24 മണിക്കൂറിനകം എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണം
ന്യൂഡല്‍ഹി: പൊലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം പ്രഥമവിവര റിപ്പോര്‍ട്ടിന്റെ(എഫ്.ഐ.ആര്‍) പകര്‍പ്പ് വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ദുര്‍ബലമായ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങിലും 72 മണിക്കൂറിനുള്ളിലും അല്ലാത്തസ്ഥലങ്ങളില്‍ 24 മണിക്കൂറിനുള്ളിലും എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങിയ രണ്ടംഗബെഞ്ച് വ്യക്തമാക്കി. യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. കേസിന്റെ പ്രഥമഘട്ടത്തില്‍ 48 മണിക്കൂറിനകം സംസ്ഥാനങ്ങള്‍ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇതു കോടതി 24 മണിക്കൂറായി നിജപ്പെടുത്തുകയായിരുന്നു. തനിക്കെതിരായ കേസിന്റെ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റവാളിക്ക് കോടതിയില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കോടതി വ്യക്തമാക്കി. അതേസമയം ഭീകരപ്രര്‍ത്തനം, കലാപം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തുടങ്ങിയ വൈകാരികമായ കേസുകളുടെ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതില്‍ കോടതി ഇളവുനല്‍കി.
എഫ്.ഐ.ആര്‍ ഒരു പൊതുപ്രമാണം ആണെന്നും എന്നാല്‍ പൊതുജനത്തിന് അതിന്റെ പകര്‍പ്പ് ലഭിക്കുക എളുപ്പമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എഫ്.ഐ.ആര്‍ വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തുന്നത് പൊതുതാല്‍പ്പര്യമാണെന്നും ഇതുമൂലം പൊതുജനങ്ങള്‍ നേരിടുന്ന പല ബുദ്ധിമുട്ടുകളും ഒഴിവാക്കാമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."