ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു
തിരുവനന്തപുരം: ആഡംബര കാർ വാങ്ങി നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഹൃത്വിക് (28) ആണ് മരിച്ചത്. മകൻ മരിച്ചതോടെ, ഹൃത്വിക്കിന്റെ അച്ഛൻ വിനായനന്ദനെതിരെ (55) കൊലപാതകമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും.
കഴിഞ്ഞ മാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാർ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക് വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയിരുന്നു.ഇതിനു മുൻപ് തന്നെ, ഏകദേശം 15 ലക്ഷം രൂപ വിലയുള്ള ഒരു ആഡംബര ബൈക്ക് വിനായനന്ദൻ മകന് വാങ്ങി നൽകിയിരുന്നു.കാർ ഇപ്പോൾ വാങ്ങാൻ സാമ്പത്തിക സ്ഥിതിയില്ലെന്ന് അച്ഛൻ വ്യക്തമാക്കിയത് മകനെ പ്രകോപിപ്പിച്ചു.
സംഭവദിവസം ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തുകയും മകൻ അച്ഛനെ ആക്രമിക്കുകയും ചെയ്തു.തുടർന്ന് പ്രകോപിതനായ അച്ഛൻ വിനായനന്ദൻ, സമീപത്തുണ്ടായിരുന്ന കമ്പിപ്പാരയെടുത്ത് മകൻ ഹൃത്വിക്കിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ വിനായനന്ദനെ വഞ്ചിയൂർ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മകൻ മരിച്ച സാഹചര്യത്തിൽ, നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്ന വിനായനന്ദനെതിരെ ഇനി കൊലപാതകം അടക്കമുള്ള കടുത്ത വകുപ്പുകൾ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."