ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് 279 പേര്‍
തെല്‍ അവീവ്: ഗസ്സയില്‍ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കുന്നതിനിടെ ഇസ്‌റാഈല്‍ സൈനികരില്‍ നിരവധി പേര്‍ മനസ്സ് മടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. സൈനികര്‍ക്കിടയില്‍ ആത്മഹത്യാ ശ്രമങ്ങള്‍ വര്‍ധിച്ചതായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. 2024 ജനുവരി മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ 279 ഐ.ഡി.എഫ് സൈനികര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് കെനേസത്ത് ഗവേഷണ, വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. സര്‍വിസിലുള്ള സൈനികരുടെ കണക്കാണെന്നും സൈനിക സേവനം പൂര്‍ത്തിയാക്കിയ വിമുക്തഭടന്മാരുടേതല്ലെന്നും റിപ്പോര്‍ട്ട് പ്രത്യേകം എടുത്ത് പറയുന്നുണ്ട്.
ഇക്കാലയളവില്‍ ഒരു സൈനികന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആനുപാതികമായി ഏഴ് സൈനികര്‍ ആത്മഹത്യാശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടിയായ ഹദാഷ് താലിന്റെ പാര്‍ലമെന്റംഗം ഓഫിര്‍ കാസിഫിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്. ഐ.ഡി.എഫ് മെഡിക്കല്‍ കോര്‍പ്സിന്റെ മാനസികാരോഗ്യ കേന്ദ്രം നല്‍കിയ വിവരങ്ങളുടെയും പാര്‍ലമെന്റ് കമ്മിറ്റി ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
2024-ല്‍ ഇസ്‌റാഈലില്‍ ആകെ ആത്മഹത്യ ചെയ്തവരില്‍ 78 ശതമാനവും സൈനികരാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ വര്‍ധനവാണ്. ഗസ്സ വംശഹത്യ തുടങ്ങുന്നതിന് മുമ്പ് 2023-ല്‍ ഇത് 17 ശതമാനമായിരുന്നു. 2017 മുതല്‍ 2025 ജൂലൈ വരെ ആകെ 124 സൈനികരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 68 ശതമാനം നിര്‍ബന്ധിത സൈനിക സേവനത്തിലുള്ളവരും 21 ശതമാനം ആക്ടീവ് റിസര്‍വ് സര്‍വീസിലുള്ളവരും 11 ശതമാനം കരിയര്‍ സൈനികരുമാണ്. ജീവനൊടുക്കിയ സൈനികരില്‍ 17 ശതമാനം പേര്‍ മാത്രമാണ് മരണത്തിന് തൊട്ടുമുമ്പുള്ള രണ്ട് മാസത്തിനുള്ളില്‍ മനശ്ശാസ്ത്ര വിദഗ്ധരുടെ സേവനം തേടിയതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
ഐ.ഡി.എഫ് മെഡിക്കല്‍ കോര്‍പ്സിന്റെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിവിധ കെനെസെറ്റ് കമ്മിറ്റികളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നുമാണ് മിക്ക ഡാറ്റയും നല്‍കിയത്.
മരണസമയത്ത് സേവനമനുഷ്ഠിച്ച സൈനികരെ മാത്രമേ ഈ കണക്കുകള്‍ പരാമര്‍ശിക്കുന്നുള്ളൂ - അത് സാധാരണ സേവനത്തിലായാലും റിസര്‍വ് സേവനത്തിലായാലും - റിപ്പോര്‍ട്ട് പറയുന്നു,. സൈനിക ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ശേഷം ആത്മഹത്യ ചെയ്ത സൈനികരെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ഗസ്സയില്‍ കുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന ഭീകരദൃശ്യങ്ങളും സൈനികരുടെ മരണങ്ങളും ഇവരില്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദീര്‍ഘകാലം യുദ്ധമേഖലയില്‍ തുടരേണ്ടി വന്നതുണ്ടാക്കിയ ആശങ്കയും മാനസിക സംഘര്‍ഷത്തിന് കാരണമായി.റിസര്‍വ് സൈനികരെ വലിയ തോതില്‍ അണിനിരത്തിയത് ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സൈനികരുടെ മാനസികാരോഗ്യ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ഐ.ഡി.എഫ് അറിയിച്ചു. സൈനികരുടെ മാനസിക പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനായി കമാന്‍ഡര്‍മാര്‍ക്കുള്ള പരിശീലനം വിപുലീകരിക്കാനാണ് നീക്കം. മനശ്ശാസ്ത്ര വിദഗ്ധരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാനും ഐ.ഡി.എഫ് പദ്ധതിയിടുന്നു.
സൈനികരുടേത് ആത്മഹത്യാ മഹാമാരിയാണെന്നാണ് പാര്‍ലമെന്റംഗം ഓഫിര്‍ കാസിഫ് പറഞ്ഞത്. ഇത് വരും മാസങ്ങളില്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും കാസിഫ് മുന്നറിയിപ്പ് നല്‍കി.
'മനുഷ്യജീവനേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല, യുദ്ധം അവസാനിച്ച സാഹചര്യത്തില്‍ ആത്മഹത്യാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. സൈനികര്‍ക്ക് മാനസിക പിന്തുണ മെച്ചപ്പെടുത്തണം. എല്ലാറ്റിനുമുപരിയായി, യുദ്ധങ്ങള്‍ അവസാനിപ്പിച്ച് യഥാര്‍ത്ഥ സമാധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സൈനികരെ യുദ്ധത്തിന് പറഞ്ഞുവിടുകയും തടങ്കലിലടക്കാന്‍ ഇടവരുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, പിന്നീട് അവരെ ഉപേക്ഷിക്കുകയാണ്. സര്‍ക്കാര്‍ അവര്‍ക്കെതിരെയാണ് പോരാടുന്നത്' -കാസിഫ് പറഞ്ഞു.
അതിനിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ വീണ്ടും ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളും ഉള്‍പെടെ 63 പേര്‍ കൊല്ലപ്പെട്ടു. 24 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അഭയാര്‍ഥി ക്യാംപുകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ആശുപത്രികള്‍ക്ക് നേരേയും സയണിസ്റ്റ് സേന ആക്രമണം നടത്തി. അല്‍ ശിഫ ആശുപത്രിക്ക് സമീപവും മിസൈല്‍ പതിച്ചു. ഇതോടെ, രണ്ടാഴ്ച നീണ്ട ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
the number of suicide attempts among israeli soldiers has increased sharply, with 279 soldiers reportedly trying to take their own lives since 2024. the issue has raised serious concerns within the israeli defense forces.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."