മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി
ന്യൂഡല്‍ഹി: ജീവനക്കാരന്‍ വിവാഹിതനായാലുടന്‍ മാതാപിതാക്കളുടെ പേരില്‍ നല്‍കിയ ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (ജി.പി.എഫ്) നോമിനേഷന്‍ അസാധുവാകുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജീവനക്കാരന്‍ മരിച്ചാല്‍ ജി.പി.എഫ് തുക ഭാര്യക്കും മാതാപിതാക്കള്‍ക്കും തുല്യമായി ലഭിക്കുമെന്നും ജസ്റ്റിസ് സഞ്ജയ് കരോള്‍, എന്‍. കോട്ടിശ്വര്‍ സിങ് എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് അറിയിച്ചു. മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യക്കും മാതാവിനുമിടയില്‍ തുല്യമായി ജി.പി.എഫ് തുക വിതരണം ചെയ്യണമെന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രിംകോടതി പുനഃസ്ഥാപിച്ചു. ഉദ്യോഗസ്ഥന്‍ വിവാഹം കഴിച്ചതോടെ മാതാവിന് നല്‍കിയ മുന്‍ നോമിനേഷന്‍ സ്വയം അസാധുവാകും- ബെഞ്ച് വ്യക്തമാക്കി.
നോമിനേഷന്‍ എന്നത് ജി.പി.എഫ് തുകയിലെ അവകാശത്തില്‍ മുന്‍ഗണന നല്‍കുന്ന രേഖയല്ലെന്നും, ഭാര്യയ്ക്കുമപ്പുറം മാതാവിന് മുന്‍തൂക്കം അവകാശപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. 1960ലെ ജി.പി.എഫ് (സെന്‍ട്രല്‍ സര്‍വീസ്) ചട്ടത്തിലെ റൂള്‍ 33 പ്രകാരം കുടുംബം രൂപപ്പെട്ടാല്‍ മുന്‍ നോമിനേഷന്‍ അസാധുവാകുകയും അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കിടയില്‍ തുല്യമായി തുക വിഭജിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിരോധ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ 2000ല്‍ ജി.പി.എഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ മാതാവിനെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്സിന്നാധാരം. ജീവനക്കാരന്‍ 2003ല്‍ വിവാഹിതനായ ശേഷം മറ്റ് നോമിനേഷന്‍ ഭാര്യയുടെ അനുകൂല്യത്തിനായി പുതുക്കിയെങ്കിലും ജി.പി.എഫ് നോമിനേഷന്‍ പുതുക്കിയില്ല. 2021ല്‍ ഇയാള്‍ മരിച്ചു. ഇതോടെ മറ്റു സേവന ആനുകൂല്യങ്ങള്‍ ഭാര്യക്ക് ലഭിച്ചെങ്കിലും പഴയ നോമിനേഷന്‍ പരിഗണിച്ച് ജി.പി.എഫ് തുക നല്‍കാന്‍ വകുപ്പ് വിസമ്മതിച്ചു. ഇതോടെ ഭാര്യ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രൈബൂണല്‍ ഭാര്യക്ക് അനുകൂലമായി നിലപാടെടുത്തു. എന്നാല്‍ മാതാവിന്റെ ഹരജിയില്‍ ഹൈക്കോടതി ട്രൈബൂണല്‍ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ ഭാര്യ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."