അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തടിയുന്നു; കൊല്ലത്ത് വിവിധയിടങ്ങളിൽ അതീവ ജാഗ്രത
കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൊല്ലം ജില്ലയിലെ പല തീരദേശ പ്രദേശങ്ങളിലും ഇന്ന് രാവിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കരയില്‍ അടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കൊല്ലം ഉള്‍പ്പെടെയുള്ള കേരളത്തിന്റെ തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തെത്താനിടയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അര്‍ദ്ധരാത്രിയോടെ കരുനാഗപ്പള്ളി താലൂക്കിലെ ചെറിയഴീക്കല്‍ പ്രദേശത്താണ് ആദ്യത്തെ കണ്ടെയ്‌നര്‍ കരയില്‍ അടിഞ്ഞത്. ഇതിന് ശേഷം കൊല്ലം ജില്ലയിലെ ചവറ, ശക്തികുളങ്ങര എന്നീ പ്രദേശങ്ങളിലും കണ്ടെയ്‌നറുകള്‍ കണ്ടെത്തി. ചവറയിലും ശക്തികുളങ്ങരയിലും മൂന്ന് കണ്ടെയ്‌നറുകള്‍ വന്നടിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശക്തികുളങ്ങരയിലെ മദാമ്മ തോപ്പില്‍ മൂന്ന് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയിരിക്കുന്നു. നീണ്ടകര ആല്‍ത്തറമൂട് ഭാഗത്തും ഒരു കണ്ടെയ്‌നര്‍ കണ്ടെത്തി. വിദഗ്ധ സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥരും ഈ പ്രദേശങ്ങളില്‍ ഉടന്‍ പരിശോധന നടത്തും. മത്സ്യത്തൊഴിലാളികളാണ് കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞതായി കണ്ടെത്തിയത്, അവര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
സാഹചര്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ തീരദേശങ്ങളിലും കണ്ടെയ്‌നറുകള്‍ വന്നടിയാനിടയുണ്ടെന്ന് കരുതുന്നു. ഈ പ്രദേശങ്ങളിലും ജാഗ്രത തുടരുകയാണ്. ചില കണ്ടെയ്‌നറുകളുടെ വാതില്‍ തുറന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷമേ ഇവയില്‍ എന്തെല്ലാമാണ് ഉള്ളതെന്ന് വ്യക്തമാകൂ. കണ്ടെയ്‌നറുകളുടെ സമീപത്തേക്ക് ആരും പോകരുതെന്നും അവ തൊടരുതെന്നും ദുരന്ത നിവാരണ സംഘം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ചരക്കുകപ്പലില്‍ നിന്ന് ഒഴുകിപ്പടര്‍ന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുകയാണ്.
Several containers from a cargo ship that sank near the Kochi coast in the Arabian Sea have washed ashore in various parts of Kollam, Kerala. Authorities have issued high alerts across coastal regions as more containers are expected to reach the shoreline. Residents are warned to stay away from the containers as safety inspections continue. Disaster management teams, customs officials, and local authorities are coordinating efforts to secure the area and assess potential hazards. Oil spill cleanup operations are also underway. Stay updated on the latest developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."