ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്‍കി ഷാര്‍ജ പൊലിസ്
ഷാര്‍ജ: പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആറു ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങള്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇളവ് ലഭിക്കുമെന്ന് ഷാര്‍ജ പൊലിസ് അറിയിച്ചു.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഗതാഗത പ്രശ്നങ്ങളും കാലഹരണപ്പെട്ട വാഹന രജിസ്‌ട്രേഷനുകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായുള്ള നടപടിയാണിത്. വാഹനമോടിക്കുന്നവരുടെ മേല്‍ ചുമത്തപ്പെട്ട പിഴത്തുകയുടെ ഭാരം കുറയ്ക്കുന്നതിനും റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഷാര്‍ജ പൊലിസ് ഇതു നടപ്പിലാക്കുന്നത്.
ഷാര്‍ജ പൊലിസിന്റെ കണക്കനുസരിച്ച്, നിലവില്‍ 44,000-ത്തിലധികം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലഹരണപ്പെട്ടിട്ടുണ്ട്. ഇവയുടെ ഉടമകളോട് കാലഹരണപ്പെട്ട ട്രാഫിക് പിഴകള്‍ അടയ്ക്കാന്‍ ഷാര്‍ജ പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനമോടിക്കുന്നവര്‍ ട്രാഫിക് ആന്‍ഡ് ലൈസന്‍സിംഗ് സര്‍വീസസ് സെന്റര്‍ സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി അഭ്യര്‍ത്ഥിച്ചു. ഇളവിന് അപേക്ഷിക്കുന്നതിന് വ്യക്തികള്‍ 1,000 ദിര്‍ഹം അപേക്ഷാ ഫീസായി നല്‍കണം.
താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ഫീസ് ഈടാക്കില്ല:
- വാഹന ഉടമ മരിച്ചാല്‍.
- ഉടമ 10 വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി വിദേശത്ത് താമസിക്കുന്ന വ്യക്തിയാണെങ്കില്‍.
- വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിലാണെങ്കിലോ, ഉടമയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കിലോ.
'ആളുകള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ കഴിയാത്തതോ മരണമടഞ്ഞതോ ആയ യഥാര്‍ത്ഥ കേസുകള്‍ ഉണ്ട്, ഞങ്ങള്‍ അത് കണക്കിലെടുക്കുന്നു,' കേണല്‍ അല്‍ നഖ്ബി പറഞ്ഞു.
കൂടാതെ, ആകെ പിഴ 1,000 ദിര്‍ഹത്തില്‍ താഴെയുള്ളവര്‍ക്ക് പ്രോസസ്സിംഗ് ഫീസ് നല്‍കേണ്ടതില്ല.
ട്രാഫിക് ഫൈനുകള്‍ അടയ്ക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ട്രാഫിക് റെക്കോര്‍ഡ് ക്ലിയര്‍ ആകുന്നതുവരെ ഒരു വാഹനവും രജിസ്റ്റര്‍ ചെയ്യാനോ പുതുക്കാനോ കഴിയില്ലെന്നും കേണല്‍ അല്‍ നഖ്ബി വ്യക്തമാക്കി.
'നിയമലംഘനങ്ങള്‍ ഒരു പ്രത്യേക വാഹനവുമായി മാത്രമല്ല, വ്യക്തിയുടെ ട്രാഫിക് ഫയലുമായും ബന്ധപ്പെട്ടിരിക്കുന്നു. കുടിശ്ശികയുള്ള എല്ലാ പിഴകളും ആദ്യം പരിഹരിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സലീം അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ (എസ്ഇസി) യോഗത്തിലാണ് പഴയ ഗതാഗത പിഴകള്‍ ഒഴിവാക്കാനുള്ള തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."