എ.ടി.എം കവര്‍ച്ചാ പ്രതി വാഹന മോഷണക്കേസില്‍ പിടിയില്‍
പെരുമ്പാവൂര്‍: എ.ടി.എം കൗണ്ടറുകള്‍ സ്‌ഫോടനം നടത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യ പ്രതിയുള്‍പ്പെടെ അഞ്ച് പേര്‍ വാഹന മോഷണക്കേസില്‍ പെരുമ്പാവൂര്‍ പൊലിസ് പിടിയിലായി. കാലടി മാണിക്യമംഗലം വടക്കിനിമാറാത്ത് വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന കൃഷ്ണദാസ് (25), കൂത്താട്ടുകുളം കിഴക്കൊമ്പ് സ്വദേശികളായ മതിലകത്തില്‍ വീട്ടില്‍ എബിന്‍ (25), ബിബിന്‍ (27), പെരുമ്പാവൂര്‍ സ്വദേശികളായ പള്ളിക്കവല വാഴയില്‍ വീട്ടില്‍ ചന്ദ്രബോസ് (52), അറക്കപ്പടി പുത്തന്‍പുരയില്‍ വീട്ടില്‍ അനസ് (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി നിരവധി ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച സംഘം വ്യാജ ആര്‍.സി ബുക്കുകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ സൈറ്റായ ഒ.എല്‍.എക്‌സ് വഴി വില്‍പന നടത്തിവരികയായിരുന്നു. കേസിലുള്‍പ്പെട്ടിട്ടുള്ള പത്തിലധികം പ്രതികള്‍ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. എബിനും കൃഷ്ണദാസും ചന്ദ്രബോസും കള്ളനോട്ട് പ്രിന്റ് ചെയ്‌തെങ്കിലും ഇത് വിപണിയിലിറക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ബൈക്ക് മോഷണത്തിലേക്ക് ഇവര്‍ തിരിഞ്ഞത്. പകല്‍ കറങ്ങി നടന്ന് ബുള്ളറ്റുകള്‍ നോട്ടമിടുന്ന സംഘം രാത്രിയില്‍ മോഷണം നടത്തി വാടക വീടുകളില്‍ സൂക്ഷിച്ചതിന് ശേഷമാണ് വ്യാജ ആര്‍.സി ബുക്കും പഞ്ചിംഗും മറ്റും തയ്യാറാക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും വാഹനത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് ആര്‍.സി തയ്യാറാക്കുന്നത്.
തയ്യാറാക്കിയ ആര്‍.സി ബുക്ക് ആര്‍.ടി ഓഫിസുകളില്‍ പേരുമാറി പോയിട്ടുണ്ട്. വ്യാജ ആര്‍.സി ബുക്കിലുള്ള ബുള്ളറ്റുകളുടെ എഞ്ചിന്‍ നമ്പറും ചെയ്‌സ് നമ്പറും മോഷ്ടിച്ച വാഹനങ്ങളില്‍ പഞ്ച് ചെയ്ത് ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിനായി പഞ്ചിംഗ് കിറ്റും ഇവരുടെ കൈവശമുണ്ടായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ കൃഷ്ണദാസ് ജൂണ്‍ 26ന് പുലര്‍ച്ചെ ആലുവ ദേശം കുന്നംപുറത്തുള്ള എസ്.ബി.ടി എ.ടി.എം കൗണ്ടറിലും കൂടാതെ കൊരട്ടറി സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എം കൗണ്ടര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രതികളുടെ ചിത്രങ്ങള്‍ അന്വേഷണത്തില്‍ പല സി.സി.ടി.വികളിലും പതിഞ്ഞിരുന്നു. കൂടാതെ പരസ്യം കണ്ട് വാഹനം വാങ്ങാനെത്തിയ കൊല്ലം സ്വദേശി താക്കോല്‍ കൈമാറുന്ന സമയത്തെടുത്ത ചിത്രമാണ് പ്രതികളെ കണ്ടെത്താന്‍ പൊലിസിനെ സഹായിച്ചത്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."