മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; 22-കാരനായ വിദ്യാർഥിയുടെ വയറ് കീറി, രക്ഷപ്പെടാൻ ഓടിയപ്പോൾ കൈയിലെ വിരലും മുറിച്ചു
കാൺപുർ: ഉത്തർപ്രദേശിൽ മരുന്നിന്റെ വിലയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 22-കാരനായ നിയമവിദ്യാർഥിയെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനും കൂട്ടരും ചേർന്ന് വയറ് കീറുകയും കൈവിരലുകൾ മുറിക്കുകയും ചെയ്തു. കാൺപുരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ആദ്യ വർഷ നിയമവിദ്യാർഥിയായ അഭിജിത് സിങ് ചന്ദേലിനാണ് ക്രൂരമായ ആക്രമണം ഏൽക്കേണ്ടിവന്നത്. മരുന്നിന്റെ വിലയെച്ചൊല്ലിയുള്ള തർക്കം പെട്ടെന്ന് തന്നെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ അമർ സിങ്, ഇയാളുടെ സഹോദരൻ വിജയ് സിങ്, മറ്റ് രണ്ട് കൂട്ടുകാർ എന്നിവർ ചേർന്നാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്.ആദ്യം വിദ്യാർഥിയുടെ തലക്കടിച്ച അക്രമികൾ, മുഖത്ത് ചോരയൊലിച്ച് അഭിജിത് തറയിൽ വീണപ്പോൾ കൂർത്ത ആയുധം കൊണ്ട് വയറ് കീറി. ജീവന് വേണ്ടി നിലവിളിച്ച് അഭിജിത് അവിടെ നിന്ന് എഴുന്നേറ്റ് ഓടിയെങ്കിലും അക്രമികൾ പിന്നാലെ ഓടി പിടികൂടി കൈയിലെ രണ്ട് വിരലുകൾ മുറിച്ചുമാറ്റി.
നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.ഗുരുതര പരിക്കേറ്റ അഭിജിത് സിങ് ചന്ദേലിന്റെ തലയിൽ 14 തുന്നലുകൾ ഇട്ടിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."