സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി
ന്യൂഡല്‍ഹി: സുപ്രിംകോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. രാജ്യത്ത് സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്നാണ് ബി.ജെ.പി എം.പിയുടെ പരാമര്‍ശം. എക്‌സിലായിരുന്നു എം.പി ഈ പ്രതികരണം നടത്തിയത്.
പോസ്റ്റ് വിവാദമായതിന് പിന്നാലെ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും ദുബെ സുപ്രിംകോടതിക്കെതിരെ കടുത്ത പരാമര്‍ശമാണ് നടത്തിയത്.
രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന്റെ ഉത്തരവാദികള്‍ സുപ്രിംകോടതിയാണെന്ന് ഇയാള്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ദുബെ പറഞ്ഞു. സുപ്രിം കോടതി അതിരുകള്‍ ലംഘിക്കുകയാണെന്നും എം.പി പ്രതികരിച്ചു.
ആര്‍ട്ടിക്കള്‍ 368 പ്രകാരം പാര്‍ലമെന്റിന് നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യേണ്ടത്. എന്നാല്‍, പ്രസിഡന്റിനും ഗവര്‍ണര്‍ക്കും നിയമങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കോടതി. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാന്‍വ്യാപി എന്നിവ മുന്നിലെത്തുമ്പോള്‍ രേഖകള്‍ ആവശ്യപ്പെടും. എന്നാല്‍, മുഗളന്‍മാര്‍ നിര്‍മിച്ച പള്ളികളുടെ കാര്യം വരുമ്പോള്‍ ഒരു രേഖകളും ആവശ്യപ്പെടില്ല- എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ദുബെ പറയുന്നു.
അതേസമയം, ദുബെയുടെ പരാമര്‍ശത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറിയിരിക്കുകയാണ് ബി.ജെ.പി. ദുബെയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയത്. ദുബെയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും നദ്ദ വിശദീകരിച്ചു. ദുബെയ്ക്ക് പാര്‍ട്ടി താക്കീത് നല്‍കിയതായും അധ്യക്ഷന്‍ അറിയിച്ചു. അതേസമയം, നിഷികാന്ത് ദുബെക്കെതിരി സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
എന്നാല്‍ നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രിം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."