മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും: രാഷ്ട്രീയവല്‍ക്കരണത്തിൻറെ വിരോധാഭാസങ്ങള്‍
വിമര്‍ശന നിരീക്ഷണത്തിനുള്ള യോഗ്യത കൈവന്നശേഷം ഞാന്‍ ആദ്യമായി ചെയ്തത് എനിക്ക് അനന്തരമായി ലഭിച്ച ആ നിര്‍ജീവ മതമാകുന്ന മാലയെ എന്റെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെറിയുകയെന്നതാണ്. ഇന്ന് മുസ്‌ലിംകളില്‍ കാണപ്പെടുന്ന അതേ മതത്തിനാണ് യഥാര്‍ത്ഥ ഇസ് ലാമെന്ന് പറയുന്നതെങ്കില്‍ ഇന്ന് ഞാനും നിരീശ്വരവാദികളില്‍ ഉള്‍പ്പെട്ടു പോകുമായിരുന്നു.' ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ല മൗദൂതിയുടെതാണീ വാക്കുകള്‍.
പൊട്ടിച്ചെറിയലിന്റെയും പൊട്ടിത്തെറിയുടെയും നീണ്ട ചരിത്രമാണ് ജമാഅത്തെ ഇസ്‌ലാമി. രാഷ്ട്രീയക്കണ്ണിലൂടെ ഇസ്‌ലാമിനെ ദര്‍ശിച്ച മൗദൂദിസാഹിബ് ഇസ്‌ലാമിക വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങള്‍ക്ക് രാഷ്ട്രീയ നിര്‍വ്വചനം നല്‍കി. ഇസ്‌ലാമിന്റെ ശോഭന നാളുകളെ വികൃതമായി ചിത്രീകരിക്കുന്ന, വിശുദ്ധ ഖുര്‍ആനെ സംശയദൃഷ്ടിയോടെ കാണാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി, നിരീശ്വരവാദികള്‍ക്ക് ദീനിനെ വികലമായി ചിത്രീകരിക്കാനുള്ള വാതിലുകള്‍ തുറന്നു കൊടുത്തു.
രാഷ്ട്രീയവല്‍ക്കരണം
ഇലാഹ്, റബ്ബ, ഇബാദത്ത്, ദീന്‍ എന്നീ നാല് സാങ്കേതിക ശബ്ദങ്ങളെപ്പറ്റി മൗദൂദി എഴുതി: 'ഖുര്‍ആന്‍ അവതരണ വേളയില്‍ സുഗ്രാഹ്യമായിരുന്ന ഈ പദങ്ങളുടെ മൗലീകാശയങ്ങള്‍ പില്‍ക്കാല നൂറ്റാണ്ടുകളില്‍ ക്രമേണ ക്രമേണ മാറിക്കൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍, പ്രസ്തുത പദങ്ങള്‍ക്ക് അവയുടെ വിശാലമായ അര്‍ത്ഥം നഷ്ടപ്പെടുകയും അങ്ങേയറ്റം പരിമിതവും അവ്യക്തവുമായ ആശയങ്ങളില്‍ അവ ഒതുങ്ങിപ്പോവുകയും ചെയ്തു. കളങ്കമറ്റ് അറബി ഭാഷാസ്വാദനത്തില്‍ സംഭവിച്ച അപചയമായിരുന്നു അതിന് കാരണം. ഖുര്‍ആന്റെ അവതരണവേളയില്‍ അനിസ്‌ലാമിക സമൂഹത്തില്‍ ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ പദങ്ങള്‍ക്ക് പ്രചാരത്തിലുണ്ടായിരുന്ന അര്‍ത്ഥങ്ങള്‍ പിന്നീട് ഇസ്‌ലാമിക സമൂഹത്തില്‍ ജനിച്ചു വളര്‍ന്നവരെ സംബന്ധിച്ചെടുത്തോളം അവശേഷിച്ചിരുന്നില്ല എന്നതാണ് മറ്റൊരു കാരണം. ഈ രണ്ടു കാരണങ്ങളാല്‍ പില്‍ക്കാലത്ത് വന്ന ഭാഷാകൃതികളും വ്യാഖ്യാനഗ്രന്ഥങ്ങളും മിക്ക ഖുര്‍ആനിക പദങ്ങളെയും അവയുടെ മൗലികമായ ഭാഷാര്‍ത്ഥങ്ങള്‍ക്ക് പകരം അന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കിയിരുന്ന അര്‍ത്ഥങ്ങളില്‍ വിശദീകരിച്ചു തുടങ്ങി............... തത്ഫലമായി വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന പ്രമേയംതന്നെ ഗ്രഹിക്കാന്‍ ജനങ്ങള്‍ക്ക് പ്രയാസമായി....... മൗലിക പ്രാധാന്യമുള്ള ഈ നാല് സാങ്കേതിക പദങ്ങളുടെ ആശയങ്ങളുടെ മേല്‍ മറവീണതിന്റെ ഫലമായി ഖുര്‍ആന്റെ മുക്കാല്‍ ഭാഗം അധ്യാപനം, എന്നല്ല അതിന്റെ സാക്ഷാല്‍ ചൈതന്യം ദൃഷ്ടികള്‍ക്ക് ഗോചരമല്ലാതായി എന്നതാണ് സത്യം. ഇസ്‌ലാം സ്വീകരിച്ചിട്ടും ആളുകളുടെ വിശ്വാസങ്ങളിലും കര്‍മ്മങ്ങളിലും പ്രകടമായിക്കൊണ്ടിരിക്കുന്ന ന്യൂനതകള്‍ക്ക് വലിയൊരു കാരണവും ഇതുതന്നെയാണ്. (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ - പേ. 14, 15).'
ഇസ്‌ലാമിന്റെ ഗതകാല ചരിത്രത്തെ ഇരുണ്ടതും വികൃതവുമായി ചിത്രീകരിക്കുന്ന, ഖുര്‍ആനിനും ഹദീസിനും വിരുദ്ധമായ ഈ വാദം നാം അംഗീകരിക്കുകയാണെങ്കില്‍ ഖുര്‍ആനിക അധ്യാപനങ്ങളും ദീന്‍ മുഴുവനും അസ്വീകാര്യവും അവ്യക്തവുമായി മാറും. പ്രസംഗത്തിന്റെയും, എഴുത്തിന്റെയും ബലത്തില്‍ നിഘണ്ടുകളുടെ സഹായത്തോടെ ദീനിനെ മാറ്റി മറിക്കാനുള്ള കവാടം നിരീശ്വരവാദികളുടെ മുമ്പില്‍ തുറക്കപ്പെടും. അബുല്‍ ഹസന്‍ അലി നദ്‌വി എഴുതിയിരുന്നു: ഈ വാദം മതപ്രബോധകരും സന്ദേശവാഹകരുമായ, ദീനിനെ വ്യാഖ്യാനിക്കാനും കാത്തു സൂക്ഷിക്കാനും ബാധസ്ഥരായ ഈ ഉത്തമ സമൂഹത്തിന്റെ യോഗ്യതയിലും സാധുതയിലും സംശയം ജനിപ്പിക്കും. ഈ സമൂഹത്തിന്റെ ഗതകാല ചരിത്രത്തിലും മുജദ്ദിദുമാരുടേയും മുജ്തഹിദുകളുടേയും വൈജ്ഞാനിക സംഭാവനകളിലും സന്ദേഹമുണ്ടാക്കും. ഭാവിയിലും ഇത് ചിന്താക്കുഴപ്പം സൃഷ്ടിക്കും. (അസ്‌ളെഹാളില്‍ മെ ദീന്‍ കീ തഫ്ഹീം. പേ. 34).'
ദീനിനെ രാഷ്ട്രീയവല്‍ക്കരിച്ചു മൗദൂതി എഴുതി: ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റാണെന്നും ശരീഅത്ത് എന്നത് ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയക്കുന്നതാണ് ഇബാദത്ത് എന്ന് പറയപ്പെടുന്നതെന്നുമുള്ള വസ്തുത വ്യക്തമായിത്തീരുന്നതാണ്.(ഖുതുബാത്ത് പേ. 378).
നിസ്‌കാരം, ഹജ്ജ്, സക്കാത്ത്, നോമ്പ് തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാന ഘടകങ്ങള്‍ സ്റ്റേറ്റ് സ്ഥാപിക്കാനുള്ള പരിശീലനമാണെന്ന് അദ്ദേഹം വാദിച്ചു. 'ഖുതുബാത്തില്‍ മൗദൂദി എഴുതി:'ഈ നിസ്‌കാരവും നോമ്പും സക്കാത്തും, ഹജ്ജും യഥാര്‍ത്ഥത്തില്‍ ഇതേ തയ്യാറെടുപ്പിനും പരിശീലനത്തിനും വേണ്ടിയാണ്. പട്ടാളം, പോലീസ്, സിവില്‍ സര്‍വീസ് മുതലായവയ്ക്ക് വേണ്ടി ലോകത്തൊട്ടാകെയുള്ള ഭരണകൂടങ്ങള്‍ ജനങ്ങളെ തെരഞ്ഞെടുത്തു പ്രത്യേക പരിശീലനം നല്‍കി സ്ഥിരം ജോലിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതുപോലെ അല്ലാഹുവിന്റെ ദീന്‍ ഇസ്‌ലാമും അവന്ന് സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആദ്യം പ്രത്യേക ട്രെയിനിംഗ് നല്‍കുന്നു. പിന്നീട് ജിഹാദിനും ഹുകുമത്തെ ഇലാഹിക്കുംവേണ്ടി അവന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.(ഖുതുബാത്ത് പേ. 215).

മൗദൂദി മറ്റൊരു പുസ്തകത്തില്‍ എഴുതി 'ഈ ലക്ഷ്യത്തിന് വേണ്ടിയാണ് ഇസ്‌ലാമില്‍ നിസ്‌കാരവും നോമ്പും സക്കാത്തും ഹജ്ജും നിര്‍ബന്ധമാക്കപ്പെട്ടത്. ഇവയെപ്പറ്റി ഇബാദത്ത് എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം ഇവമാത്രമാണ് ഇബാദത്ത് എന്നല്ല. അടിസ്ഥാന ഇബാദത്തിന് വേണ്ടി ജനങ്ങളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന് വേണ്ടിയുള്ള നിര്‍ബന്ധ ട്രെയ്‌നിംഗ് കോഴ്‌സാണത്.' (ഇസ്‌ലാമി ഇബാദത്ത് പര്‍ തഹ്ഖീഖി നസര്‍. പേ. 12)
ദീനിനെ സ്റ്റേറ്റില്‍ പരിമിതപ്പെടുത്താനും നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവയെ വെറും ട്രെയിനിംഗ് കോഴ്‌സാക്കി മാറ്റാനും മൗദൂദിയെ പ്രേരിപ്പിച്ച വസ്തുതയിലേക്ക് വിരല്‍ചൂണ്ടി മന്‍സൂര്‍ ജഅ്മാനി എഴുതുന്നു 'പരലോകം, സ്വര്‍ഗ്ഗം, നരകം തുടങ്ങിയ വിഷയങ്ങളേക്കാള്‍ രാഷ്ട്രീയത്തിനും ഭരണത്തിനും ഇരുപതാം നൂറ്റാണ്ടില്‍ വന്‍ പ്രാധാന്യം ലഭിച്ചിരുന്നു. അവിഭക്ത ഭാരതത്തില്‍ കോണ്‍ഗ്രസ്സിനും, മുസ്‌ലിംലീഗിനുമെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തിപ്പെട്ടു വരികയായിരുന്നു. എല്ലാ വിഭാഗങ്ങളിലും രാഷ്ട്രീയ സ്വാധീനം പ്രകടമായിരുന്നു. ഈ അന്തരീക്ഷത്തില്‍ തന്റെ പ്രസ്ഥാനം പ്രചരിപ്പിക്കാനും അഭ്യസ്തവിദ്യരായ യുവാക്കളെ ആകര്‍ഷിക്കാനും ലാഇലാഹഇല്ലല്ലാഹ് എന്ന തിരുവചനത്തിനും വിശുദ്ധ ഇസ്‌ലാമിനും രാഷ്ട്രീയ നിര്‍വചനം ഫലപ്രദമാകുമെന്ന് മൗദൂദി ചിന്തിച്ചു. ഏക ദൈവ വിശ്വാസവുമായി കൂടുതല്‍ ബന്ധമുള്ള സാങ്കേതിക പദങ്ങള്‍ക്ക് രാഷ്ട്രീയ നിര്‍വ്വചനം നല്‍കാന്‍ മൗദൂദി തീരുമാനിച്ചു.' (മൗദൂദി കെ സാത് . പേ. 93,94)
നബിമാര്‍ക്കെതിരേ
ആദം, ഇബ്രാഹീം, യൂസുഫ്, യൂനുസ്, ദാവൂദ്, മൂസ(അ) മുതലായ നബിമാരെ കുറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്ത മൗദൂദി പ്രവാചകന്മാരില്‍നിന്ന് തെറ്റുകള്‍ സംഭവിക്കാമെന്ന് വാദിച്ചു. അദ്ദേഹം എഴുതുന്നു 'പ്രവാചകന്മാരുടെ ശാരീരിക അനിവാര്യതകളില്‍പെട്ടതല്ല പാപസുരക്ഷിതത്വം പ്രവാചകബാധ്യതകള്‍ നിറവേറ്റാന്‍വേണ്ടി തെറ്റുകുറ്റങ്ങളില്‍നിന്ന് അല്ലാഹു അവരെ കാത്തുസൂക്ഷിക്കുന്നു. അല്‍പ്പ സമയത്തേക്ക് ഈ സംരക്ഷണം അല്ലാഹു പിന്‍വലിച്ചാല്‍ മറ്റു മനുഷ്യരെപ്പോലെ അവരില്‍ നിന്ന് തെറ്റുകള്‍ ഉണ്ടാകാവുന്നതാണ്. ഇവിടെ നിഗൂഢമായ ഒരു രഹസ്യം കൂടിയുണ്ട്. അല്ലാഹു മന:പൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അവന്റെ സംരക്ഷണം ഉയര്‍ത്തി എല്ലാ പ്രവാചകന്മാരില്‍നിന്നും ഒന്നും രണ്ടും പാകപ്പിഴകള്‍ ചെയ്യിക്കുന്നു. ജനങ്ങള്‍ പ്രവാചകന്മാരെ ദൈവമെന്ന് ധരിക്കാതിരിക്കാനും വെറും മനുഷ്യരാണെന്ന് മനസ്സിലാക്കാനുമാണിത്(തഫ്ഹീമാത്ത് 2/57).
അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) യെപ്പോലും അദ്ദേഹം വെറുതെ വിട്ടില്ല. വിവാദ കൃതിയായ 'ഖുര്‍ആന്‍ കി ചാര്‍ബുന്‍യാദീ ഇസ്തിലാഹേന്‍' എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി: മുഹമ്മദ് നബി ആജ്ഞാപിക്കപ്പെട്ട ഈ കൃത്യം അങ്ങനെ പൂര്‍ണത പ്രാപിച്ചപ്പോള്‍ അല്ലാഹു അവിടത്തെ ഓര്‍മ്മിപ്പിക്കുകയാണ് - മഹത്തായ ഈ വിജയം താങ്കളുടെ സാമര്‍ത്ഥ്യത്തിന്റേയോ പ്രവര്‍ത്തന ചാരുതിയുടേയോ ഫലമാണെന്ന് ധരിച്ച് അഭിമാനം നടിക്കരുത്. അന്യൂനവും സമ്പൂര്‍ണ്ണവുമായ സത്ത താങ്കളുടെ റബ്ബിന്റേതു മാത്രമാകുന്നു. അതിനാല്‍ ഈ മഹാദൗത്യം പൂര്‍ത്തീകരിക്കാന്‍ അനുഗ്രഹിച്ച അല്ലാഹുവിനെ പ്രകീര്‍ത്തിക്കുക; അവനെ പുകഴ്ത്തുക; അവനോട് ഇപ്രകാരം പ്രാര്‍ത്ഥിക്കുക : നാഥാ, ഈ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ സേവനത്തില്‍ എന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വല്ല കുറവുകളോ, പോരായ്മകളോ വന്നുഭവിച്ചിട്ടുണ്ടെങ്കില്‍ അതെനിക്ക് പൊറുത്തുതരേണമേ.(ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍. പേ. 105)
ജൂതരുടെ പാത?
ജമാഅത്തെ ഇസ്‌ലാമിയുടെ ജിഹ്വയായ തര്‍ജുമാനു ഖുര്‍ആനില്‍ മൗദൂദി എഴുതി: ഈ ദഅ്‌വത്തും പ്രസ്ഥാനവുമില്ലാത്ത എല്ലാ ദഅ്‌വത്തും പ്രസ്ഥാനവും അസത്യവും മിഥ്യയുമാണ്.' ദ തര്‍ജുമാന്‍ (വാ. 16, ല. 3) ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമാകാതെ പുറത്തുനില്‍ക്കുന്നവരെപ്പറ്റി മൗദൂദി സാഹിബ് പറയുന്നത് നോക്കൂ. ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം വ്യക്തമായിപ്പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഏതെങ്കിലും മുസ്‌ലിം സമൂഹത്തില്‍ നമ്മുടേത് പോലെയുള്ള ദഅ്‌വത്ത്' ജന്മമെടുക്കുന്നതോടെ ആ സമൂഹം വലിയൊരു പരീക്ഷണത്തിന് വിധേയമാകുന്നു. സത്യത്തിന്റെ ചില ചിതറിയ ഭാഗങ്ങള്‍ അസത്യത്തിന്റെ കലര്‍പ്പുമായി കൂടിക്കലര്‍ന്നു വരുമ്പോള്‍ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചെടുത്തോളം അതു സ്വീകരിക്കാതിരിക്കാനുള്ള ബൗദ്ധിക കാരണം ലഭ്യമാണ്. അവരുടെ ക്ഷമാപണം സ്വീകാര്യവുമാണ്. എന്നാല്‍ സത്യം മുഖം മൂടിയില്ലാതെ യഥാര്‍ത്ഥ രൂപത്തില്‍ മുമ്പില്‍ വരികയും മുസ്‌ലിംകളാണെന്ന് വാദിക്കുന്ന ജനങ്ങളെ അതിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്താല്‍ അവനെ സംബന്ധിച്ചെടുത്തോളം രണ്ടിലൊന്ന് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ഒന്നുകില്‍ ഈ സംഘടനയില്‍ ചേര്‍ന്ന് ഇതിനു വേണ്ടി സേവനങ്ങള്‍ ചെയ്യുക. മുസ്‌ലിം സമൂഹം ജന്മംകൊണ്ടതിന്റെ ആത്യന്തികലക്ഷ്യം ഇത്തരം സേവനമാണല്ലോ. അല്ലെങ്കില്‍ ഈ സംഘടനയെ എതിര്‍ത്ത് മുമ്പ് ജൂതര്‍ തെരഞ്ഞെടുത്ത അതേ സ്ഥാനം തെരഞ്ഞെടുക്കുക. ഈ രണ്ടുവഴിയല്ലാതെ മൂന്നാമതൊരു വഴി മുസ്‌ലിംസമൂഹത്തിന് അവശേഷിക്കുന്നില്ല. ഈ ദഅ്‌വത്ത് ഇപ്പോള്‍ ഇന്ത്യയില്‍ ഉയര്‍ത്തെഴുന്നേറ്റതിനാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പരീക്ഷണത്തിന്റെ ഭായാനക നിമിഷം ആസന്നമായിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കും ഈ ദഅ് വത്ത് എത്തിക്കാന്‍ നാം തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. നാമീ ഉദ്യമത്തില്‍ വിജയിച്ചാല്‍ എവിടെയൊക്കെ ഈ ദഅ്‌വത്ത് എത്തുമോ അവിടത്തെ മുസ്‌ലിമും ഈ പരീക്ഷണത്തിന് വിധേയനാകും. (റൂദാദ് ജമാഅത്തെ ഇസ്‌ലാമി 2/17,18)
ജമാഅത്തെ ഇസ്‌ലാമിയുടെ ദഅ്‌വത്ത് എത്തിയ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തൊണ്ണൂറ്റഞ്ചു ശതമാനത്തിലധികം വരുന്ന മുസ്‌ലിംകള്‍ ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിച്ചിട്ടില്ല. ഇവരെല്ലാം ജൂതരുടെ പാത സ്വീകരിച്ചവരാണെന്നാണ് മൗദൂദിയുടെ പ്രസ്താവനയുടെ ചുരുക്കം. കഴിഞ്ഞ പതിനാല് നൂറ്റാണ്ടിനിടയില്‍ പല കാലഘട്ടങ്ങളിലായി വന്ന ഒരൊറ്റ പണ്ഡിതനും മൗദൂദി പറഞ്ഞതുപോലെ തന്റെ പ്രബോധനം അംഗീകരിക്കാത്തവര്‍ ജൂതരുടെ പാത തെരഞ്ഞെടുത്തവരാണെന്ന് പ്രഖ്യാപനം നടത്തിയതായി തെളിയിക്കാന്‍ കഴിയില്ല.
1956ലെ നടക്കാവ് സംവാദത്തില്‍ ഈ ഉദ്ധരണി വായിച്ചു ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ ചോദിച്ചു: ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കാത്തവര്‍ യഹൂദികളുടെ നിലപാട് സ്വീകരിച്ചവരാണ് എന്നല്ലേ ഈ പറഞ്ഞതിന്റെ അര്‍ത്ഥം? അപ്പോള്‍ നിങ്ങളുടെ ദൃഷ്ടിയില്‍ ഞങ്ങളെല്ലാം യഹൂദികളല്ലേ? പിന്നീടുള്ളസംഭവങ്ങള്‍ അബൂഇസ്ഹാഖ് ഇസ്മാഈല്‍ മൗലവി എഴുതുന്നു : കാര്യം കുടുങ്ങിയതുതന്നെയെന്ന് എനിക്കപ്പോള്‍ തോന്നി. ഇത്തരം ഒരു ആറ്റംബോംബ് ആ ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന കഥ അപ്പോള്‍ മാത്രമാണറിഞ്ഞത്. ഇത് എങ്ങനെ ന്യായീകരിക്കും? ഇതായിരുന്നു അപ്പോഴത്തെ ചിന്ത.
കെസി അബ്ദുല്ല മൗലവി ആ പുസ്തകം വാങ്ങി ഈ വരികള്‍ വായിച്ചു അല്‍പ്പം മയപ്പെടുത്തി അര്‍ത്ഥം പറഞ്ഞു. ഒടുവില്‍ ഒരു വിശദീകരണവും ജമാഅത്ത് വിഭാവനം ചെയ്യുന്ന ഒരു ഇസ്‌ലാമിക സാമൂഹ്യവ്യവസ്ഥിതി നിലവില്‍ വന്നശേഷം ആ വ്യവസ്ഥിതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നിലപാടാണെന്നേ പറഞ്ഞിട്ടുള്ളൂ' നിശ്ശബ്ദനായി ഈ വിശദീകരണം കേട്ടുകൊണ്ടിരുന്ന ഇ.കെ.അല്‍പ്പം ക്ഷോഭത്തോടെ ചോദിച്ചു: ശരി, ഞങ്ങളിപ്പോള്‍ യഹൂദികളായിട്ടില്ല. ആകാന്‍ പോകുന്നേയുള്ളൂ. എത്ര കാലം പിടിക്കും? ' ഗൗരവഭാവത്തിലുള്ള ഇ.കെയുടെ ചോദ്യം കേട്ട് എല്ലാവരും ഞെട്ടി. സദസ്സ് ഇളകി മറിഞ്ഞു. ഇരിക്കുന്നവര്‍ എഴുന്നേറ്റു. എഴുന്നേറ്റവരെ ചിലര്‍ പിടിച്ചിരുത്തി. സംഘര്‍ഷഭരിതമായ അന്തീക്ഷം സംജാതമായപ്പോള്‍ സംഘാടകര്‍ സദസ്സ് പിരിച്ചുവിട്ടു. അതു കേള്‍ക്കേണ്ട താമസം ഞങ്ങള്‍ വാഹനങ്ങളില്‍ കയറി തടി സലാമത്താക്കി. (ശംസുല്‍ ഉലമ സ്മരണിക നന്തി. പേ. 203).
സ്വഹാബി വിമര്‍ശനം
എന്റെ സഹാബികള്‍ നക്ഷത്രങ്ങളെപ്പോലെയാണ്. അവരില്‍ ആരോട് തുടര്‍ന്നാലും നിങ്ങല്‍ സന്മാര്‍ഗ്ഗത്തിലായെന്ന് നബി(സ) പ്രഖ്യാപിച്ച സഹാബികളെപ്പറ്റി മൗദൂദി നടത്തിയ വിമര്‍ശനങ്ങള്‍ മാന്യതയുടേയും സദാചാരത്തിന്റേയും സീമകള്‍ അതിലംഘിക്കുന്നതായിരുന്നു. ചില ഉദ്ദരണികളാണ് ചുവടെ.
അധികസമയങ്ങളിലും സഹാബികള്‍പോലും മനുഷ്യ ദൗര്‍ബല്യങ്ങള്‍ക്കടിമപ്പെടുന്നു. (തഫിഹീമാത്ത് 1/294) ഇസ്‌ലാമിന്റെ ആദ്യകാല യുദ്ധങ്ങളില്‍ ദൈവമാര്‍ഗ്ഗത്തിലുള്ള യുദ്ധത്തിന്റെ യഥാര്‍ത്ഥ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്നതില്‍ സാഹാബികള്‍ പലപ്രാവശ്യം പിഴച്ചുപോയിട്ടുണ്ട്. (തര്‍ജുമാന്‍, ലക്കം 12 പു.4) പലിശ ഇടപാട്കാരണം അവര്‍ (സഹാബികള്‍) രണ്ടുതരം രോഗങ്ങള്‍ക്കടിമപ്പെട്ടവരായിരുന്നു. അത്യാര്‍ത്തി, പിശുക്ക്, സ്വാര്‍ത്ഥത, അസൂയ, വിദ്വേഷം എന്നിവയാണവ. ഉഹ്ദ് യുദ്ധപരാജയത്തില്‍ ഇവരണ്ടിനും പങ്കുണ്ട്. (തഫ്ഹീമുല്‍ ഖുര്‍ആന്‍).
മൗദൂദിയുടെ സ്വാഹാബി വിമര്‍ശനത്തെപ്പറ്റി ലഖ്‌നോ നദ്‌വയിലെ മുന്‍ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് ഇസ്ഹാഖ് നദ്‌വി എഴുതി: ഇദ്ദേഹം മുസ്‌ലിമാണ്. പക്ഷേ അഹ്‌ലുസ്സുന്നത്തി വല്‍ ജമാ അത്തില്‍നിന്ന് പുറത്താണ്. വികൃതവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ രൂപത്തില്‍ സ്വാഹാബികളെ അവതരിപ്പിച്ച ഒരാള്‍ സുന്നിയാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? മൗദൂദി ശിയാ ആശയക്കാരനും പിഴച്ചവനുമായ മുസ്‌ലിമാണ്.
തഫ്‌സീര്‍
ഖുര്‍ ആനിന് ഏതെങ്കിലും തഫ്‌സീറിന്റെ ആവശ്യമില്ല. ഉന്നത ബിരുദമുള്ള ഒരു പ്രൊഫസര്‍ മതി. ഖുര്‍ആനിനെ ആഴത്തില്‍ പഠിച്ച, പുതിയ രീതിയില്‍ ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും യോഗ്യതയുള്ള ഒരു വ്യക്തിക്ക് പ്രഭാഷണങ്ങളിലൂടെ ഇന്റര്‍ മീഡിയറ്റ് വിദ്യാര്‍ത്ഥികളില്‍ ഖുര്‍ആന്‍ മനസ്സിലാക്കാനുള്ള അത്യാവശ്യസജ്ജീകരണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. (തന്‍ഖീഹാത്ത് പേ.212).
മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന നിലപാട് അത്യധികം ആപല്‍ക്കരമാണ്. ശൈഖുല്‍ ഹദീസ് സക്കരിയല്‍ കാന്ധലവി എഴുതുന്നു 'എന്റെ അഭിപ്രായത്തില്‍ മൗദൂദി സാഹിത്യങ്ങളിലെ ഏറ്റവും അപകടകരമായ കാര്യം ബുദ്ധിക്കനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കാമെന്ന വാദമാണ്.' മൗദൂദിയുടെ പത്തൊമ്പത് പിഴച്ച വാദങ്ങള്‍ വിശദീകരിച്ചു പ്രമുഖ സ്വാതന്ത്ര്യ സമര നായകനും ദയൂബന്ദ് ദാറുല്‍ ഉലൂമിന്റെ മുന്‍ പ്രിന്‍സിപ്പലും ജം ഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ മുഖ്യസാരഥിയുമായ ശൈഖ് ഹുസൈന്‍ അഹ്‌മദ് മദനി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ അബുല്ലൈസ് നദ്‌വിക്കെഴുതിയ കത്തില്‍ ഒന്നാമതായി എഴുതിയത് ഖുര്‍ആന്‍ വ്യാഖ്യാന നയത്തെ എതിര്‍ത്തുകൊണ്ടാണ്.
ഹദീസും അഭിരുചിയും
അഭിരുചിക്കനുസരിച്ച് ഹദീസിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ കഴിയുമെന്നാണ് മൗദൂദിയുടെ നിഗമനം. അദ്ദേഹംതന്നെ പറയട്ടെ. 'ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠിക്കുന്ന വ്യക്തിക്ക് പ്രവാചകരുടെ പ്രകൃതി മനസ്സിലാക്കാന്‍ കഴിയും. ഇതുമൂലം ഇന്ന കാര്യം പ്രവാചകരുടെ പ്രവര്‍ത്തിയാണെന്നോ, വചനമാേെന്നാ അവന് തിരിച്ചറിയാന്‍ പ്രയാസമില്ല. നിവേദന പരമ്പര അധികപ്പോഴും അവന് ആവശ്യമില്ല. ഈ അഭിരുചിക്കനുസരിച്ച് ദുര്‍ബലവും പരമ്പര മുറിഞ്ഞതുമായ ഹദീസുകളെ സ്വീകരിക്കാനും നല്ലതായി ഗണിക്കപ്പെടുന്ന ചില നബി വചനങ്ങളെ തള്ളാനും അവന് സാധിക്കും.(തഫ്ഹീമാത്ത് പേ.297)
ഫിഖ്ഹ് മുഹദ്ദിസുകളുടെ അടിസ്ഥാന വിഷയമായിരുന്നില്ല. കര്‍മ്മശാസ്ത്രവീക്ഷണകോണിലൂടെ ഹദീസുകളെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തുന്നതിനു മുജ്തഹിദുകളായ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരെ അപേക്ഷിച്ചു ഹദീസ് പണ്ഡിതന്മാര്‍ ദുര്‍ബലരായിരുന്നു. അവരുടെ പരിപൂര്‍ണത സമ്മതിച്ചുകൊണ്ട് തന്നെ നാമൊരു കാര്യം അംഗീകരിക്കേണ്ടിവരും. ഹദീസുകളെപ്പറ്റി അവര്‍ നടത്തിയ അന്വേഷണങ്ങളില്‍ രണ്ടുതരം ദൗര്‍ബല്യങ്ങളുണ്ട്. നിവേദനം, കര്‍മ്മശാസ്ത്രം എന്നിവ സംബന്ധിച്ച ബലഹീനതകളാണവ. (തഫ്ഹീമാത്ത്. പേ. 292).
മദ്ഹബ് വിരോധം
മദ്ഹബിന്റെ ഇമാമുമാരെ തഖ്‌ലീദ് ചെയ്യല്‍ പാപത്തേക്കാള്‍ വലിയ എന്തോ ആണെന്നാണ് മൗദൂദിയുടെ അഭിപ്രായം. അദ്ദേഹം എഴുതുന്നു 'അഹ്‌ലെ ഹദീസുകാരടെ മാര്‍ഗ്ഗം പൂര്‍ണമായും ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. ഹൗഫി-ശാഫി മദ്ഹബുകളെ അനുകരിക്കുന്നവനുമല്ല ഞാന്‍. ഫിഖ്ഹിലും ഇല്‍ മുല്‍ കലാമിലും എനിക്ക് സ്വന്തമായൊരു സരണിയുണ്ട്. സ്വന്തം പഠന ഗവേഷണങ്ങളുടെ ഫലമായി ഞാന്‍ സ്വീകരിച്ചതാണത്.'(ഉദ്ധരണം : ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം. പേ.45)
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ തടസ്സമായി മദ്ഹബിനെ മൗദൂദി വിലയിരുത്തിയിട്ടുണ്ട്. മൗദൂദിയില്‍ നിന്ന് ഊര്‍ജ്ജം ആവാഹിച്ച ജമാഅത്തെ ഇസ്‌ലാമി മതവിധികള്‍ കണ്ടെത്താനുള്ള അധികാരം എല്ലാ മെമ്പര്‍മാര്‍ക്കും പതിച്ചു നല്‍കിയിട്ടുണ്ട്. പ്രബോധനം വാരികയുടെ ഈ വരികള്‍ ശ്രദ്ധിക്കു : ഫിഖ്ഹിന്റെ പരാമര്‍ശം മൗദൂദിയുടെ സ്വന്തം കണ്ടുപിടുത്തത്തില്‍ ഒതുങ്ങുന്നില്ല. ജമാഅത്തു മെമ്പര്‍മാര്‍ക്കെല്ലാം കണ്ടുപിടുത്തത്തിനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് അവരുടെ ലക്ഷ്യമെന്നുകൂടി അവര്‍ വ്യക്തമാക്കിയതായി കാണാം. മദ്ഹബ് ഒഴിവാക്കി ഖുര്‍ആന്‍, സുന്നത്ത് ആധാരമാക്കാന്‍ എല്ലാവരേയും പാകപ്പെടുത്തലാണ് ജമാഅത്തിന്റെ ഉദ്ദേശ്യം.(പ്രബോധനം വാരിക, 7 - 38)
ദീനീ വിധിവിലക്കുകളില്‍ സ്വന്തമായി ഇജ്തിഹാദുചെയ്ത പുതിയൊരു മദ്ഹബ് സ്ഥാപിക്കാന്‍ മൗദൂദി നടത്തിയ വിഫലശ്രമം അദ്ദേഹത്തിന് പറ്റിയ വലിയൊരു അബദ്ധമായിരുന്നു. പാക്കിസ്ഥാനിലെ ചീഫ് മുഫ്തി മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് എഴുതുന്നു: 'ഈ വിനീതന്റെ അഭിപ്രായത്തില്‍ മൗദൂദി സാഹിബിന് പറ്റിയ വലിയ അബദ്ധം അദ്ദേഹം മതകാര്യങ്ങളില്‍ ഇജ്തിഹാദിന്ന് മുതിര്‍ന്നതാണ്. എന്റെ വീക്ഷണത്തില്‍ ഇത്ജിഹാദിനുള്ള യോഗ്യത അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ കൃതികളില്‍ പണ്ഡിതന്മാര്‍ക്കെതിരായ പല അഭിപ്രായങ്ങളും തെറ്റുകളുമുണ്ട്. അദ്ദേഹം സ്വഹാബികളെയും പൂര്‍വിക പണ്ഡിതന്മാരെയും വിമര്‍ശിക്കുന്നു. ഇത് ഏറ്റവും വലിയ അബദ്ധമാണ്. മൗദൂദി സാഹിത്യങ്ങള്‍ വായിക്കുന്നതിലൂടെ പൂര്‍വിക മഹത്തുക്കളെ അവലംബിക്കേണ്ടതില്ലെന്ന തെറ്റായ ധാരണ വായനക്കാരുടെ മനസ്സിലുദിക്കും. നമ്മുടെ വീക്ഷണപ്രകാരം ദീന്‍ സംരക്ഷിക്കുന്നതിന്റെ പ്രധാന ഘടകമാണ് പൂര്‍വിക മഹത്തുക്കളെ അവലംബിക്കല്‍. പൂര്‍വികരുടെ പാതമാറി സഞ്ചരിച്ചാല്‍ നാം ദുര്‍മാര്‍ഗ്ഗത്തിലകപ്പെടും. നമ്മള്‍ക്ക് എത്ര ആത്മാര്‍ത്ഥതയുണ്ടെങ്കിലും.
An analytical exploration of Maududi’s reinterpretation of Islamic concepts, his political reading of faith, and the controversies it sparked within Jamaat-e-Islami. The article highlights contradictions between traditional Islamic scholarship and modern ideological interpretations of religion and politics.
( 85-ാം വാർഷിക സുവനീർ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."