ഭീതിപടര്‍ത്തി പുതിയങ്ങാടി കടപ്പുറത്ത് 'സുനാമി'; രക്ഷാപ്രവര്‍ത്തനങ്ങളുമായി അധികൃതരും
കോഴിക്കോട്: സമയം രാവിലെ 11 മണി. പാക് തീരത്തെ മക്രാന്‍ മേഖലയില്‍ 9.0 തീവ്രതയില്‍ 'ഭൂചലനം' ഉണ്ടായതായി ഇന്ത്യന്‍ സുനാമി മുന്നറിയിപ്പു കേന്ദ്രത്തില്‍നിന്നു സന്ദേശം ലഭിക്കുന്നു. ഉടന്‍ സുനാമി ദുരന്തത്തെ നേരിടാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിനു ശേഷം കോസ്റ്റല്‍ പൊലിസ്, കോസ്റ്റ്ഗാര്‍ഡ്, ലോക്കല്‍ പൊലിസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, എന്‍.ഡി.ആര്‍.എഫ്, ആര്‍.ആര്‍.എഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ക്കു ജാഗ്രതാ സന്ദേശം അയക്കുന്നു. ഉടന്‍ ഇവര്‍ സംഘങ്ങളായി പ്രകൃതി ദുരന്തം നേരിടാന്‍ കര്‍മസജ്ജരായി പുതിയങ്ങാടിയിലേക്ക്.
പുതിയങ്ങാടി കടപ്പുറത്തെത്തിയ സംഘങ്ങള്‍ ബീച്ചിലുള്ളവരെയെല്ലാം അതിവേഗം ഒഴിപ്പിച്ചു. കാഴ്ച കാണാനെത്തിയവരില്‍ പലരും കാര്യമെന്തെന്നറിയാതെ ശങ്കിച്ചു. സുനാമിയെന്നു കേട്ടപാടെ ചിലര്‍ സ്ഥലം കാലിയാക്കി. മറ്റുചിലര്‍ എല്ലാം കാമറയില്‍ പകര്‍ത്തി അനങ്ങാതെ നിന്നു. എല്ലാവരെയും ഒരുവിധത്തില്‍ കാര്യം പറഞ്ഞു മനസിലാക്കിയപ്പോഴേക്കും സമയം പന്ത്രണ്ടാകാറായി. പ്രദേശവാസികളായ 204 പേരെ സംഘം ഒഴിപ്പിച്ചു. ഇവര്‍ക്ക് പുതിയങ്ങാടി മാപ്പിള എ.യു.പി സ്‌കൂളിലാണു താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയത്. 'പരുക്കേറ്റവരെയും' 'കടലില്‍നിന്നു രക്ഷപ്പെടുത്തിയവരെ'യും എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിലെത്തിച്ച് 'അടിയന്തര' ചികിത്സ നല്‍കി.
ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞ് ഏറെ സമയം പിന്നിട്ടാണ് ഇതെല്ലാം മോക്ഡ്രില്ലായിരുന്നുവെന്നു കാഴ്ചക്കാര്‍ക്കു മനസിലായത്. യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഹൈദരാബാദ് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് പുതിയങ്ങാടിയില്‍ അന്താരാഷ്ട്ര സുനാമി മോക് ഡ്രില്‍ സംഘടിപ്പിച്ചത്. മോക്ഡ്രില്ലിലൂടെ സുനാമി പോലുള്ള അതിവിനാശകരമായ പ്രകൃതി ദുരന്തങ്ങള്‍ക്കു മുന്നോടിയായി സ്വീകരിക്കേണ്ട തയാറെടുപ്പുകള്‍, സുരക്ഷാ സംവിധാനങ്ങള്‍, വിനിമയോപാധികള്‍, ഒരുക്കങ്ങള്‍, പുനരധിവാസ പരിപാടികള്‍ എന്നിവ ഉറപ്പുവരുത്താനും വിലയിരുത്താനും സാധിച്ചു.
മോക്ഡ്രില്ലിന്റെ ഓണ്‍സൈറ്റ് ഇന്‍സിഡന്റ് കമാന്‍ഡറായി ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ടി.സി വേണുഗോപാലന്‍ ജനങ്ങളെ സ്ഥലമൊഴിപ്പിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അസി. കമാന്‍ഡര്‍ രാജന്‍ ബാലുവിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ എന്‍.ഡി.ആര്‍.എഫ് റീജ്യനല്‍ റെസ്‌ക്യു സെന്ററിലെ 20 പേരും സംസ്ഥാന പൊലിസിന്റെ എസ്.ഡി.ആര്‍.എഫിലെ അഞ്ചുപേരും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘവും ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും കോസ്റ്റല്‍ പൊലിസും കോസ്റ്റ്ഗാര്‍ഡും ലോക്കല്‍ പൊലിസും സമയോചിതമായ ഇടപെടലുകളാണു നടത്തിയത്.
ആവശ്യത്തിന് ആംബുലന്‍സ് സൗകര്യവും ഫയര്‍ എന്‍ജിനുകളും സ്ഥലത്ത് എത്തിച്ചിരുന്നു. പൊലിസ് ജീപ്പില്‍ രാവിലെ ജാഗ്രതാസന്ദേശം ലഭിച്ചയുടന്‍ വാഹനത്തില്‍ സുനാമി മുന്നറിയിപ്പു നല്‍കി.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കലക്ടറേറ്റില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍റൂമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ഹസാര്‍ഡ് അനലിസ്റ്റ് പി. അശ്വതി, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. ഇ. ബിജോയ്, സ്വതന്ത്ര നിരീക്ഷകയായി സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ ജെ.സി ഹെലന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."