ഡല്‍ഹി സ്‌ഫോടനം: പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന കാർ കണ്ടെത്തി; വാഹനം രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉപയോഗിച്ചെന്ന് സംശയം
ഡൽഹി: ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന
രണ്ടാമത്തെ കാർ കൂടി പൊലിസ് കണ്ടെടുത്തു. ഒരു ചുവപ്പ് എക്കോ സ്പോർട്ട് കാറാണ് ഫരീദാബാദ് പൊലിസ് പിടികൂടിയത്. DL 10 CK 0458 എന്ന നമ്പറിലുള്ള കാർ, ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്.
സ്ഫോടനത്തിനായി ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാറിന് പുറമെ, പ്രതികളായ ഉമറും മുസമിലും മറ്റ് രണ്ട് കാറുകൾ കൂടി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഡൽഹി ന്യൂ സീലംപൂരിലെ ഒരു വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. ഈ സ്ഥലത്ത് പൊലിസ് പരിശോധന നടത്തി. വ്യാജരേഖകൾ ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നാണ് പൊലിസ് നിഗമനം. 2017 നവംബര്‍ 22ന് രജൗരി ഗാര്‍ഡന്‍ ആര്‍ടിഒയില്‍ ഉമര്‍ ഉന്‍ നബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിത്.
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്‌ഫോടനം. ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് പൊട്ടിത്തെറിച്ചത്. കാറില്‍ ഒന്നിലധികം പേരുണ്ടായിരുന്നു. ഇതില്‍ കശ്മീരി സ്വദേശി ഡോ. ഉമര്‍ നബി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ശരീരങ്ങള്‍ ചിതറിയതിനാല്‍ തിരിച്ചറിയാനായി ഉമറിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും രക്തസാംപിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഉമറിന്റെ കാശ്മീരിലെ വീട്ടില്‍ എത്തിയാണ് മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു. ഉമര്‍ മുമ്പ് ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയിലും പൊലിസ് പരിശോധന നടത്തി. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആറേഴു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.ഐ.എക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ഞൂറിലധികം പൊലിസുകാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ചാന്ദ്‌നി ചൗക്ക് ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലും ഹരിയാനയിലും ജമ്മുകശ്മീരിലും റെയ്ഡുകള്‍ നടന്നു.
ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രി പരിസരവും മൗലന ആസാദ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയും തിങ്കളാഴ്ച രാത്രി മുതല്‍ സാക്ഷ്യംവഹിക്കുന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളുടെ ഉള്ളുലക്കുന്ന രംഗങ്ങളാണ് ചുറ്റും.
പരുക്കേറ്റവരെ എല്‍.എന്‍.ജെ.പിയിലേക്കും മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്കുമാണ് മാറ്റിയത്. ഒമ്പത് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും വിവിധ ശരീരാവശിഷ്ടങ്ങള്‍കൂടി കണക്കിലെടുത്ത് 13 വരെ ആയേക്കാമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ കൊണ്ടുപോയി.
യു.പി ഷാംലി സ്വദേശി 22കാരന്‍ നുഅ്മാന്‍ അന്‍സാരി, ബിഹാര്‍ സ്വദേശി ടാക്‌സി ട്രൈവര്‍ പങ്കജ് ചൗധരി, യു.പി ശ്രാവസ്തി സ്വദേശി ദിനേഷ് കുമാര്‍ മിശ്ര, ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായ യു.പി അംറോഹ സ്വദേശി അശോക് കുമാര്‍, ഡല്‍ഹി ശ്രീനിവാസ്പുരി സ്വദേശി 34കാരനായ അമര്‍ കഠാരിയ, യു.പി സ്വദേശി ലോകേഷ് അഗര്‍വാള്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റില്‍നിന്ന് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാനെത്തിയപ്പോഴാണ് ഷാംലിയില്‍ വ്യാപാരിയായ നുഅ്മാന്‍ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധു 21കാരനായ അമന് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. മരണ വിവരം അറിഞ്ഞ് കുടുംബം ചൊവ്വാഴ്ച അതിരാവിലെത്തന്നെ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ എത്തിയിരുന്നു.
കൊല്ലപ്പെട്ട പങ്കജ് സൈനി ബിഹാര്‍ സ്വദേശിയാണ്. ചാന്ദ്‌നി ചൗക്കില്‍ യാത്രക്കാരനെ ഇറക്കിവിട്ട ഉടനെയായിരുന്നു സ്‌ഫോടനം. ദിനേഷ് കുമാര്‍ മിശ്ര ചാന്ദ്‌നിചൗക്കില്‍ ക്ഷണക്കത്തുകള്‍ വില്‍ക്കുന്ന കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ സുഹൃത്തിനെ കാണാന്‍ ലാല്‍കില മെട്രോ സ്റ്റേഷന് സമീപത്ത് എത്തിയതായിരുന്നു അശോക് കുമാര്‍. അപകടസ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയിലെ ജഗത്പുരിലാണ് അശോക് ഭാര്യക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമൊപ്പം താമസിച്ചിരുന്നത്. ഫാര്‍മസി നടത്തിയിരുന്ന ഡല്‍ഹി ശ്രീനിവാസ് പുരി സ്വദേശിയായ 34കാരനായ അമര്‍ കഠാരിയ എന്നിവര്‍ കടയടച്ച് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.
The police have recovered a second car, a red Eco Sport (DL 10 CK 0458), allegedly used by the suspects involved in the Delhi Red Fort blast. The vehicle was found parked in Khandavali village, Faridabad, and was registered under a fake address in Delhi's New Seelampur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."