'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ
ദുബൈ/മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ക്രെംലിനില്‍ വെച്ചായിരുന്നു നിര്‍ണായകമായ കൂടിക്കാഴ്ച. യുഎഇയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശന വേളയിലായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയില്‍ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ബഹിരാകാശം, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെ പ്രധാന മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അഞ്ച് പതിറ്റാണ്ടിലേറെയായി പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും കെട്ടിപ്പടുത്ത ബന്ധത്തിലെ പുരോഗതിയും ഇരുനേതാക്കളും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വ്യാപാര സേവന, നിക്ഷേപ കരാറില്‍ (ടിസിയ) ഒപ്പുവച്ചു എന്ന് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ഗതാഗതം, ലോജിസ്റ്റിക്‌സ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മേഖലകള്‍ ഈ കരാറില്‍ ഉള്‍പ്പെടുന്നു.
റഷ്യയും അര്‍മേനിയ, ബെലാറസ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയുള്‍പ്പെടെ മറ്റ് അംഗരാജ്യങ്ങളും ഉള്‍പ്പെടുന്ന യുറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായുള്ള (EAEU) യുഎഇയുടെ നിലവിലുള്ള സാമ്പത്തിക പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ടിസിയ കെട്ടിപ്പടുക്കുന്നത്. കരാര്‍ ഉഭയകക്ഷി സഹകരണത്തിനുള്ള ഒരു പ്രത്യേക ചട്ടക്കൂട് സ്ഥാപിക്കും. ഇത് വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും ഗണ്യമായ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടിസിയയ്ക്ക് പുറമേ, യുഎഇയുടെ ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയിയും റഷ്യയുടെ ഗതാഗത മന്ത്രി ആന്‍ഡ്രി നികിറ്റിനും കര ഗതാഗത സഹകരണത്തെ സംബന്ധിച്ച ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, സുഗമമായ വ്യാപാരത്തിനും ലോജിസ്റ്റിക്കല്‍ കൈമാറ്റങ്ങള്‍ക്കും കരാര്‍ വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മേഖലയില്‍ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ആദ്യപടിയായി ദ്വിരാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെയും അംഗീകരിക്കുന്നതിന്റെയും നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് നയതന്ത്ര ശ്രമങ്ങള്‍ തീവ്രമാക്കേണ്ടതിന്റെയും ആവശ്യകതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 2025 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന റഷ്യ-അറബ് ഉച്ചകോടിയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
അറബ് ലോകവുമായുള്ള റഷ്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഉച്ചകോടിയുടെ സാധ്യതകളെ ഇരു നേതാക്കളും അംഗീകരിച്ചു. സമീപ വര്‍ഷങ്ങളിലായി യുഎഇയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യ-യുഎഇ വ്യാപാരം ഇതിനകം 11.5 ബില്യണ്‍ ഡോളറിലെത്തിയെന്ന് ഷെയ്ഖ് മുഹമ്മദ് തന്റെ സന്ദര്‍ശന വേളയില്‍ പറഞ്ഞതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
UAE President Sheikh Mohammed bin Zayed Al Nahyan met Russian President Vladimir Putin to discuss expanding bilateral relations. The talks focused on trade, energy, and regional stability as Russia aims to deepen ties with the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."