സൈബർ ക്രൈം സ്‌റ്റേഷനുകൾ ഇനി സൈബർ ഡിവിഷന് കീഴിൽ; പുനഃസംഘടിപ്പിച്ച് ഉത്തരവ്
കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനിടെ സൈബർ ക്രൈംപൊലിസ് സ്‌റ്റേഷനുകളെ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്. 20 പൊലിസ് ജില്ലകളിലായുള്ള സൈബർ പൊലിസ് സ്‌റ്റേഷനുകളെ തിരുവനന്തപുരം പൊലിസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ ഡിവിഷന് കീഴിലാക്കിയാണ് പുനഃസംഘടിപ്പിച്ചത്. സർക്കാർ ഉത്തരവിന് പിന്നാലെ ഇന്ന് രാവിലെ എ.ഡി.ജി.പി എസ്.ശ്രീജിത്ത് ജില്ലാ പൊലിസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ സൈബർ സ്‌റ്റേഷനുകളുടെ തുടർപ്രവർത്തനവും ഘടനയും സംബന്ധിച്ച് വ്യക്തത വരുത്തും.
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണവും പ്രതിരോധവുമെല്ലാം ഡിവിഷന് കീഴിലാക്കണമെന്ന് ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൈബർ സ്‌റ്റേഷനുകളുടെ ചുമതല ഡിവിഷന് കൈമാറിയത്. സൈബർ ഓപ്പറേഷൻ വിഭാഗം ഐ.ജിക്കാണ് സൈബർ ഡിവിഷന്റെ ചുമതല.
സൈബർ സ്‌റ്റേഷനുകളെ പുനഃസംഘടിപ്പിച്ചതോടെ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി (ഐ.സി.ടി) വിഭാഗത്തെ കൂടി ഡിവിഷന്റെ കീഴിലാക്കി. ഐ.സി.ടി എസ്.പിയുടെ കീഴിൽ രണ്ട് ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി എട്ട് യൂനിറ്റുകളായി തിരിച്ചാണ് ഇനി സൈബർ കേസുകൾ അന്വേഷിക്കുക. ഡിവിഷന് കീഴിൽ സൈബർ ഓപ്പറേഷൻ, ടെലികമ്മ്യൂണിക്കേഷൻ വിഭാഗങ്ങളായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്. ഇതിന് പുറമേയാണ് ഇപ്പോൾ സ്‌റ്റേഷനുകളെ കൂടി ഉൾപ്പെടുത്തിയത്.
നിലവിൽ ജില്ലാ പൊലിസ് മേധാവിമാരുടെ കീഴിലാണ് സൈബർ സ്‌റ്റേഷനുകൾ പ്രവർത്തിക്കുന്നത്. സൈബർ വിദഗ്ധരായ, പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിരുന്നു സംസ്ഥാനത്തുടനീളമുള്ള സൈബർ സ്‌റ്റേഷനുകളെ ശക്തിപ്പെടുത്തിയത്. സ്‌റ്റേഷന്റെ ചുമതല ജില്ലാ പൊലിസ് മേധാവിമാർക്കായിരുന്നു. ക്രമസമാധാന ചുമതല വഹിക്കുന്ന ജില്ലാ പൊലിസ് മേധാവിമാർ സൈബർ കേസുകൾ കൂടി നോക്കേണ്ടത് അന്വേഷണത്തിലും മറ്റും സാങ്കേതികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സ്‌റ്റേഷനുകളെ ഡിവിഷന് കീഴിലാക്കി പുനഃസംഘടിപ്പിച്ചത്.
സൈബർ കുറ്റകൃത്യം മുൻകൂട്ടി അറിഞ്ഞു തടയുന്നതിനുള്ള സൈബർ പട്രോളിങ്, ഗവേഷണം, കേസന്വേഷണം എന്നിവയെല്ലാം ഇനി ഡിവിഷന്റെ നിയന്ത്രണത്തിലാകും. സൈബർ ഡിവിഷന്റെ ചുമതലയുള്ള ഐ.ജി തസ്തികയിൽ ആളില്ല. അതിനാൽ അധിക ചുമതല കൂടി ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി എസ്.ശ്രീജിത്തിനാണ്.
കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 41,431 കേസുകളിലായി സൈബർ തട്ടിപ്പിലൂടെ 764 കോടി രൂപയായിരുന്നു കവർന്നത്. ഈവർഷം ആദ്യത്തെ ആറു മാസം 23,891 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ കേസുകളിലായി 413 കോടി രൂപയാണ് നഷ്ടമായത്. രണ്ട് വർഷങ്ങളിലായി ഏറ്റവും കൂടുതൽ തുക നഷ്ടമായത് വ്യാജ ട്രേഡിങ് ആപ്പ് വഴിലാണ്. ഇത്തരത്തിലുള്ള കേസുകളിൽ അതിവേഗത്തിലുള്ള അന്വേഷണത്തിനും പ്രതിരോധത്തിനുമായാണ് ഡിവിഷന്റെ കീഴിൽ സൈബർ സ്‌റ്റേഷനുകൾ പുനഃസംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."