടുപ്പു നടത്തി. തമിഴ്‌നാട്ടിലെ പോട്ടൂരില്‍ നിന്നും ഇറക്കിയ ഹൈബ്രേഡ് ഇനത്തില്‍ പെട്ട ചെണ്ടമല്ലി തൈകള്‍ എത്തിച്ചാണ് കൃഷിയിറക്കിയത്. ഇരുപതിനായിരം തൈകള്‍ ഇറക്കി ഇതില്‍ പതിനെട്ടായിരം തൈകള്‍ തൃശൂര്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിവിധ വിദ്യാലയങ്ങളിലും സംഘടനകള്‍ക്കുമായി വിതരണം ചെയ്തു. ബാക്കി രണ്ടായിരും തൈകള്‍ മാത്രമാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്.
മൂന്ന് വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പൂകൃഷി വന്‍ വിജയമായതോടെയാണ് പ്രവര്‍ത്തകര്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിക്കൊരുങ്ങിയത്. കഴിഞ്ഞ തവണ ഒരു തോട്ടത്തില്‍ ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള പൂക്കളാണ് നട്ടിരുന്നത്. ഒരു തോട്ടത്തില്‍ നിറ വ്യതിയാനം ഉണ്ടായതിനാല്‍ ഇക്കുറി ഓരോ തോട്ടത്തിലും ഓരോ നിറത്തിലുള്ള പൂക്കള്‍ നട്ടു. കഴിഞ്ഞ തവണ നട്ട അപൂര്‍വ്വമായ വെള്ള ചെണ്ടുമല്ലി ഇത്തവണ കൃഷിയിടിത്തിലില്ല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കണ്ടെത്താനാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പുഷ്പ കൃഷിക്കൊരുങ്ങിയത്. ഓണക്കാലത്ത് തമിഴ്‌നാട്. കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന പൂക്കള്‍ക്ക് വന്‍ ആവശ്യകതയും വിലക്കൂടുതലും ഉണ്ടാകുന്നത് തിരിച്ച റിഞ്ഞ് ഇവിടേയും ഇത് സാധ്യമാകുമോ എന്ന ചിന്തയിലാണ് കൃഷി തുടങ്ങിയത്. കൃഷി ഉദ്യോഗസ്ഥരുടെ പിന്തുണ കൂടിയായപ്പോള്‍ യുവാക്കള്‍ക്ക് ഹരമായി. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം രൂപയോളം വിറ്റുവരവുണ്ടായി. ഒരു ചെടിയില്‍ നിന്നും 5 മുതല്‍ 8 കിലോ വരെ പൂക്കള്‍ ലഭിക്കും. കൃഷിയറിഞ്ഞ് ഇക്കുറി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇപ്പോഴെ ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. കടവല്ലൂരില്‍ ഇത്തവണ പൂകൃഷിയില്‍ നിരവധി കര്‍ഷകര്‍ വ്യാപൃതരായിട്ടുണ്ട്. കുന്നംകുളം മേഖലയില്‍ കഴിഞ്ഞ വര്‍ഷം അഞ്ചേക്കറോളം സ്ഥലത്ത് ഓണക്കാലത്ത് ചെണ്ടുമല്ലി കൃഷിചെയ്ത് അഞ്ച് ലക്ഷത്തില്‍ പരം രൂപയുടെ പൂക്കള്‍ വില്‍പന നടത്തിയിരുന്നു. ഇക്കുറി 25 ഏക്കറോളം ഭൂമിയില്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയുണ്ട്. കഴിഞ്ഞ ആണ്ടിലെ കണക്കു വെച്ചു നോക്കിയാല്‍ പൂവില്‍ നിന്നു മാത്രം ഈ ഓണക്കാലത്ത് കുന്നംകുളത്തെ കര്‍ഷകര്‍ ലക്ഷങ്ങള്‍ കൊയ്‌തെടുക്കും. പാട്ടത്തിനെടുത്ത ഭൂമിയില്‍ പൂര്‍ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി.
ചെടി നട്ടാല്‍ ഒരു മാസത്തിനകം തന്നെ പൂവിടരും. ഇവ തല പൊട്ടിച്ച് പൂക്കള്‍ ചെടി മുഴുവന്‍ നിറയാന്‍ കര്‍ഷകര്‍ ചെടികള്‍ക്കൊപ്പമുണ്ട്.
ഓണനാളുകളില്‍ ഇവിടെ പൂക്കള്‍ കൊണ്ട് നിറയുമെന്നു മാത്രമല്ല ജില്ലയിലെ അത്ത കളങ്ങളിലെല്ലാം കുന്നംകുളത്ത പൂക്കളുടെ സാന്നിധ്യവുമുണ്ടാകും. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് യു.പി ശോഭന ഉദ്ഘാടനം ചെയ്തു. പൂക്കളുടെ വില്‍പനക്കായ് പെരുമ്പിലാവില്‍ സ്ഥാപിച്ച വില്‍പന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സജിത സലീം നിര്‍വഹിച്ചു. കര്‍ഷകരും, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും ക്ലബ്ബ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."