കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും
കൊച്ചി: കോതമംഗലത്ത് യുവാവിന്റെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. അൻസിൽ എന്ന യുവാവിനെ പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളും സുഹൃത്തും ആരോപിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ 2:30നാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
അൻസിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്, പെൺസുഹൃത്ത് അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകുകയായിരുന്നുവെന്നാണ്. ഇക്കാര്യം പൊലിസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അൻസിലിന്റെ ബന്ധുക്കളും യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവർക്കുമിടയിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നതായി വിവരം.
സുഹൃത്തിന്റെ വെളിപ്പെടുത്തലിൽ, യുവതി അൻസിലിന്റെ ഉമ്മയോട് "നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും" എന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. വിഷം നൽകിയ ശേഷം, "അൻസിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ" എന്ന് യുവതി ബന്ധുക്കളോട് പറഞ്ഞതായും സുഹൃത്ത് ആരോപിക്കുന്നു. അൻസിൽ തനിക്ക് വിഷം നൽകിയെന്ന് പൊലിസിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
യുവതിയുടെ വീട്ടിൽ നിന്ന് പൊലിസിന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. എന്നാൽ, മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകേണ്ടതുണ്ട്. സംഭവത്തിൽ അൻസിലിന്റെ കുടുംബവും സുഹൃത്തുക്കളും നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
In Kothamangalam, the death of a young man named Ansil has sparked serious allegations. His friend claims Ansil’s girlfriend invited him to her home and poisoned him, later informing his family to "take him away." Relatives allege prior conflicts and a threat to poison him. Police have detained the 30-year-old woman from Chelad and recovered a pesticide bottle from her home. Ansil informed police of the poisoning before his death. A postmortem is pending for clarity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."