അപകടത്തില്‍ യുവാവിന് പരുക്കേറ്റ സംഭവം: നായയെ പ്രതിയാക്കി തടിയൂരിയെന്ന് പരാതി
കൊല്ലം: കൊട്ടിയത്തു ബൈക്കില്‍ സഞ്ചരിച്ച പാരലല്‍ കോളജ് അധ്യാപകനായ യുവാവിന് കാര്‍ തട്ടി പരുക്കേറ്റ സംഭവം, കാറുടമ പട്ടിയെ പ്രതിയാക്കി രക്ഷപ്പെട്ടെന്ന് പരാതി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കണ്ണനല്ലൂര്‍ ആനാട് വീട്ടില്‍ സലാഹുദ്ദീന്‍ (36) ഒരാഴ്ചയിലേറെയായി ചികില്‍സയിലാണ്. കഴിഞ്ഞ 25 ന് ഉച്ചയ്ക്ക് ഒന്നിന് തഴുത്തല വാലിമുക്കിന് സമീപമായിരുന്നു അപകടം. കൊട്ടിയം ഭാഗത്തുനിന്ന് പാരലല്‍ കോളജിലെ ക്ലാസ് കഴിഞ്ഞ ശേഷം കണ്ണനല്ലൂരിലെ വീട്ടിലേക്ക് വരികയായിരുന്നു സലാഹുദ്ദീന്‍. കാര്‍ തട്ടിയിട്ടയുടനെ സലാഹുദ്ദീന്റെ ബോധം നഷ്ടമായതിനാല്‍ കാറിന്റെ നമ്പരോ ഉടമയെയോ കുറിച്ച് വിവരമൊന്നും കിട്ടിയില്ല. സംഭവം കണ്ട നാട്ടുകാരോട് ആദ്യം കാര്‍ നിര്‍ത്തി സംസാരിച്ച കാറുടമ ബൈക്കിന് മുന്നില്‍ പട്ടി കുറുകെ ചാടിയതാണെന്ന് പറഞ്ഞ് കാറുമയി കടന്നുകളയുകയായിരുന്നു.
കൈയുടെ എല്ലിന് പൊട്ടലും മുഖത്ത് പരുക്കുമേറ്റ സലാഹുദ്ദീന്‍ ക്ലാസെടുക്കാന്‍ പോലും പോകാനാവാത്ത അവസ്ഥയിലാണ്. സലാഹുദ്ദീനെ നാട്ടുകാരാണ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കൊട്ടിയം പൊലിസിനെ ആശുപത്രി അധികൃതരാണ് വിവരമറിയിച്ചത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അശ്രദ്ധമായി റോഡിലേക്ക് കയറ്റിയതാണ് അപകടത്തിന് കാരണം. അപകടം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വാഹന നമ്പര്‍ ഇല്ലാതെ കേസെടുക്കാനാവാതെ കുഴങ്ങുകയാണ് കൊട്ടിയം പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."