ഖത്തറില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഡിജിറ്റല്‍ പെര്‍മിറ്റ്
ദോഹ: ഖത്തറില്‍ മാലിന്യ നിര്‍മാര്‍ജനം ലളിതമാക്കാന്‍ ഡിജിറ്റല്‍ പെര്‍മിറ്റ് സര്‍വിസുമായി ഖത്തര്‍ നഗരസഭ മന്ത്രാലയം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല കമ്പനികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ മാലിന്യനിര്‍മാര്‍ജന പ്രക്രിയ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നൂതന സംവിധാനമൊരുക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ലളിതമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കികൊണ്ട് മാലിന്യങ്ങള്‍ യഥാസ്ഥാനങ്ങളില്‍ നിക്ഷേപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.
ഖര മാലിന്യങ്ങള്‍, ഹരിത മാലിന്യങ്ങള്‍, പുനുരുപയോഗിക്കാവുന്നവ ഉള്‍പ്പെടെ മന്ത്രാലയത്തിനു കീഴിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ ഇതുവഴി നിക്ഷേപിക്കാവുന്നതാണ്. വിവിധ തരം മാലിന്യങ്ങള്‍ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി നിക്ഷേപിക്കാന്‍ ഗുണഭോക്താക്കളെ പ്രാപ്തരാക്കുകയാണ് മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പെര്‍മിറ്റ് പ്ലാറ്റ്‌ഫോം വഴി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര സീറോ വേസ്റ്റ് ഡേയുടെ ഭാഗമായാണ് മന്ത്രാലയം പുതിയ സേവനത്തിന്റെ പ്രഖ്യാപനം നടത്തിയത്.
നാഷനല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വഴിയാണ് ഡിജിറ്റല്‍ പെര്‍മിറ്റിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷകന്റെ പേജ്, ഗുണഭോക്താവിന്റെ പേജ്, ട്രാന്‍സാക്ഷന്‍ ലോഗ് പേജ് (എന്‍ട്രികള്‍, എക്സിറ്റ്, കുറിപ്പുകള്‍, ലംഘനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും), പെര്‍മിറ്റ് മാനേജ്മെന്റ് പേജ് (പുതിയ പെര്‍മിറ്റ് ഉണ്ടാക്കല്‍, വാഹനം കൂട്ടിച്ചേര്‍ക്കല്‍, മാലിന്യത്തിന്റെ തരം, പെര്‍മിറ്റ് നല്‍കല്‍) എന്നീ നടപടികളിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. വാഹന പെര്‍മിറ്റുകള്‍ ട്രാഫിക് വകുപ്പുമായി സംയോജിപ്പിക്കുകയും രജിസ്‌ട്രേഷനും ട്രാക്കിങ്ങും ഉള്‍പ്പെടുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."