ദുരന്തനിവാരണ പദ്ധതി; വയനാട്ടിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുമതി
തൊടുപുഴ: ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യുതി ബോർഡിന്റെ സ്ഥലത്ത് ഹെലിപ്പാഡ് നിർമിക്കാൻ അനുമതി. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ, പടിഞ്ഞാറത്തറ വില്ലേജിൽ ബാണാസുരസാഗർ പദ്ധതി പ്രദേശത്തെ 0.61 ഏക്കർ ഭൂമിയിൽ ഹെലിപ്പാഡ് അപ്രോച്ച് റോഡോടെ നിർമിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പൊതുമരാമത്ത് വകുപ്പ് കൽപ്പറ്റ റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നൽകാൻ കെ.എസ്.ഇ.ബി ഡയരക്ടർ ബോർഡ് യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഏജൻസിയായ എസ്.എ.എസ്.സി.ഐ (സ്‌പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്‌സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ്) യാണ് ഹെലിപ്പാട് നിർമിക്കാൻ ദുരന്ത നിവാരണ വകുപ്പിന് ഫണ്ട് അനുവദിക്കുന്നത്.
ഉപാധികളോടെ 50 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമാണ് പ്ലോട്ട് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി ബോർഡിന് ഹെലിപ്പാഡ് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കും എന്നതാണ് പ്രധാന വ്യവസ്ഥ. ഭൂമിയുടെ ഉടമസ്ഥാവകാശം വൈദ്യുതി ബോർഡിൽ നിലനിൽക്കും. ഭൂമി നിശ്ചയിക്കപ്പെട്ട ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കണം. നിർമാണത്തിന് കെ.എസ്.ഇ.ബിക്ക് ബാധ്യത ഉണ്ടാകാൻ പാടില്ല. നിർമാണ പ്രവർത്തനങ്ങൾ ബാണാസുരസാഗർ ഡാമിന്റെയും അനുബന്ധ ഘടനകളുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം.
ഭൂമിയിലേക്കുള്ള പ്രവേശനത്തിന് തടസമുണ്ടാക്കരുത്. നിർമാണ പ്രവർത്തനങ്ങൾ റിസർവോയറിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കരുത്. ആവശ്യമെങ്കിൽ വനം/റവന്യൂ പോലുള്ള മറ്റ് വകുപ്പുകളുടെ ക്ലിയറൻസുകൾ/എൻ.ഒ.സി. നേടാനുള്ള ഉത്തരവാദിത്തം പി.ഡബ്ല്യു.ഡി /ദുരന്ത നിവാരണ വകുപ്പിനായിരിക്കും.
പദ്ധതി നിർവഹണം ഫീൽഡ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചായിരിക്കും നടത്തുന്നതെന്ന് പി.ഡബ്ല്യു.ഡി. ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. കേന്ദ്ര ധനമന്ത്രാലയവും ടൂറിസം മന്ത്രാലയവും ചേർന്ന് സംസ്ഥാനങ്ങൾക്കായി ആരംഭിച്ച കേന്ദ്ര സർക്കാർ സംരംഭമാണ് സ്‌പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്‌സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ്. മൂലധനച്ചെലവുള്ള പദ്ധതികൾക്കായി സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ നൽകുന്നതാണ് എസ്.എ.എസ്.സി.ഐ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."