നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു
ഊട്ടി: നീലഗിരി ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മസിനഗുഡിയിലെ മാവനല്ലായിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവ, ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും റിപ്പോർട്ടുണ്ട്.
മാവനല്ല സ്വദേശിനിയായ ബി. നാഗിയമ്മാൾ (65) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.തിങ്കളാഴ്ച ഉച്ചയോടെ ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സംഭവം.പ്രദേശത്തെ പുഴയ്ക്ക് സമീപം ആടുകളെ മേയ്ക്കുന്നതിനിടെ അടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് കടുവ ചാടിവീണ് നാഗിയമ്മാളിനെ ആക്രമിക്കുകയായിരുന്നു.കടുവ കടിച്ചുകീറിയ സ്ത്രീയുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
കടുവയുടെ സാന്നിധ്യം; മൃതദേഹം മാറ്റാൻ വൈകി
വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശക്തമായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർക്ക് മൃതദേഹത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. ഏകദേശം അരമണിക്കൂറിന് ശേഷം കടുവ കാട്ടിലേക്ക് പോയതിന് ശേഷമാണ് അധികൃതർ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച നടക്കും.
പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം
മുതുമല ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എം.ജി. ഗണേശന്റെ നേതൃത്വത്തിൽ പ്രദേശത്ത് കനത്ത നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി നാല് സംഘങ്ങളെ നിയോഗിക്കുകയും മേഖലയിൽ 20 ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.നരഭോജി കടുവയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.പുലർച്ചെയും വൈകിട്ടും പ്രാഥമിക ആവശ്യങ്ങൾക്കായി പോലും ജനങ്ങൾ പുറത്തിറങ്ങരുതെന്നും, ഇതിനായി ഉച്ചഭാഷിണി ഉപയോഗിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.സംഭവത്തെ തുടർന്ന് പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."