വളര്‍ത്തുനായയെ പിടിക്കാന്‍ വീട്ടിലേക്ക് പാഞ്ഞുകയറി കയറി പുലി: അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: വളര്‍ത്തു നായയെ പിടിക്കാനായി വീട്ടിലേക്ക് ഓടിക്കയറി പുലി. കൃത്യസമയത്ത് കതക് അടച്ചതിനാല്‍ വീട്ടിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. കോന്നിയിലാണ് സംഭവം. നായയെ കിട്ടാത്ത ദേഷ്യത്തില്‍ പുലി കതകിലും തറയിലുമെല്ലാം മാന്തിയ ശേഷമാണ് പുറത്തേക്ക് പോയത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള കലഞ്ഞൂര്‍ തട്ടാക്കുടി പൂമരുതിക്കുഴിയില്‍ വീട്ടിലേക്കാണ് ഇന്നലെ വൈകീട്ടോടെ പുലി ഓടിക്കയറിയത്. വീട്ടിലെ വളര്‍ത്തു നായയെ പിന്തുടര്‍ന്നു വന്നതാണ് പുലി. വൈകീട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊന്‍മേലില്‍ രേഷ്മയുടെ വീട്ടിലാണ് സംഭവം.
മൂത്ത കുട്ടിയെ അങ്കണവാടിയില്‍ നിന്നു വിളിച്ചു കൊണ്ടുവരാന്‍ ഇളയ കുട്ടിയുമായി പുറത്തു പോകാന്‍ തുടങ്ങുമ്പോഴായിരുന്നു പുലി വളര്‍ത്തുനായയെ ഓടിച്ച് പിന്നാലെ എത്തിയത്. നായ ആദ്യം അടുക്കളയിലേക്ക് ഓടിക്കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും കയറി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റി മുറിയുടെ കതക് അടയ്ക്കുകയായിരുന്നു. പുലി മടങ്ങിപ്പോയതിനു ശേഷം ഇവര്‍ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ആര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ നിന്നു പത്ത് കിലോമീറ്റര്‍ അകലെ കൂടല്‍ പാക്കണ്ടം ഭാഗത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. ഒരു വീട്ടിലെ 5 കോഴികളേയും പുലി കൊന്നു തിന്നു. പരിസരത്തെ സിസിടിവിയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പൂമരുതിക്കുഴിയിലും പാക്കണ്ടത്തും കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."