സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100
പൊതുവിദ്യാലയങ്ങളില്‍നിന്ന് മതപഠനത്തെ പടിക്കു പടിയിറക്കിവിട്ടപ്പോള്‍ പൊടുന്നനെ നിര്‍മിച്ചെടുത്തതല്ല ഇന്ന് കേളത്തിലും ഇന്ത്യയിലെ ഇതരദേശങ്ങളിലും വിദേശനാടുകളിലും പടര്‍ന്ന് ഇപ്പോള്‍ അതിര്‍ത്തികളെ മായ്ക്കുന്ന ഇ- ലേണിങ്ങിലെത്തിയ മദ്‌റസാ പ്രസ്ഥാനം. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുകയും മതേതര ജനാധിപത്യ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്യുമ്പോള്‍ മതപഠനത്തിനു സ്വന്തംവഴി നോക്കേണ്ടിവരുമെന്ന് ക്രാന്തദര്‍ശികളായ സമസ്ത നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ നിര്‍ദേശം സമസ്ത അംഗീകരിച്ചതോടെ നാടെങ്ങും വ്യവസ്ഥാപിത മദ്‌റസകള്‍ ഉണ്ടായി. പള്ളിദര്‍സുകളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ അറബിക് കോളജുകളിലേക്കും സമസ്ത വഴിതെളിച്ചു.
1950കളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വരുന്നത്. വിവിധ രാഷ്ട്രങ്ങളിലായി 10,998 മദ്‌റസകളില്‍ പഠിക്കുന്നത് 11,44,078 കുട്ടികളാണ്. ഒരുലക്ഷത്തോളം അധ്യാപകരുമുണ്ട്. 112 മുഫത്തിശുമാരും നാലുവീതം ഖാരിഉകളും ട്യൂട്ടര്‍മാരും 178 മുദരിബുമാരും അഞ്ച് ഓര്‍ഗനൈസര്‍മാരും ഒമ്പത് മുജവ്വിദുമാരും 24 മുജവിദാത്തുമാരും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. പരിശീലനം നേടിയ അധ്യാപകരുടെ എണ്ണം 1,03,341 ആണ്. അധ്യാപകരുടെ ക്ഷേമത്തിനായി സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീനും പ്രവര്‍ത്തിക്കുന്നു.
ഇ- മദ്‌റസ
മദ്‌റസാ പ്രസ്ഥാനത്തെ കാലാനുവര്‍ത്തിയായി പരിഷ്‌കരിക്കുന്നതിന്റെ നിദര്‍ശനമാണ് ഇന്ന് ലോകമാകെ പടര്‍ന്നുനില്‍ക്കുന്ന സമസ്ത ഇ- ലേണിങ് മദ്‌റസ. ലോകത്തിന്റെ ഏതു കോണിലിരുന്നും സമീപിക്കാവുന്ന ഇന്റര്‍നെറ്റിന്റെ കാലത്ത് അതിനെ മതപഠനത്തിനുകൂടി ഉപയോഗിക്കുകയാണ് ഇ- മദ്‌റസ. ഓഫ് ലൈന്‍ മദ്‌റസകളെ ബാധിക്കാത്ത രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ലോകത്തിന്റെ ഏതു ഭാഗങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്കു സമസ്തയുടെ മദ്‌റസാ പഠനം ലഭ്യമാക്കുന്ന ഗ്ലോബല്‍ ഓണ്‍ലൈന്‍ മദ്‌റസയില്‍ ആസ്‌ത്രേലിയ, കാനഡ, ജര്‍മ്മനി, സിംഗപ്പൂര്‍, യു.എ.ഇ, സഊദി അറേബ്യ, ബ്രിട്ടന്‍, അമേരിക്ക, മൊറോക്കോ തുടങ്ങി 26 രാജ്യങ്ങളില്‍ നിന്നായി 600 കുട്ടികള്‍ പഠനം നടത്തുന്നു. ഒരുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി വാര്‍ഷികപരീക്ഷയും മറ്റു മൂല്യനിര്‍ണയ പരിപാടികളും നടന്നുവരുന്നു
ഇതിനുപുറമെ, സ്വഭാവശുദ്ധീകരണത്തിനും ഇസ്‌ലാമിക ശിക്ഷണത്തിനും ക്ലാസ്‌റൂം വിനിമയവും മെന്ററിങ് രീതികളും സമസ്ത ഇ- ലേണിങ് വിഭാവനം ചെയ്യുന്നുണ്ട്. ഇതിനായി ഒരു ക്ലാസ്മുറിയില്‍ 1,215 കുട്ടികളായി പരിമിതപ്പെടുത്തിയിരിക്കുന്നു. മത്സര പരിപാടികള്‍, ഹോം അസൈന്‍മെന്റുകള്‍, കോലേണിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഗ്ലോബല്‍ മദ്‌റസയുടെ ഭാഗമാണ്. ഇംഗ്ലിഷിലാണ് ക്ലാസുകള്‍ നടന്നുവരുന്നത്. ഇതിലെ പഠിതാക്കള്‍ക്ക് ഏതുഘട്ടത്തിലും സാധാരണ മദ്‌റസയില്‍ തുടര്‍ന്നു പഠിക്കാവുന്നതാണ്.
ഈ ലേണിങ് സംവിധാനത്തിന്റെ പ്രധാന ഘടകം മുതിര്‍ന്നവര്‍ക്കുന്ന ഇ- മദ്‌റസയാണ്. വിവിധ കാരണങ്ങളാല്‍ മദ്‌റസാപഠനം സാധ്യമാകാതിരുന്നവര്‍ക്ക് ഈ സംവിധാനം ഫലപ്രദമാണ്. 18 വയസു കഴിഞ്ഞ ആര്‍ക്കും ചേരാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത ബാച്ചുകളായാണ് പഠനം നടന്നുവരുന്നത്. വനിതകള്‍ക്ക് അധ്യാപികമാരുടെ കീഴില്‍ തന്നെയാണ് ക്ലാസുകള്‍.
ഈ പദ്ധതികളെയെല്ലാം സാങ്കേതികമായി സംയോജിപ്പിക്കുന്നതിനു വേണ്ടിയുള്ള ഇ- ലേണിങ് ആപ്പും തയാറായിട്ടുണ്ട്. 31 രാജ്യങ്ങളിലായി 1,147 വിദ്യാര്‍ഥികളാണിപ്പോഴുള്ളത്. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, മലയാളം ഭാഷകളിലാണ് പഠനം നടക്കുന്നത്.
ഫാളില, ഫളീല
സ്ത്രീകളുടെ മതഭൗതിക വിദ്യാഭ്യാസത്തെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ രൂപപ്പെടുത്തിയ സംവിധാനമാണ് 'കൗണ്‍സില്‍ ഓഫ് സമസ്ത വിമന്‍സ് കോളജസ്' (സി.എസ്.ഡബ്ല്യു.സി). 2019ല്‍ തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം മതഭൗതിക വിജ്ഞാനത്തില്‍ അവഗാഹമുള്ള പ്രബോധക വനിതകളെ വാര്‍ത്തെടുക്കുകയെന്നതാണ്. കോഴ്‌സുകള്‍: ഫാളില (രണ്ടു വര്‍ഷം), ഫളീല (മൂന്നു വര്‍ഷം), ഫളീല (പി.ജി). ഈ കൗണ്‍സിലിനു കീഴില്‍ 113 കോളജുകളുണ്ട്. ഇതില്‍ 21 എണ്ണം റസിഡന്‍ഷ്യല്‍ കോളജുകളാണ്.
അല്‍ബിര്‍ സ്‌കൂള്‍സ്
അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ അവസരം ഒരുക്കേണ്ടത് അലിവിന്റെ ആത്മീയാനന്ദത്തോടെയാവണം എന്ന ബോധ്യത്തില്‍ നിന്നാണ് അല്‍ബിര്‍ സ്‌കൂളുകളുടെ പിറവി. ആലപ്പുഴയിലെ സമസ്ത 90ാം വാര്‍ഷിക സമ്മേളനമാണ് ഇത് സമ്മാനിച്ചത്. മതഭൗതിക വിദ്യാഭ്യാസ സമന്വയത്തിന്റെ ആദ്യപടിയുമായി ഈ സംരഭം മാറുന്നു.
2016ല്‍ 56 പ്രീ പ്രൈമറി സ്‌കൂളുകളുമായി പ്രയാണമാരംഭിച്ച് പിന്നിട്ട 9 വര്‍ഷം കൊണ്ട് 450 സ്ഥാപനങ്ങളായി വളര്‍ന്നു. 20,000 വിദ്യാര്‍ഥികളും പരിശീലനം നേടിയ 1,700 അധ്യാപികമാരും 400 സേവികമാരുമാണ് അല്‍ബിറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടുന്നത്. കേരളത്തിനും കര്‍ണാടകത്തിനും പുറമെ സഊദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലും അല്‍ ബിര്‍ പ്രവര്‍ത്തിക്കുന്നു.
ഖുര്‍ആന്‍, ഹദീസ്, ദിക്്‌റ്, ദുആകളിലെ അറിവിനൊപ്പം ആധുനിക ശാസ്ത്രവിഷയങ്ങളും ചെറുപ്രായത്തിലേ സ്വാധീനപ്പെടുത്തും വിധമാണ് പാഠ്യപദ്ധതി. കിഡ്‌സ് ഫെസ്റ്റ്, സ്‌പോര്‍ട്‌സ് മീറ്റ്, സയന്‍സ് ഫെയര്‍ എന്നിവയും നടത്തുന്നു. വിദ്യാര്‍ഥികള്‍ക്കെന്ന പോലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതിഭാപരീക്ഷകളുണ്ട്. ദേശീയതലത്തില്‍ 34 സോണുകളിലായി വൈജ്ഞാനികോത്സവം കിഡ്‌സ് ഫെസ്റ്റ് നടന്നുവരികയാണ്.
അസ്മി
സമസ്തയുടെ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച സംവിധാനമാണ് അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്. 2017ലാണ് സ്ഥാപിതമാകുന്നത്. കേരളത്തിലും പുറത്തുമായി 354 സ്ഥാപനങ്ങള്‍ അസ്മിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. 30,452 വിദ്യാര്‍ഥികളാണ് ഈ സിസ്റ്റത്തിനു കീഴില്‍ നിലവില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. 1436 അധ്യാപകരും 412 ആയമാരും സംവിധാനത്തിനൊപ്പമുണ്ട്. അസ്മി സ്ഥാപന മേധാവികളായ പ്രിന്‍സിപ്പല്‍ ആന്‍ഡ് മാനേജര്‍ എന്നിവര്‍ക്ക് ചിസല്‍ മീറ്റ്, വിദ്യാര്‍ഥികളുടെ സര്‍ഗാത്മവും സാഹിത്യവും കലാപരവുമായ കഴിവുകള്‍ ചിട്ടയായ പരിശീലനത്തിലൂടെ പരിപോഷിപ്പിക്കാനും അര്‍ഹമായ പ്രോത്സാഹം നല്‍കാനുമായി ആര്‍ട്ടാലിയ, വിദ്യാര്‍ഥികളില്‍ സാമൂഹിക ഉത്തരവാദിത്വബോധവും വ്യക്തിധര്‍മവും വളര്‍ത്തുന്നതിനുള്ള പരിശീലനം പ്രിസം, രക്ഷിതാക്കള്‍ക്കു വേണ്ടി നടപ്പാക്കുന്ന അസ്മി ഹോപ്പ്, കെ.ജി പ്രൈമറി തലങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ അഭിസംബോധന ചെയ്യുന്ന 'വൗ കിഡ്‌സ് അക്കാദമിക് മാഗസിന്‍ എന്നിവയും അസ്മിക്കു കീഴിലുണ്ട്.
എസ്.എന്‍.ഇ.സി
1926ല്‍ രൂപീകൃതമായ സമസ്ത നൂറുവര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് കാലം ആവശ്യപ്പെട്ട മറ്റൊരു ദൗത്യത്തിനു മുന്നില്‍നില്‍ക്കുന്നത്. 2023ല്‍ സമസ്ത മുശാവറ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ സമസ്ത നാഷനല്‍ എജ്യുക്കേഷനല്‍ കൗണ്‍സിലിനു രൂപം നല്‍കി. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഒന്ന്, കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ശേഷിയുള്ള പണ്ഡിതരുണ്ടാകണം. രണ്ട്, സമസ്തയുടെ വെളിച്ചം ദേശീയ അന്തര്‍ദേശീയ രംഗത്തേക്ക് വ്യാപിപ്പിക്കണം.
സര്‍വകലാശാല നിലവാരമുള്ള എജ്യു സിറ്റിയിലേക്ക് വികസിപ്പിക്കുന്ന രീതിയിലാണ് എസ്.എന്‍.ഇ.സി വിഭാവനം ചെയ്തത്. പുതിയ കാല വിഷയങ്ങളെ ക്ലാസിക്കല്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലൂടെ വിശകലനം ചെയ്യുന്ന പഠനരീതിയും അഹ്‌ലുസ്സുന്ന റിസര്‍ച്ച് പ്രോഗ്രാമും ഇതിന്റെ പ്രധാന സവിശേഷതയാണ്. എസ്.എന്‍.ഇ.സി കോഴ്‌സുകള്‍: ശരീഅ (14 സ്ഥാപനങ്ങള്‍), ഷീ (14), ശരീഅ പ്ലസ് (12), ഷീ പ്ലസ് (6), ലൈഫ് ബോയ്‌സ്, ലൈഫ് ഗേള്‍സ്, ലൈഫ് പ്ലസ് ബോയ്‌സ്, ലൈഫ് പ്ലസ് ഗേള്‍സ്, ബയ്യിനാത്ത് ബോയ്‌സ്, ബയ്യിനാത്ത് ഗേള്‍സ് (ഓരോ വീതം സ്ഥാപനങ്ങള്‍) ആകെ 50 സ്ഥാപനങ്ങളിലായി 4,500 വിദ്യാര്‍ഥികളും 300 അധ്യാപകരുമാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."