പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?
2020 സപ്തംബർ 22നാണ് പാർലമെന്റിൽ പുതിയ ലേബർ കോഡ് ബില്ല് നടപ്പിൽ വരുത്തുന്നത്. നിലനിന്നിരുന്ന 29 തൊഴിൽ നിയമങ്ങളെ പുതിയ 4 തൊഴിൽ നിയമങ്ങളിലേക്ക് ചുരുക്കകയായിരുന്നു കേന്ദ്ര സർക്കാർ. 1923 മുതൽ 1976 കാലങ്ങൾക്കിടയിൽ നടപ്പിലായ ഈ 29 നിയമങ്ങളിൽ പലതും കാലഹരണപ്പെട്ടുവെന്നും, 1969ലെ ഗജേന്ദ്രഗഡ്കർ കമ്മീഷനും, 2002ലെ രവീന്ദ്ര വർമ്മ കമ്മീഷനും മുന്നോട്ട് വെച്ച കാര്യങ്ങളെ മുൻനിർത്തി തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട് എന്നുമായിരുന്നു പുതിയ ലേബർ കോഡ് നടപ്പിലാക്കുന്നതിന് കേന്ദ്രത്തിന്റെ വാദം. അഞ്ച് വർഷങ്ങൾക്കിപ്പുറം നവംബർ 21ന് പാർല്യമെന്റ് പാസ്സാക്കിയ ബില്ല് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പ്രതിപക്ഷത്തെ പുറത്ത് നിർത്തി പാസ്സാക്കിയ ബില്ല്
സപ്തംബർ 22, 2020ൽ പാർല്യമെന്റിൽ ഈ ബില്ല് ചർച്ചയ്‌ക്കെടുത്ത സമയം വലിയ പ്രതിപക്ഷ ബഹളമായിരുന്നു. തൊഴിലാളി വിരുദ്ധമാണ് ബില്ലെന്ന് ആരോപിച്ച് കൊണ്ട് പ്രതിപക്ഷ പാർട്ടികൾ മുഴുവനും ബില്ലിനെതിരെ പ്രതിഷേധിച്ചു. മാത്രമല്ല, രാജ്യ സഭയിൽ ബില്ലിനെതിരെ പ്രതിഷേധിച്ചതിന് 8 പ്രതിപക്ഷ എം പിമാരെ സഭയിൽ നിന്ന് പുറത്താക്കിയെതിനെതിരെയും ലോക് സഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തി. പ്രതിപക്ഷ പ്രതിഷേധത്തെ മുഖവിലക്കെടുക്കാതെയും , പ്രതിപക്ഷവുമായി ചർച്ചക്ക് തയ്യാറാവതെയും 3 മണിക്കൂറിനുളിൽ പാർല്യമെന്റിൽ കേന്ദ്ര സർക്കാർ ബില്ല് പാസ്സാക്കി.
എന്തൊക്കെയാണ് പുതിയ നാല് ലേബർ കോഡുകൾ
1923 മുതൽ 1976 വരെയുള്ള കാലങ്ങളിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള 29 തൊഴിൽ നിയമങ്ങളാണ് കേന്ദ്ര സർക്കാർ 4 എണ്ണത്തിലേക്ക് ചുരുക്കി പുതിയ ലേബർ കോഡ് നടപ്പിലാക്കിയിരിക്കുന്നത്. ഏതൊക്കെയാണ് ആ നാല് ലേബർ കോഡുകൾ എന്ന് പരിശോധിക്കാം:
1) കോഡ് ഓൺ വേജസ് (2019):
എല്ലാ മേഖലയിലെ തൊഴിലാളികൾക്കും, വ്യവസ്ഥാപിതമായി സ്ഥാപനങ്ങളിലോ അതല്ലാത്ത സ്വഭാവത്തിലോ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് അടിസ്ഥാന വേതനം നൽകും. ഈ വേതനം കേന്ദ്ര സർക്കാർ നിശ്ചയിക്കും. ഒപ്പം ഏത് തരം ജോലിക്കും അപ്പോയ്ന്റ്മെന്റ് ലെറ്റർ നിർബന്ധമാക്കിയിട്ടുണ്ട്. പുരുഷനും സ്ത്രീക്കും ഒരേ വേതനം നൽകുവാനും ഈ കോഡിലൂടെ ഉത്തരവായിട്ടുണ്ട്.
2) ഇന്റസ്ട്രിയൽ റിലേഷൻസ് കോഡ് (2020):
തൊഴിലുടമയും, തൊഴിലാളിയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നതാണ് ഈ കോഡ്. തൊഴിലാളി സംഘടനകളും, പ്രതിപക്ഷവും ഏറെ വിമർശനം ഉന്നയിച്ച പലതും ഈ കോഡിലാണ് അടങ്ങിയിട്ടുള്ളത്.
ഈ പുതിയ കോഡിലൂടെ ഒരു തൊഴിലുടമയ്ക്ക് 300 തൊഴിലാളികളെ വരെ സർക്കാരിന്റെ അനുവാദമൊന്നുമില്ലാതെ തന്നെ കമ്പനിയിൽ നിന്ന് വേണമെങ്കിൽ പിരിച്ചു വിടാൻ സാധിക്കും.
തൊഴിലാളികൾക്ക് കമ്പനിക്ക് എതിരെ സമരം ചെയ്യണമെങ്കിൽ 14 ദിവസം മുന്നേ സമര കാരണം കാണിച്ച് തൊഴിലാളികൾ കമ്പനിയിലെ വേണ്ടപ്പെട്ടവർക്ക് നോട്ടീസ് നൽകണം. അങ്ങനെ ചെയ്യാത്ത പക്ഷം തൊഴിലാളികളെ കമ്പനിയിൽ നിന്ന് പുറത്താക്കുന്നതിൽ കമ്പനിക്ക് ഒരു തടസ്സവുമില്ല.
3)കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി (2020):
ഈ കോഡിലൂടെ താത്കാലിക ജീവനക്കാർക്കും, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും പി എഫ്, ഗ്രാച്വറ്റി, ഹെൽത്ത് ഇൻഷുറൻസ് തുടങ്ങി പലതും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഗ്രാച്വറ്റിയുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായി ചുരുക്കിയിട്ടുണ്ട്.
4)ഒക്കിപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ്ങ് കണ്ടീഷൻസ് കോഡ് (2020):
തൊഴിൽ ചെയ്യേണ്ടുന്ന സമയം, തൊഴിലിടത്തെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ കോഡ്. സ്ത്രീകൾക്ക് രാത്രിയിൽ തൊഴിൽ എടുക്കാനുള്ള സൗകര്യങ്ങളും, സുരക്ഷയും തൊഴിലിടത്ത് ഉണ്ടാവേണ്ടുന്നതിനെ കുറിച്ച് ഈ കോഡ് ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. മാത്രമല്ല, നാല്പത് വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് വർഷത്തിൽ ഒരിക്കൽ സൗജന്യ മെഡിക്കൽ ചെക്ക് അപ്പും ഈ കോഡ് ഉറപ്പ് നൽകുന്നു.
എന്ത് കൊണ്ട് ഈ നാല് കോഡുകൾ വിമർശിക്കപ്പെടുന്നു?
ഈ നാല് ലേബർ കോഡുകൾക്ക് എതിരെ പ്രതിപക്ഷവും, തൊഴിലാളി സംഘടനകളും എന്തിന് സമരം ചെയ്യുന്നു, ഇതിലൊക്കെയും നന്മ മാത്രമല്ലേ ഉള്ളൂ എന്നൊരുപക്ഷ സാധാരണ ജനങ്ങൾ ചിന്തിക്കുന്നുണ്ടാവാം. എന്നാൽ വംശീയ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി രാജ്യം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടം ഏത് പുതിയ നിയമം നടപ്പിലാക്കുമ്പോഴും അതിൽ വിവേചനപരമായ സംഗതികൾ ഉൾക്കൊള്ളുക എന്നത് സ്വാഭാവികമാണ്. ചരിത്രത്തിൽ ഹിറ്റ്ലറും, മുസ്സോളിനിയും ഇത് പോലെ നടപ്പിലാക്കിയ തൊഴിൽ ഭേദഗതികൾ പിന്നീട് ആർക്കാണ് ഉപകാരപ്പെട്ടത് എന്നത് ചരിത്രത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളൂ. വംശീയ ഭരണകൂടങ്ങൾ ഏത് പുതിയ നിയമവും നന്മയിൽ പൊതിഞ്ഞാണ് അവതരിപ്പിക്കുക. ഇന്ത്യയിൽ സംഘപരിവാർ കൊണ്ട് വന്നിട്ടുള്ള വിവേചനപരമായ എല്ലാ നിയമങ്ങൾക്ക് പിന്നിലും ഇത്തരത്തിൽ പൊതു ബോധത്തെ തൃപ്തിപ്പെടുത്തുന്ന ന്യായീകരണം അവർ വിശദീകരണമായി നൽകിയിട്ടുണ്ട്. സി എ എക്ക് പിന്നിൽ നുഴഞ്ഞു കയറ്റം തടയുക, വഖ്‌ഫിന് പിന്നിൽ ഭൂമി കയ്യേറ്റം തടയുക, എസ് ഐ ആറിന് പിന്നിൽ കള്ള വോട്ടുകൾ ഒഴിവാക്കുക തുടങ്ങി എല്ലാ നിയമത്തിന് പിന്നിലും സംഘപരിവാർ ഭരണകൂടം 'മാന്യമായ' ഒരു കാരണം ബോധിപ്പിച്ചിട്ടുണ്ടായിരുന്നു. സൂക്ഷ്മമായ വിശകലനങ്ങളിലൂടെയോ, നിയമം നടപ്പിലാക്കപ്പെട്ടതിന് ശേഷമോ ആണ് നിയമത്തിന് പിന്നിലെ വിവേചന യുക്തി പൊതു ജനങ്ങൾ തിരിച്ചറിഞ്ഞത്. അത് പോലെ ഒറ്റ നോട്ടത്തിൽ മികച്ചത് എന്ന് തോന്നുന്ന ഈ നാല് ലേബർ കോഡുകളിലും അപകടകരമായ പലതും ഒളിഞ്ഞിരിപ്പുണ്ട്.
സംഘപരിവാറിന്റെ തന്നെ തൊഴിലാളി സംഘടനയായ ബി എം എസ് പോലും വിയോജിപ്പ് അറിയിച്ച ഘടകങ്ങൾ ഈ ലേബർ കോഡിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതിൽ പൂർണ്ണാധികാരം തൊഴിലുടമയ്ക്ക് നൽകുന്നത്. സർക്കാരിനെയോ, സംവിധാനങ്ങളെയോ അറിയിക്കാതെ തന്നെ തൊഴിലാളികളെ പിരിച്ചു വിടാൻ ഇനി എല്ലാ വിധ അധികാരവും തെഴിലുടമയ്ക്ക് ഉണ്ട്. ഈ നിയമം നിലവിലുള്ളത് കൊണ്ട് കോടതിയെ സമീപിക്കുക എന്നത് പോലും തൊഴിലാളികൾക്ക് സാധ്യമായി കൊള്ളണമെന്നില്ല.
അത് പോലെ തന്നെ സമരം ചെയ്യാൻ പതിനാൽ ദിവസം മുമ്പ് തൊഴിലുടമയ്ക്ക് നോട്ടീസ് നൽകണമെന്ന് ഉത്തരവ്. ഇതിലൂടെ തൊഴിലാളി സമരങ്ങളെ അടിച്ചമർത്താൻ തൊഴിലുടമകൾക്ക് എളുപ്പത്തിൽ സാധിക്കുന്നു. നോട്ടീസ് നൽകാതെ സമരം ചെയ്‌താൽ അവർക്കെതിരെ നടപടിയെടുക്കാനുള്ള പൂർണ്ണ അവകാശം തൊഴിലുടമയ്ക്ക് നൽകുകയും ചെയ്യുന്നു. പെട്ടെന്നുള്ള സമരങ്ങളെയും, തൊഴിലാളികളുടെ ആവശ്യങ്ങളെയും ഇത് അടിച്ചമർത്തുമെന്നത് തീർച്ച.
താത്കാലിക/കരാർ ജീവനക്കാർക്ക് സ്ഥിരം നിയമനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും തത്വത്തിൽ അവരെ താത്കാലിക ജീവനക്കാരായി മാത്രം നിലനിർത്താൻ സാധിക്കുന്നു. ആനുകൂല്യങ്ങൾക്കപ്പുറത്ത് ഇത്തരത്തിലുള്ള തൊഴിലാളികളുടെ തൊഴിലുകൾ സംരക്ഷിച്ചു നിർത്തുന്നതിലുള്ള യാതൊരു പദ്ധതിയും ഈ ലേബർ കോഡുകളിൽ ഇല്ല.
ഒറ്റ നോട്ടത്തിൽ വൻകിട മുതലാളികൾക്ക് ആശ്വാസമേകുന്ന നിയമങ്ങളാണ് ഈ പദ്ധതികളിൽ അടങ്ങിയിട്ടുള്ളത്. ആ ഒരു അർത്ഥത്തിൽ രാജ്യത്തിലേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിച്ച് ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യൻ കറൻസിയുടെ വിനിമയ നിരയ്ക്ക് രാജ്യത്തിന് പിടിച്ചു നിർത്താൻ സാധിക്കുമോ എന്ന് ചോദിച്ചാൽ, ഈ അടുത്ത കാലത്തെ കണക്ക് പോലും സൂചിപ്പിക്കുന്നത് നിക്ഷേപകർ ഇന്ത്യ ഉപേക്ഷിക്കുന്നു എന്നാണ്. അഥവാ, മുതലാളിത്ത നയങ്ങൾ നിരന്തരം നടപ്പിലാക്കിയിട്ടും നിക്ഷേപകർ ഇന്ത്യയിൽ നിന്ന് അകന്ന് കൊണ്ടിരിക്കുന്നു എന്നത് മറ്റൊരു വൈരുദ്ധ്യം. സംഘപരിവാർ ഭരണകൂടത്തിന് താത്പ്പര്യമുള്ള മുതലാളിമാരെ മാത്രം ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങളിൽ ബാക്കി മുതലാളിമാർക്ക് പോലും ലാഭം കൊയ്യാൻ പറ്റുന്നില്ല എന്നതിലേക്കാണ് ഈ വൈരുദ്ധ്യം വിരൽ ചൂണ്ടുന്നത്.
കേന്ദ്ര നിയമം നടപ്പിലാക്കുന്നതിന് മുന്നേ ലേബർ കോഡിനായി കരട് തയ്യാറാക്കി കേരളം:
കേരളം ഭരിക്കുന്ന സി പി എം സ്വയം അവകാശപ്പെടുന്നത് തങ്ങൾ തൊഴിലാളി വർഗ്ഗ പാർട്ടിയും, സംഘപരിവാർ വിരുദ്ധരുമാണെന്നാണ്. എന്നാൽ, പ്രതിപക്ഷത്തെ പുറത്ത് നിർത്തി 2020 സപ്തംബറിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ ലേബർ കോഡ് ഔദ്യോഗികമായി നടപ്പിലാക്കാൻ തീരുമാനിക്കപ്പെടുന്നതിന് മുന്നേ തന്നെ, കൃത്യമായി പറഞ്ഞാൽ 2021 ഡിസംബർ 14ന് സംസ്ഥാന സർക്കാർ കരട് ചട്ടം രൂപീകരിച്ചിരുന്നുവത്രെ. ഇപ്പോഴും ലേബർ കോഡിനെ വലിയ വായിൽ വിമർശിച്ചു കൊണ്ടിരിക്കുന്ന സി പി എമ്മിനോട് ഇതിനുള്ള വിശദീകരണം ചോദിച്ചപ്പോൾ സംസ്ഥാനത്തെ തൊഴിൽ വകുപ്പ് മന്ത്രി ശിവൻ കുട്ടി നൽകിയ മറുപടി സർക്കാർ അറിയാതെ ഉദ്യോഗസ്ഥന്മാർ ചെയ്തതാണത്രെ അത്.
ഈ അടുത്ത കാലത്തായി സംസ്ഥാനത്തെ മന്ത്രിമാരരുടെ പരാമർശങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത് ഉദ്യോഗസ്ഥ വൃത്തങ്ങൾ സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് പുറത്ത് മറ്റാരുടെയോ നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് പണിയെടുക്കുന്നത് എന്നാണ്. സർക്കാരിന്റെ നയം നടപ്പിലാക്കേണ്ടുന്ന മന്ത്രി, തന്റെ വകുപ്പിന് കീഴിൽ വരുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥർ നയത്തിന് വിരുദ്ധമായി തീരുമാനങ്ങൾ സ്വീകരിക്കുമ്പോൾ മന്ത്രിക്ക് അത് തടയാൻ പറ്റാത്തത് എന്ത് കൊണ്ട്? ഇനി മന്ത്രിയറിയാതെ ഉദ്യഗസ്ഥർക്ക് കരട് തയ്യാറാക്കാൻ സാധിക്കുമോ?
പ്രതിഷേധങ്ങളെ വക വെക്കാതെ കേന്ദ്ര സർക്കാർ ലേബർ കോഡും നടപ്പിൽ വരുത്തിയിരിക്കുന്നു. പി എം ശ്രീയുടെ കാര്യത്തിലേത് പോലെ സി പി എം തത്വത്തിൽ ലേബർ കോഡിന് എതിരാണെങ്കിലും പ്രായോഗിതയിൽ വരുത്താൻ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മുന്നേ തന്നെ തയ്യാറെടുത്തു കഴിഞ്ഞു. നിരന്തരമായ ജനകീയ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കി വിവേചനപരമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാർ ഇനിയും എത്ര ജന വിരുദ്ധ നിയമങ്ങൾ കൊണ്ട് വരുമെന്നതും, സംസ്ഥാന സർക്കാർ എത്രയെണ്ണത്തിനെ സ്വീകരിച്ചിരുത്തും എന്നതും കണ്ടറിയണം.
this article explores concerns over whether the newly introduced labor law may negatively impact workers and examines key issues raised in public discussions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."