പത്രപ്രവര്‍ത്തകനായിട്ട് എത്ര കാലമായി?; പി.എം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട്, മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി എന്ന് മറുചോദ്യം ചോദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ് മുഖ്യമന്ത്രി.
വിവാദത്തിന് ശേഷമുള്ള ആദ്യ പിബി യോഗത്തിന്റെ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം.യോഗത്തില്‍ വിഷയം ചര്‍ച്ചയായോ എന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു പി.എം ശ്രീ കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചത്. കത്ത് വൈകുന്നതില്‍ അതൃപ്തി അറിയിക്കാന്‍ സി.പി.ഐ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് കത്തയച്ചത്.
ഒക്ടോബര്‍ 29ലെ മന്ത്രിസഭാ യോഗം പദ്ധതി മരവിപ്പിക്കാന്‍ തീരുമാനമെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും കത്തയക്കാന്‍ വൈകുന്നതിലെ അതൃപ്തി മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. പിന്നാലെ മാധ്യമങ്ങളെ കണ്ട സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പി.എം ശ്രീയിലെ ഉറപ്പു പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന പ്രതികരണവും നടത്തി. പിന്നാലെയാണ് കത്തയച്ചത്.
ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ തയാറാക്കിയ കത്ത് മുഖ്യമന്ത്രി കണ്ടശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ ഓഫിസിലെത്തിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്ക്കുശേഷം വകുപ്പ് സെക്രട്ടറിയുടെ ഓഫിസില്‍നിന്നാണ് കേന്ദ്രത്തിനു കത്തയച്ചത്. ധാരണപത്രം മരവിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. പദ്ധതി പരിശോധിക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നും മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ പറയുന്നു.
അതേസമയം ഒപ്പിട്ട ധാരണപത്രത്തില്‍നിന്ന് സ്വന്തംനിലയ്ക്കു പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമോ എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പദ്ധതിയില്‍ ഒപ്പിട്ടതിനു പിന്നാലെ 92 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നു. ബാക്കി തുക കൂടി അടുത്തു തന്നെ ലഭിക്കാനിരിക്കെയാണ് ഇപ്പോള്‍ കത്തയച്ചത്.
മന്ത്രിസഭയിലും എല്‍.ഡി.എഫിലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കഴിഞ്ഞ മാസം കരാറില്‍ ഒപ്പിട്ടതു വന്‍ വിവാദമായിരുന്നു. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പി.എം ശ്രീ എന്നും യാതൊരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്നും സി.പി.ഐ നിലപാടെടുത്തു. സി.പി.എമ്മും സര്‍ക്കാരും വഴങ്ങാതെ വന്നതോടെ മന്ത്രിസഭയില്‍നിന്നു വിട്ടു നില്‍ക്കുമെന്നും സി.പി.ഐ കടുപ്പിച്ചു പറഞ്ഞു. തുടര്‍ന്നാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.
English Summary: Kerala Chief Minister Pinarayi Vijayan reacted sharply to a journalist’s question on the PM SHRI scheme, asking, “How long have you been a journalist?” The incident occurred in Delhi during a lunch break at the CPM Politburo meeting — the first after the controversy surrounding the PM SHRI agreement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."