മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം. സമരക്കാർ തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയതിനു പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഓഫീസിലെ മുഴുവൻ ജീവനക്കാരെയും പൊലീസ് സംരക്ഷണത്തിൽ പുറത്തെത്തിച്ചു. തുടർന്ന് വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല.
ജനൽ തകർത്ത കേസിൽ അറസ്റ്റിലായ മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സമരക്കാർ ഉറച്ചു നിൽക്കുകയാണ്. ഇന്ന് രാവിലെ തീരദേശ റോഡ് ഉപരോധിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികൾ സമരം ആരംഭിച്ചു. ഉച്ചയോടെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി.
സമരസമിതിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിൽ നടത്തിയ ചർച്ചയിൽ മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ഇത് രേഖാമൂലം ഒപ്പിട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വരെ കാത്തിരിക്കാമെന്നും, ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ പൊഴി മൂടുന്ന സമരത്തിലേക്ക് നീങ്ങുമെന്നും സമരസമിതി അറിയിച്ചു.
അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. മൂന്ന് ദിവസമായി ഡ്രഡ്ജർ പ്രവർത്തനരഹിതമാണ്. കാലതാമസം വരുത്തുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. ചന്ദ്രഗിരി ഡ്രഡ്ജർ നാളെ മുതൽ 10 മണിക്കൂർ പ്രവർത്തനം ആരംഭിക്കുമെന്നും, അടുത്ത ആഴ്ച മുതൽ പ്രവർത്തന സമയം വർധിപ്പിക്കുമെന്നും ചർച്ചയിൽ തീരുമാനമായി. 20 മണിക്കൂർ പ്രവർത്തനം വേണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം.
ചാനലിലെ ടെട്രാപ്പോഡുകൾ ചൊവ്വാഴ്ച മെഷിനറി എത്തിച്ച് ബുധനാഴ്ച മുതൽ മാറ്റാൻ തുടങ്ങുമെന്നും, എക്‌സ്‌കവേറ്ററുകൾ നാളെ മുതൽ മണ്ണ് നീക്കം ചെയ്യുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. മണൽ നിക്ഷേപിക്കുന്ന വടക്ക് ഭാഗത്ത് ബണ്ട് നിർമിക്കുമെന്നും എഞ്ചിനീയർ അറിയിച്ചതായി സമരസമിതി അംഗം സജീവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."