മർദനത്തെത്തുടർന്ന് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; പിതാവ് കസ്റ്റഡിയിൽ
നെയ്യാറ്റിൻകരയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഏക മകൾ പിതാവിൻ്റെ ക്രൂരമർദനത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചു. കുട്ടി നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
പീഡനവിവരങ്ങൾ
സ്ഥിരം മദ്യപാനിയായ പിതാവ് ഭാര്യയെയും മകളെയും ഒന്നര വർഷമായി നിരന്തരം മർദിക്കുകയും അർധരാത്രി വീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്യുമായിരുന്നു.കഴിഞ്ഞ ദിവസവും മർദനം ഉണ്ടായപ്പോഴാണ് മകൾ ആത്മഹത്യാശ്രമം നടത്തിയത്. ഭാര്യയ്ക്ക് തലയിലും കയ്യിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്.പിതാവ് പഠിക്കാൻ അനുവദിക്കില്ലെന്നും, സ്കൂളിൽ പോകരുതെന്ന് വിലക്കിയെന്നും, പുസ്തകങ്ങൾ വലിച്ചു കീറിയെന്നും കുട്ടി ഫോൺ സന്ദേശത്തിൽ ബന്ധുവിനോട് പങ്കുവെച്ചു.
അധികൃതരുടെ ഇടപെടൽ ഉണ്ടായില്ലെന്ന് പരാതി
ചൈൽഡ് ലൈനിലും നെയ്യാറ്റിൻകര പൊലിസ് സ്റ്റേഷനിലും പലതവണ പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ പരാതിപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്ന് പെൺകുട്ടി ബന്ധുവിനയച്ച ഫോൺ സന്ദേശത്തിൽ പറയുന്നു. പിതാവിനെ വിളിച്ചുവരുത്തി താക്കീത് നൽകി വിടുക മാത്രമാണ് പൊലിസ് ചെയ്തതെന്നും സന്ദേശത്തിൽ കുട്ടി ആരോപിക്കുന്നു.
പണത്തെച്ചൊല്ലിയുള്ള തർക്കം
ദേശീയപാത വീതികൂട്ടുന്നതിനായി സ്ഥലം ഏറ്റെടുത്ത വകയിൽ ലഭിച്ച 16.50 ലക്ഷം രൂപ ഭർത്താവ് നശിപ്പിച്ചതായി ഭാര്യ ആരോപിച്ചു. തുടർന്ന് റോഡരികിലുള്ള മൂന്നര സെന്റ് സ്ഥലവും വിൽക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. ഇതിനെ എതിർത്തതിന്റെ തുടർച്ചയായാണ് മർദനം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."