തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമചിത്രം ഇന്ന് വ്യക്തമാക്കും. ഓരോ വാർഡിലും എത്ര പേരാണ് സ്ഥാനാർഥികളായി ഉണ്ടാവുകയെന്ന് ഇന്നറിയാം. ഇനിയുള്ള ഓരോ ദിവസവും സ്ഥാനാർഥികൾക്കും പാർട്ടി പ്രവർത്തകർക്കും വിശ്രമമില്ലാത്ത പകലിരവുകളാകും.
ഇന്ന് വൈകീട്ട് മൂന്നുവരെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസരമുള്ളത്. വൈകുന്നേരം മൂന്നിന് ശേഷം മത്സരരംഗത്ത് തുടരുന്നവർക്ക് ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയുടെ പകർപ്പ് സ്ഥാനാർഥികൾക്കോ അവരുടെ ഏജന്റുമാർക്കോ നൽകും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക.
സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക.സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയാറാക്കിയ നോട്ടിസ് നൽകി നാമനിർദേശപത്രിക പിൻവലിക്കാം.സൂക്ഷ്മപരിശോധനയിൽ സംസ്ഥാനത്ത് 1,07,210 സ്ഥാനാർഥികളുടെ 1,54,544 നാമനിർദേശ പത്രികകളാണ് സ്വീകരിച്ചിട്ടുള്ളത്. 2,479 പത്രികകൾ തള്ളിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം നാളെ മുതൽ 28 വരെ ജില്ലകളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ചവർ പരിശീലനത്തിന് ഹാജരാകണമെന്ന് കമ്മിഷൻ അറിയിച്ചു. പരിശീലനത്തിന് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കർശന നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."