ലക്ഷം തൊടാന്‍ പൊന്ന്; പവന്‍ വില ഇന്ന് 90,000 കടന്നു
ലക്ഷം തൊടാനുള്ള കുതിപ്പില്‍ സ്വര്‍ണ വില. ഇന്ന് പവന്‍ വില 90,000 കടന്നിരിക്കുകയാണ്. തുടര്‍ച്ചയായ ആറാം ദിവസമാണ് വില വര്‍ധിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില ഇത്രയും ഉയരുന്നത്. ഗ്രാമിന് സെപ്റ്റംബര്‍ 28ന് 10,585 രൂപയായിരുന്നു. പത്ത് ദിവസത്തിനിടെ 705 രൂപ കൂടിയാണ് 11,290ലെത്തിയത്. അതായത് ഇത്രയും ദിവസത്തിനിടെ പവന് 5,640 രൂപ വര്‍ധിച്ചു. ഇടയ്ക്ക് ചില ദിവസങ്ങളില്‍ നേരിയ തോതില്‍ വില കുറഞ്ഞിരുന്നു. എന്നാല്‍ കുതിപ്പിന് തടയിടാവുന്ന കുറവായിരുന്നില്ല അത്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയടക്കം ലക്ഷം രൂപയിലധികം നല്‍കേണ്ടി വരും എന്നതാണ് നിലവിലെ അവസ്ഥ.
ഇന്നത്തെ വില ഇങ്ങനെ
22 കാരറ്റ് ആണ് കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,290 ലെത്തി. പവന് 840 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് പവന് 90,320 രൂപയായി.
24 കാരറ്റ്
ഗ്രാമിന് 115 രൂപ കൂടി 12,317
പവന് 920 രൂപ കൂടി 98,536
22 കാരറ്റ്
ഗ്രാമിന് 105 രൂപ കൂടി 11,290
പവന് 840 രൂപ കൂടി 90,320
18 കാരറ്റ്
ഗ്രാമിന് 86 രൂപ കൂടി 9,238
പവന് 688 രൂപ കൂടി 73,904
സപ്തംബറില്‍ കൂടിയത് 11,840 രൂപ
11,840 രൂപയാണ് സ്വര്‍ണത്തിന് ഒരുമാസത്തിനിടെ കൂടിയത്. സെപ്തംബര്‍ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍, സെപ്തംബര്‍ 30-ന് 86,760 രൂപയായി.
ഒക്ടോബര്‍ മാസത്തിലും ഇതേ വര്‍ധന തുടരുകയാണ്. ഒക്ടോബര്‍ 1ന് രാവിലെ 87,000 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കുതിപ്പായിരുന്നു. അതിനിടക്ക് നേരിയ കുറവും രേഖപ്പെടുത്തി. ഒക്ടോബര്‍ 3ന് രാവിലെ രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
രാജ്യത്ത് ദീപാവലി, ദസറ തുടങ്ങിയ ഉത്സവകാല സീസണിന് തുടക്കമായിരിക്കുകയാണ്. മാത്രമല്ല വിവാഹ സീസണും തുടങ്ങാനിരിക്കുകയാണ്. ഈ സമയത്ത് വില കുത്തനെ വര്‍ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
അഡ്വാന്‍സ് ബുക്കിങ് ഉപയോഗപ്പെടുത്താം
ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നത് ഗുണം ചെയ്യും. മിക്കവരുമിപ്പോള്‍ ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."