സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്
കൊപ്പൽ: കർണാടകയിലെ കൊപ്പലിൽ സർക്കാർ സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവം ഞെട്ടലുണ്ടാക്കി. ശ്രീ ഡി ദേവരാജ് പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലാണ് ബുധനാഴ്ച രാവിലെ 16 വയസ്സുള്ള വിദ്യാർത്ഥിനി പ്രസവിച്ചത്.
സംഭവത്തിൽ, കുകന്നൂർ പൊലിസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം 23-കാരനായ യുവാവിനും മറ്റ് ആറ് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ സംരക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആറ് പേർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഹന്ത് സ്വാമിയാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.
ബുധനാഴ്ച രാവിലെ 5.30-ഓടെ ശുചിമുറിയിൽ വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകിയ വിവരം ഹോസ്റ്റൽ ജീവനക്കാരാണ് സഖി കേന്ദ്രത്തിൽ വിളിച്ച് അറിയിച്ചത്.
ഗർഭിണിയായിട്ടും കണ്ടെത്താനായില്ല: ഡോക്ടർമാർക്കെതിരെ നടപടി
നിലവിൽ വിദ്യാർത്ഥിനിക്കും നവജാത ശിശുവിനും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. 23-കാരനായ ഹനുമഗൗഡ വിവാഹ വാഗ്ദാനം നൽകി തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി വിദ്യാർത്ഥിനി ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥനോട് മൊഴി നൽകി. ഈ വർഷം ഏപ്രിൽ മാസത്തിൽ നിരവധി തവണ ഇയാൾ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും, പ്രായപൂർത്തിയായില്ലെന്ന് അറിഞ്ഞുകൊണ്ട് ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം സ്ഥാപിച്ചതായും പെൺകുട്ടി മൊഴിയിൽ പറയുന്നു.
ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.വാർഡൻ ശശികല,മുതിർന്ന അധ്യാപകരായ പ്രഭാകർ, യാൻകപ്പ,ദേശീയ ശിശു സംരക്ഷണ പദ്ധതിയിലെ ഡോക്ടർമാരായ ഡോ. ഭരതേഷ് ഹിരേമത്, ഡോ. സബിയ എന്നിവർക്കെതിരെയാണ് നടപടി.
വിദ്യാർത്ഥിനി ഗർഭിണിയായിരുന്നിട്ടും, ഹോസ്റ്റലിൽ പതിവായി നടത്തുന്ന ആരോഗ്യ പരിശോധനകളിൽ പോലും അസ്വാഭാവികതകളൊന്നും കണ്ടെത്താൻ കഴിയാതിരുന്നതിനാണ് ഇവർക്കെതിരെ കൃത്യവിലോപത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംരക്ഷിക്കാത്തതിനും കേസ് എടുത്തത്.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 23-കാരൻ ഹനുമഗൗഡയെ പൊലിസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സമാനമായ മറ്റൊരു സംഭവം ഓഗസ്റ്റ് മാസത്തിൽ യാഡ്ഗിറിലെ സർക്കാർ റെസിഡൻഷ്യൽ സ്കൂളിലെ ശുചിമുറിയിൽ ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നൽകിയപ്പോഴും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."