കാണാതാകുന്ന കുട്ടികൾ എവിടെ പോകുന്നു? സംസ്ഥാനങ്ങൾ തമ്മിൽ സഹകരണത്തോടെ പ്രവർത്തിക്കുന്നില്ല, കുട്ടികളെ കണ്ടെത്താൻ ഏകീകൃത പോർട്ടൽ വേണമെന്ന് സുപ്രിം കോടതി
ന്യൂഡൽഹി: കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇവർക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രത്യേക പോർട്ടൽ സ്ഥാപിക്കാൻ സുപ്രിംകോടതി നിർദേശം. കുട്ടിക്കടത്തിനിരയായവർ, തട്ടിക്കൊണ്ടു പോകപ്പെട്ടവർ എന്നിവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് വിഭാഗങ്ങൾ തമ്മിൽ സഹകരണത്തോടെ പ്രവർത്തിക്കുന്ന സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
കാണാതായ കുട്ടികളുടെ അടിസ്ഥാന ഡാറ്റാബേസായി ഈ പോർട്ടൽ പ്രവർത്തിക്കും. ഇതിലൂടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും കേസുകൾ എല്ലാ സംസ്ഥാനത്തെയും പൊലിസ് വിഭാഗങ്ങൾക്ക് പരിശോധിക്കാനാകും. തട്ടിക്കൊണ്ടുപോയതോ കടത്തപ്പെട്ടതോ ആയ കുട്ടികളെ കണ്ടെത്തുന്നതിലും തിരിച്ചെത്തിക്കുന്നതിലുമുള്ള പ്രധാന ബുദ്ധിമുട്ടുകളിൽ ഒന്ന് കുറ്റകൃത്യത്തിന്റെ വിശാലമായ ശൃംഖലയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടിതമായ ഇത്തരം സംഘങ്ങളുടെ ഇരകളായ കുട്ടികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഓരോ സംസ്ഥാനവും പോർട്ടലിന്റെ ചുമതലക്കാരനായി ഉദ്യോഗസ്ഥനെ നിയമിക്കണം. ലഭ്യമാകുന്ന കേസുകളുടെ വിവരങ്ങൾ അതിലുൾപ്പെടുത്തണം. ക്രൈം മൾട്ടി ഏജൻസി സെന്റർ ആരംഭിച്ച 2020 മുതൽ കാണാതായ കുട്ടികളെക്കുറിച്ചുള്ള ജില്ലയും വർഷവും തിരിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താനും കോടതി നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."