ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും
ന്യൂഡല്‍ഹി: ഏഴാം ദിവസവും ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി ഒഴിയുന്നില്ല. വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയേക്കും. കഴിഞ്ഞ ദിവസങ്ങളിലും തല്‍സ്ഥിതിയാണ് തുടര്‍ന്നിരുന്നത്. വെള്ളിയാഴ്ച മാത്രം ആയിരത്തിലേറെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
സര്‍വീസുകള്‍ മുടങ്ങിയതില്‍ ഇന്‍ഡിഗോക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡി.ജി.സി.എ വിലയിരുത്തിയിട്ടുള്ളത്. ഡി.ജിസി.എയുടെ കാരണം കാണിക്കല്‍ നോട്ടിസിനും ഇന്‍ഡിഗോ സി.ഇ.ഒ ഇന്ന് മറുപടി നല്‍കും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ട് നല്‍കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശമുണ്ട്.
ഇന്‍ഡിഗോക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നത് വരെ പരിഗണിക്കുന്നതായാണ് സൂചന. കമ്പനിക്ക് കനത്തപിഴ ചുമത്താനും നീക്കമുണ്ട്.
പൈലറ്റുമാരുടെ വിശ്രമ സമയംസംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വീഴ്ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടിനല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സര്‍വീസുകള്‍ പൂര്‍ണമായി പുനസ്ഥാപിക്കാന്‍ 10 ദിവസം കൂടി വേണ്ടിവരുമെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.
കൊള്ളയടി വേണ്ട
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രതിസന്ധി മുതലെടുത്ത് വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്രം. ഇന്‍ഡിഗോ വിമാനസര്‍വിസ് മുടങ്ങിയതുമൂലം യാത്രാപ്രതിസന്ധി രൂക്ഷമായ റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ കേന്ദ്രം പരിധി നിശ്ചയിച്ചു. യാത്രാ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചില വിമാനക്കമ്പനികള്‍ പത്തിരട്ടിയോളം വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് നടപടി.
മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം 500 കിലോമീറ്റര്‍ വരെ -7,500, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെ -12,000 രൂപ, 1000 മുതല്‍ 1500 വരെ -15,000 രൂപ, 15000ന് മുകളില്‍ -18,000 രൂപ എന്നീ നിരക്കുകളില്‍ കൂടുതല്‍ ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കില്ല. യൂസര്‍ ഡവലപ്മെന്റ് ഫീ, സര്‍വിസ് ചാര്‍ജ്, നികുതി എന്നിവ ഇതിനു പുറമെ ഈടാക്കാം. അതേസമയം, ഉഡാന്‍, ബിസിനസ് ക്ലാസുകള്‍ക്ക് ഈ നിരക്ക് ബാധകമല്ല. വിമാനക്കമ്പനികളില്‍നിന്ന് നേരിട്ട് വാങ്ങുന്ന ടിക്കറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വാങ്ങുന്നവയ്ക്കും നിരക്ക് പരിധി ബാധകമാണ്.
നിരക്കുകള്‍ സ്ഥിരത കൈവരിക്കുന്നത് വരെ പുതിയ നിരക്ക് കര്‍ശനമായി പാലിക്കണമെന്ന് വിമാനക്കമ്പനികളോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ടിക്കറ്റ് നിരക്കില്‍ ക്രമാനുഗതമായ വര്‍ധന മാത്രം വരുത്തുക, യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിധത്തിലുള്ള വര്‍ധന ഒഴിവാക്കുക, മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും അടിയന്തര യാത്ര ചെയ്യേണ്ടവര്‍ക്കും സാമ്പത്തിക പ്രയാസമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്നും മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
“indiGo continues to cancel flights across india amid crew shortage and new pilot-duty rules, leaving thousands of passengers stranded. check flight status before you travel.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."