ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിച്ച് റിപ്പോർട്ട്; എതിർത്ത് കുടുംബം, കോടതിയിലേക്ക്
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനു പിന്നാലെ ഒൻപതു വയസുകാരിയുടെ കൈമുറിച്ചുമറ്റിയ സംഭവത്തിൽ കുട്ടിയെ ചികിത്സിച്ചതിലോ പരിശോധിച്ചതിലോ ജില്ലാ ആശുപത്രിയിൽനിന്ന് ചികിത്സാ പിഴവില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫിസർ നൽകിയ റിപ്പോർട്ടാണ് ആശുപത്രിയെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോർട്ട് നൽകിയത്. എന്നാൽ അധികൃതരുടെ വാദത്തെ തള്ളി കുട്ടിയുടെ കുടുംബം രംഗത്തെത്തി.
ആരോപണ വിധേയരായ ഡോക്ടർമാരെ സംരക്ഷിക്കാനാണ് അധികൃതർ ശ്രമം നടത്തുന്നതെന്ന് മാതാവ് പ്രസീദ പറഞ്ഞു. തെറ്റിനെ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചുവെന്ന കാര്യം ജില്ലാ മെഡിക്കൽ ഓഫിസർ നൽകിയ റിപ്പോർട്ടിൽ പറയുന്നില്ല. കയ്യിൽ പഴുപ്പ് എങ്ങിനെ ഉണ്ടായി എന്നതിനും വിശദീകരണം ഇല്ല.
വീണു പരുക്കേറ്റതിന് പിന്നാലെ രണ്ടുദിവസം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിട്ടും മുറിവു പരിശോധിക്കാൻ അധികൃതർ തയ്യാറായില്ലെന്ന ആരോപണം നിലനിൽക്കെയാണ് കുറ്റക്കാരെ സംരക്ഷിച്ചുള്ള റിപ്പോർട്ടുകൾ. വിഷയത്തിൽ ആരോഗ്യവകുപ്പ് ഡയരക്ടരുടെ അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘം കുടുംബത്തിൻ്റെയും ആശുപത്രി അധികൃതരുടെയും വാദം കേൾക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുണ്ടാവുക.
നീതിതേടി കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ബാലാവകാശ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് യൂത്ത് കോൺഗ്രസ് നേരത്തെ പരാതി നൽകിയിരുന്നു. ജില്ലാ ആശുപത്രിയിൽ ഇന്നലെയും പ്രതിഷേധം തുടർന്നു.
അതേസമയം, ചികിത്സാ പിഴവ് കാരണം കൈ മുറിക്കേണ്ടിവന്ന ഒമ്പതു വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം അറിയിച്ചു. കുട്ടി ഐ.സി.യുവിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു.
പാലക്കാട് പല്ലശന സ്വദേശി വിനോദ്-പ്രസീദ ദമ്പതികളുടെ മകൾക്കാണ് കഴിഞ്ഞ ദിവസം വലതു കൈ മുറിക്കേണ്ടി വന്നത്. വീഴ്ചയിൽ എല്ല് പൊട്ടിയതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എക്‌സ് റേ എടുത്ത ശേഷം പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് അയക്കുകയായിരുന്നു. വേദന സഹിക്കാനാവാതെ വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും മരുന്ന് നൽകി വിട്ടയച്ചു. കൈ വിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട് ബോധക്ഷയം അനുഭവപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞദിവസം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."