'മനഃസാക്ഷിയെ ഞെട്ടിക്കുന്നത്, സാധൂകരണമില്ലാത്തത്' ബാബ രാംദേവിന്റെ 'സര്‍ബത്ത് ജിഹാദ്' പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: സര്‍ബത്ത് ജിഹാദ് വിദ്വേഷ പരാമര്‍ശത്തില്‍ യോഗ ഗുരു ബാബ രാംദേവിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുസ്‌ലിംകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ശക്തമായപ്രതിഷേധമുയര്‍ന്നിരുന്നു. രാംദേവിന്റെ പരാമര്‍ശം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് അമിത് ബന്‍സാല്‍ ചൂണ്ടിക്കാട്ടി. പരാമര്‍ശം സാധൂകരണമില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.
ഹംദര്‍ദിന്റെ റൂഹ് അഫ്‌സ സര്‍ബത്തിനെ ലക്ഷ്യമിട്ടായിരുന്നു ബാബ രാംദേവിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ ഹംദര്‍ദ് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് കമ്പനിക്കുവേണ്ടി ഹാജരായത്. 'ഇതൊരു ഞെട്ടിക്കുന്ന കേസാണ്. അപമാനിക്കല്‍ എന്നതിനപ്പുറം, വിദ്വേഷ പ്രസംഗത്തിന് സമാനമായി സമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതാണിത്. അപകീര്‍ത്തി നിയമത്തിന്റെ പരിരക്ഷ ഇതിന് ലഭിക്കില്ല' -റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു നിമിഷം പോലും അനുവദിക്കരുതെന്നും രാജ്യത്ത് ആവശ്യത്തിലേറെ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്‌റസകളും നിര്‍മിക്കാന്‍ ഉപയോഗിക്കുകയാണെന്നും സര്‍ബത്ത് ജിഹാദാണിതെന്നുമായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു രാംദേവ് ഈ പരാമര്‍ശം നടത്തിയത്.
പ്രചാരണത്തിന്റെ വീഡിയോ ഇയാള്‍ പതഞ്ജലി പ്രൊഡക്ട്സ് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. നിങ്ങളേയും കുടുംബത്തേയും സര്‍ബത്ത് ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന വിഷ ഉല്‍പന്നങ്ങളില്‍ നിന്നും സംരക്ഷിക്കൂ. പതഞ്ജലിയുടെ സര്‍ബത്തും ജ്യൂസും മാത്രം ഉപയോഗിക്കൂ രാംദേവിന്റെ വിഡിയോയില്‍ പറയുന്നു.
സോഫ്റ്റ് ഡ്രിങ്കുകളെ കുറിച്ചും വിഷലിപ്തമായ പരാമര്‍ശങ്ങള്‍ രാംദേവ് നടത്തിയിരുന്നു. വേനല്‍ക്കാലത്ത് ആളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വില്‍ക്കുന്നുവെന്ന് ആരോപിക്കുന്ന രാംദേവ് ടോയ്ലറ്റ് ക്ലീനറുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നതെന്നും പറയുന്നു. ഒരു പ്രത്യേക കമ്പനിയുടെ പേര് പറഞ്ഞ് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണെന്നും രാംദേവ് പറയുന്നുണ്ട്.
We got "Sharbat Jihad" before GTA VI 💀😭 pic.twitter.com/qIuLrkhJxe
— Yash Tiwari (@DrYashTiwari) April 9, 2025
പതഞ്ജലിയുടെ റോസ് സര്‍ബത്ത് വില്‍പനയിലൂടെ ലഭിക്കുന്ന പണം ഗുരുകുലങ്ങള്‍, ആചാര്യകുലത്തിനും പതഞ്ജലി യൂനിവേഴ്സിറ്റിക്കും ഭാരതീയ ശിക്ഷ ബോര്‍ഡിനുമാണ് നല്‍കുന്നതെന്നും രാംദേവ് അവകാശപ്പെട്ടു. ലവ് ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദെന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് വിഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കില്‍ പങ്കിട്ട വിഡിയോ ലക്ഷങ്ങളാണ് ഇതിനകം കണ്ടത്.
നേരത്തെ, സര്‍ബത്ത് ജിഹാദിലൂടെ മത വിദ്വേഷം പ്രചരിപ്പിച്ചതിന് രാംദേവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഭോപ്പാലിലെ ടി.ടി നഗര്‍ പൊലിസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."