അതിദരിദ്രരില്ലെന്ന പ്രഖ്യാപനം കേന്ദ്ര പദ്ധതികളെ ബാധിച്ചേക്കും; സംസ്ഥാനത്ത് 64,006 അതിദരിദ്രരെന്ന് ഔദ്യോഗിക കണക്കുകൾ
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കുന്നതോടെ കേന്ദ്രസർക്കാർ ആനുകൂല്യങ്ങളെ ബാധിച്ചേക്കുമെന്ന് വിദഗ്ധർ. അതിദരിദ്രർക്കായി കേന്ദ്രസർക്കാർ നിരവധി ആനുകൂല്യങ്ങളാണ് നൽകിവരുന്നത്. അതിദരിദ്രരെ സഹായിക്കുന്നതിൽ പ്രധാനം റേഷൻ കാർഡ് വഴിയുള്ള ആനുകൂല്യങ്ങളാണ്. അന്ത്യോദയ അന്നയോജന വഴി ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏറ്റവും ദാരിദ്ര്യമുള്ള കുടുംബങ്ങൾക്ക് സംസ്ഥാനങ്ങൾ വഴി സബ്‌സിഡി നിരക്കിൽ (നിലവിൽ സൗജന്യമായി) ഭക്ഷ്യധാന്യം നൽകുന്നുണ്ട്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം (അരിയും ഗോതമ്പും) സൗജന്യമായി ലഭിക്കുന്നു. സംസ്ഥാനത്ത് 5.85 ലക്ഷം മഞ്ഞ കാർഡ് ഉടമകളുണ്ട്.
കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് ഗ്രാമപ്രദേശങ്ങളിലെ ദരിദ്രർക്ക് വീട് നിർമിക്കുന്നതിന് സാമ്പത്തികസഹായം നൽകിവരുന്നു. കേരളത്തിൽ ഈ പദ്ധതി സംസ്ഥാനത്തിന്റെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചാണ് നടപ്പാക്കിവരുന്നത്. വീട് നിർമിക്കുന്നതിന് ധനസഹായമായി 1.20 ലക്ഷം മുതൽ 1.30 ലക്ഷം വരെ അതിദരിദ്രർക്ക് നൽകും. വീടുമായി ബന്ധപ്പെടുത്തി മറ്റ് സൗകര്യങ്ങൾക്കും (ശൗചാലയം നിർമിക്കാൻ സ്വച്ഛ് ഭാരത് മിഷൻ വഴി ധനസഹായം) ആനുകൂല്യങ്ങൾ ലഭിക്കുന്നു. അതിദരിദ്രരുടെ കണക്കനുസരിച്ച് കോടിക്കണക്കിന് രൂപയാണ് ഈ രംഗത്തും കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മറ്റൊരു കേന്ദ്രപദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രകാരം ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരുവർഷം 100 ദിവസത്തെ ഉറപ്പുള്ള തൊഴിൽ അനുവദിച്ചിരുന്നു. അതിദരിദ്ര കുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതിനാണിത്. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി അനുസരിച്ച് സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്നതിലൂടെ വായ്പ, പരിശീലനം, മറ്റ് സാമ്പത്തികസഹായങ്ങൾ എന്നിവ നൽകി ദരിദ്രരെ സ്വയംപര്യാപ്തരാക്കുന്നുമുണ്ടായിരുന്നു.
വൃദ്ധർ, വിധവകൾ, അംഗപരിമിതർ എന്നിവർക്ക് സാമ്പത്തികസഹായം നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷനുകൾ ദേശീയ സാമൂഹികസഹായ പദ്ധതിയാണ്. ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ 60 വയസിന് മുകളിലുള്ള അതിദരിദ്രർക്ക് പെൻഷൻ നൽകുന്നതാണ്. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകൾക്ക് പെൻഷൻ നൽകുന്നതാണ്. ഈ പദ്ധതികളിൽ ഇതുവരെ ഉൾപ്പെട്ടിരുന്ന കേരളം, രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ആനുകൂല്യങ്ങളെല്ലാം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. സംസ്ഥാനത്ത് ആകെ 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്നാണ് സർക്കാർ കണക്ക്.
അളവുകോൽ എം.പി.ഐ
ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ) അനുസരിച്ച് രാജ്യത്ത് ഏറ്റവും കുറവ് അതിദാരിദ്ര്യ കുടുംബങ്ങളുള്ള സംസ്ഥാനം കേരളമാണെന്ന് നിതി ആയോഗിന്റെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2021ൽ ഇത് .71 ശതാനമായിരുന്നെങ്കിൽ 2023ൽ .55 ആയി കുറഞ്ഞിരുന്നു. എന്നാൽ, അതിദരിദ്രർ ഇല്ലാതായിയെന്ന് റിപ്പോർട്ടുകളില്ലായിരുന്നു. പോഷകാഹാരം, ശിശുമരണനിരക്ക്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സ്‌കൂൾ വർഷങ്ങളിൽ പങ്കെടുത്തത്, സ്‌കൂളിൽ ഹാജരായത്, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ (സൈക്കിൾ, റേഡിയോ, കംപ്യൂട്ടർ, മൃഗങ്ങൾ, റേഡിയോ, ടി.വി) എന്നിവയുൾപ്പെടെ 10 സൂചകങ്ങളാണ് ബഹുമുഖ ദാരിദ്ര്യ സൂചികയ്ക്ക് പരിഗണിക്കുന്നത്.
kerala will be declared free from extreme poverty today, but experts warn this could impact central government benefits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."