ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ് അക്രമം
കണ്ണൂര്‍: തില്ലങ്കേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മാവില ബിനീഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. '
വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വിസ് നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധിയായതിനാല്‍ ഇവയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല.
കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മിക്ക കടകളും അടഞ്ഞു കിടന്നു. കൊലപാതകം നടന്ന തില്ലങ്കേരി, ഇരിട്ടി മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തളിപ്പറമ്പില്‍ രാവിലെ ചെറുതായി അക്രമം നടന്നതൊഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. തളിപ്പറമ്പില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചുവാരി പുറത്തിട്ടതായാണ് ആരോപണം. തലശേരി മേഖലയിലും പൊലിസ് കനത്ത ജാഗ്രതയിലായിരുന്നു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു.
സര്‍വിസ് നടത്തിയ ബസുകളില്‍ യാത്രക്കാര്‍ കുറഞ്ഞതിനാല്‍ പല ബസുകളും ഉച്ചയോടെ ഓട്ടം നിര്‍ത്തി. ട്രെയിന്‍ ഇറങ്ങിയ യാത്രക്കാരും വാഹനം കിട്ടാതെ വലഞ്ഞു. ഓണ വിപണി ലക്ഷ്യമാക്കി കണ്ണൂര്‍, തലശേരി നഗരങ്ങളിലെത്തിയ അന്യ സംസ്ഥാനക്കാരായ തെരുവു കച്ചവടക്കാരും ഹര്‍ത്താലിനെ തുടര്‍ന്ന് നിരാശരായി. ഹര്‍ത്താല്‍ മലയോര മേഖലയെയും സാരമായി ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കണ്ണൂര്‍ നഗരത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."